കോവിഡ് 19; സഊദിയില്‍ 20ല്‍ 19 പേരും സുരക്ഷിതര്‍ ഇറാന്റെ ചെയ്തികള്‍ സുരക്ഷാ ഭീഷണിയെന്ന് സല്‍മാന്‍ രാജാവ്

റിയാദ്: ആഗോള തലത്തില്‍ കോവിഡ് 19 കൊറോണ വൈറസ് വ്യാപിക്കുന്നതിനിടെ വിലക്കേര്‍പ്പെടുത്തിയ സഊദി പൗരന്മാര്‍ക്ക് ഇറാനില്‍ സ്വകാര്യമായി പ്രവേശിക്കാനുള്ള അനുമതി നല്‍കിയ ഇറാന്റെ നിരുത്തരവാദിത്വപരമായ നടപടിയെ സഊദി മന്ത്രിസഭ യോഗം ശക്തമായ ഭാഷയില്‍ അപലപിച്ചു. ഇറാനില്‍ നിന്നെത്തിയവരിലാണ് സഊദിയില്‍ റിപ്പോര്‍ട് ചെയ്ത കോവിഡ് 19 കേസുകളിധികവും എന്നിരിക്കെ രാജ്യ സുരക്ഷക്ക് ഭീഷണിയാകുന്ന നിലപാടാണ് ഇറാന്‍ സ്വീകരിച്ചതെന്നും പുതിയ കൊറോണ വൈറസ് സഊദിയില്‍ വ്യാപിക്കുന്നതിന്റെ ഉത്തരവാദിത്വം ഇറാനുണ്ടെന്നും അധ്യക്ഷത വഹിച്ച സല്‍മാന്‍ രാജാവ് പറഞ്ഞു. ഇറാന്‍ സന്ദര്‍ശിക്കുന്നതിന് സഊദി പൗരന്മാര്‍ക്ക് മുന്‌പേ വിലക്കുണ്ടെങ്കിലും രാജ്യത്തിന്റെ മുന്നറിയിപ്പ് അവഗണിച്ച് ഇറാനിലെത്തുന്ന സഊദി പൗരന്മാരുടെ പാസ്‌പോര്‍ട്ടുകളില്‍ എന്‍ട്രി സ്റ്റാന്പും എക്‌സിറ്റ് സ്റ്റാന്പുംപതിക്കാത്തതിനാല്‍ സഊദിയിലേക്ക് തിരിച്ചെത്തുന്ന സ്വദേശികള്‍ ഇറാന്‍ സന്ദര്‍ശിച്ചിട്ടുണ്ടോ എന്ന് ഉറപ്പാക്കാനാവില്ല. രഹസ്യമായി ഇറാന്‍ സന്ദര്‍ശിക്കുന്ന സഊദി പൗരന്മാരുടെ വിവരങ്ങള്‍ ഇറാന്‍ മൂടിവെക്കുന്നതും നിയമ വിരുദ്ധമായി ഇറാന്‍ സന്ദര്‍ശിക്കുന്നതിന് തങ്ങളുടെ പൗരന്മാരെ അനുവദിക്കുന്നതും സഊദിയില്‍ മാത്രമല്ല, ലോകത്തെങ്ങും പൊതുജന സുരക്ഷക്ക് ഭീഷണിയാണെന്ന് മന്ത്രിസഭാ യോഗത്തില്‍ സല്‍മാന്‍ രാജാവ് ചൂണ്ടിക്കാട്ടി.

ഇതുവരെ സഊദി അറേബ്യയില്‍ കോവിഡ് 19 ബാധിച്ച ഇരുപത് പേരില്‍ പത്തൊന്‍പത് പേരും സുരക്ഷിതരാണെന്ന് മന്ത്രിസഭാ യോഗം വെളിപ്പെടുത്തി . റിയാദില്‍ വൈറസ് ബാധ കണ്ടെത്തിയ യു എസ് പൗരന്റെ സ്ഥിതി അല്പം ഗുരുതരമാണ്. ഇതുവരെ 468 പേര്‍ ഐസൊലേഷന്‍ വാര്‍ഡിലുണ്ട്. 2032 പേര്‍ വീടുകളില്‍ പ്രത്യേക നിരീക്ഷണത്തിലാണ്. രാജ്യത്തെ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിവിധ ഡിപ്പാര്‍ട്‌മെന്റുകളുമായി സംയോജിപ്പിച്ചു ശക്തമായ രീതിയില്‍ പുരോഗമിക്കുന്നുണ്ടെന്നും രാജ്യത്തെ പൗരന്മാരുടെയും വിദേശികളുടെയും ആരോഗ്യ സുരക്ഷാ സഊദി ഭരണകൂടത്തിന്റെ ഉത്തരവാദിത്വമാണെന്നും മന്ത്രിസഭാ യോഗം വിലയിരുത്തി. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിന്റെ ഭാഗമായി ഭരണകൂടം ഒരുക്കുന്ന സംവിധാനങ്ങളോട് സഹകരിക്കുന്ന പൊതുസമൂഹത്തെ സല്‍മാന്‍ രാജാവ് അഭിനന്ദിച്ചു. ഖത്തീഫ് പ്രവിശ്യയില്‍ അണുബാധ പകരുന്നത് തടയാന്‍ സ്വീകരിച്ച പ്രതിരോധ നടപടികള്‍ തൃപ്തികരമാണ്.
കൃത്യമായ ഇടപെടലുകളിലൂടെയും സമയബന്ധിതമായി നിര്‍ദേശങ്ങള്‍ നല്‍കി കോവിഡ് 19 വ്യാപനം തടയാന്‍ സഊദി ആരോഗ്യമന്ത്രാലയവുമായി ആവശ്യമായ നടപടികള്‍ക്ക് കൈകോര്‍ത്ത ലോകാരോഗ്യസംഘടനയുടെ നീക്കങ്ങളെ പ്രത്യേകം പ്രശംസിച്ചു. ലോകത്ത് പടര്‍ന്നു പിടിക്കുന്ന കൊറോണയെ പ്രതിരോധിക്കാനുള്ള സംയുക്ത നീക്കങ്ങള്‍ക്ക് ശക്തി പകരാന്‍ സഊദി പത്ത് മില്യണ്‍ യു എസ് ഡോളര്‍ നല്‍കും. വൈറസ് ബാധയുടെ പ്രത്യാഘാതങ്ങളെ നേരിടാന്‍ വികസ്വര രാജ്യങ്ങളെ സഹായിക്കുന്നതിന് അന്താരാഷ്ട്ര സമൂഹവുമായി കൈകോര്‍ക്കാന്‍ ജി 20 രാജ്യങ്ങളുമായി ചര്‍ച്ച നടത്തും. ജി 20 രാജ്യങ്ങളുടെ അധ്യക്ഷ പദവി വഹിക്കുന്ന രാജ്യമെന്ന നിലക്ക് ഈ രാജ്യങ്ങളിലെ ധനമന്ത്രിമാരുമായി ചര്‍ച്ചകള്‍ നടന്നു വരുന്നതായി സഊദി വാണിജ്യകാര്യ മന്ത്രിഡോ. മജിദ് ബിന്‍ അബ്ദുല്ല അല്‍ ഖസാബി പറഞ്ഞു . അന്താരാഷ്ട്ര നാണയനിധിയുടെയും ലോകബാങ്കിന്റെയും പ്രാഥമിക നീക്കങ്ങളെ മന്ത്രിസഭാ യോഗം പ്രശംസിച്ചു.