കൊറോണ ബാധിച്ച് മരിച്ചയാളുടെ മകള്‍ക്കും രോഗം

ബെംഗളൂരു: രാജ്യത്തെ ആദ്യ കൊവിഡ് 19 മരണം നടന്ന കല്‍ബുര്‍ഗിയില്‍ ഒരാള്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു. രോഗം ബാധിച്ച് മരിച്ച വ്യക്തിയുടെ മകള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ബന്ധു മരിച്ച വ്യക്തിയെ ആശുപത്രിയില്‍ പരിചരിച്ചിരുന്നു. ഇതോടെ കര്‍ണ്ണാടകത്തിലെ കൊവിഡ് 19 ബാധിതരുടെ എണ്ണം ഏഴായി.

അതിനിടെ കല്‍ബുര്‍ഗിയില്‍ നിന്ന് മലയാളി വിദ്യാര്‍ത്ഥികളെ നാട്ടിലെത്തിക്കാന്‍ തീരുമാനം. കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്റെ ബസില്‍ വിദ്യാര്‍ത്ഥികളെ ബെംഗളൂരുവില്‍ എത്തിക്കും. ഇവിടെ നിന്നും കെഎസ്ആര്‍ടിസി ബസില്‍ നാട്ടിലെത്തിക്കാനാണ് തീരുമാനം.

കല്‍ബുര്‍ഗിയിലെ കൊവിഡ് ബാധിതന്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ആശുപത്രിയില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന വിദ്യാര്‍ത്ഥികളാണ് ഇവര്‍. ഇവിടെ വിദ്യാര്‍ത്ഥികളെല്ലാം ആശങ്കയിലാണ്. കല്‍ബുര്‍ഗിയില്‍ സ്ഥിതി ഗുരുതരമാണെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. 76 കാരന്‍ മരിച്ചതിന് ശേഷമാണ് അദ്ദേഹത്തിന് കൊവിഡ് ആണെന്ന് സ്ഥിരീകരിക്കുന്നത്. ആശുപത്രിയില്‍ രോഗിയെ പ്രവേശിപ്പിച്ച ശേഷം മലയാളി വിദ്യാര്‍ത്ഥികളില്‍ പലരും ഡ്യൂട്ടിക്കെത്തിയിരുന്നു. ഇതാണ് ആശങ്ക വര്‍ധിപ്പിക്കുന്നത്.

കൊവിഡ് ബാധിതനെ ആശുപത്രിയിലെ ജനറല്‍ വാര്‍ഡിലാണ് പ്രവേശിപ്പിച്ചിരുന്നത്. മൂന്ന് ദിവസം ഈ ആശുപത്രിയില്‍ രോഗി ഉണ്ടായിരുന്നു. ഈ സമയങ്ങളിലാണ് ആശുപത്രിയില്‍ ഡ്യൂട്ടിക്കെത്തിയിരുന്നതെന്ന് വിദ്യാര്‍ത്ഥികള്‍ വിശദീകരിക്കുന്നുണ്ട്.

SHARE