കൊറോണയെ നേരിടാന്‍ ബ്രിട്ടീഷ് ഭരണകാലത്തെ നിയമം നടപ്പാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: കോവിഡ് 19 വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ രോഗബാധയെ തടയാന്‍ 1897ലെ ബ്രിട്ടീഷ് പകര്‍ച്ചവ്യാധി തടയല്‍ നിയമം നടപ്പിലാക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ക്യാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബയുടെ അധ്യക്ഷതയില്‍ ബുധനാഴ്ച ചേര്‍ന്ന യോഗമാണ് ഇതുസംബന്ധിച്ച തീരുമാനം കൈകൊണ്ടത്. കരസേന ഉദ്യോഗസ്ഥരും ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസിലെ പ്രതിനിധികളും മന്ത്രിമാരും യോഗത്തില്‍ പങ്കെടുത്തു.

സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് 1897ലെ പകര്‍ച്ച വ്യാധി ആക്ടിലെ സെക്ഷന്‍ 2 ലെ വ്യവസ്ഥകള്‍ നടപ്പിലാക്കണമെന്ന് യോഗത്തിന് ശേഷം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഈ ആക്ട് അനുസരിച്ച് പകര്‍ച്ചവ്യാധികള്‍ തടയുന്നതിന് പ്രത്യേക നിയന്ത്രണങ്ങളേര്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അധികാരം ഉണ്ടായിരിക്കും.

ഗുരുതരമായ പകര്‍ച്ചവ്യാധികള്‍ തടയുന്നതിനുള്ള മികച്ച പ്രതിരോധമാര്‍ഗങ്ങളാണ് പകര്‍ച്ചവ്യാധി ആക്ടില്‍ നിര്‍ദ്ദേശിക്കുന്നത്.

ബ്രിട്ടീഷ് കാലത്ത് 1800കളില്‍ പടര്‍ന്നു പിടിച്ച പ്ലേഗ് രോഗത്തെ പ്രതിരോധിക്കാനായി തയ്യാറാക്കിയതാണ് നിയമം. ഈ നിയമനം അനുസരിച്ച് പകര്‍ച്ച വ്യാധിയെ പ്രതിരോധിക്കാനായി സര്‍ക്കാര്‍ കൊണ്ടുവരുന്ന നിയന്ത്രണങ്ങള്‍ ലംഘിച്ചാല്‍ അതൊരു നിയമലംഘനമായി കണ്ട് അവരെ ഇന്ത്യന്‍ പീനല്‍ കോഡിന്റെ സെക്ഷന്‍ 188 പ്രകാരം ശിക്ഷിക്കാന്‍ അധികാരമുണ്ട്. നിയമത്തിന്റെ സെക്ഷന്‍ മൂന്നിലാണ് ഇക്കാര്യം പറയുന്നത്.

ഈ നിയമപ്രകാരം കൊറോണ വൈറസ് ഉണ്ടെന്ന് സംശയിക്കുന്ന രോഗികളുടെ സഞ്ചാരം നിയന്ത്രിക്കുന്നതിന് അധികാരമുണ്ട്. ഇന്ത്യയില്‍ കൊറോണ വൈറസ് വ്യാപകമാകുന്ന പശ്ചാത്തലത്തിലാണ് പകര്‍ച്ചവ്യാധി തടയല്‍ നിയമം നടപ്പിലാക്കാനൊരുങ്ങുന്നത്.

SHARE