ഖത്തറില്‍ 58 പേര്‍ക്കുകൂടി കൊറോണ; എണ്ണം 320


ദോഹ: ഖത്തറില്‍ 58 പേര്‍ക്ക് കൂടി നോവല്‍ കൊറോണ വൈറസ്(കോവിഡ്19) കേസ് സ്ഥിരീകരിച്ചു. ഇതോടെ ഖത്തറില്‍ വൈറസ് ബാധിതരുടെ എണ്ണം 320 ആയി ഉയര്‍ന്നു. പുതിയതായി വൈറസ് സ്ഥിരീകരിച്ചവരില്‍ ഒട്ടുമിക്കവരും കഴിഞ്ഞ ദിവസങ്ങളില്‍ വൈറസ് സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരാണ്. യാത്രാ സംബന്ധമായും വളരെകുറച്ചുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
കഴിഞ്ഞ ഞായറാഴ്ച മൂന്നു പ്രവാസികളില്‍ കോവിഡ്19 സ്ഥിരീകരിച്ചിരുന്നു. അവരുമായി ഒരേ റസിഡന്‍ഷ്യല്‍ കോംപ്ലക്‌സില്‍ വാസസ്ഥലം പങ്കിട്ട 238 പ്രവാസികളില്‍ മാര്‍ച്ച് പതിനൊന്നിന് രോഗം കണ്ടെത്തി. പുതിയതായി സ്ഥിരീകരിക്കപ്പെട്ടവര്‍ പൂര്‍ണമായും ക്വാറന്റൈനിലാണ്. രോഗബാധിതരുമായി സമ്പര്‍ക്കം പുലര്‍ത്തിയ എല്ലാവരെയും പരിശോധിക്കുന്നുണ്ട്.
മാര്‍ച്ച് എട്ടിനാണ് മൂന്നു പ്രവാസികളില്‍ ആദ്യമായി കോവിഡ് 19 സ്ഥിരീകരിക്കുന്നത്.
തൊട്ടടുത്ത ദിവസം മൂന്നു പേരില്‍ കൂടി വൈറസ് ബാധ കണ്ടെത്തി. ഈ ആറുപേരുമായി സമ്പര്‍ക്കം പുലര്‍ത്തിയ ആറുപേരില്‍ പിന്നീട് കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു. നേരത്തെ ഇറാനില്‍ നിന്നും പ്രത്യേക വിമാനത്തില്‍ ഖത്തറിലെത്തിച്ച ഖത്തരി സ്വദേശികള്‍ ഉള്‍പ്പടെ പന്ത്രണ്ട് പേരിലും കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു.
ഇതുവരെയും വൈറസ് മൂലം മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇറാനില്‍ നിന്നും തിരികെയെത്തിച്ചവരില്‍ ക്വാറന്റൈനിലായിരുന്ന ആദ്യ ബാച്ചിനെ കഴിഞ്ഞദിവസം വിട്ടയക്കുകയും ചെയ്തു.

SHARE