ന്യൂഡല്‍ഹി: കോവിഡ് 19 ബാധിച്ചവരുടെ എണ്ണം 30 ആയതോടെ രാജ്യം കനത്ത ജാഗ്രതയില്‍. ഗാസിയാബാദ് സ്വദേശിക്കാണ് ഏറ്റവും ഒടുവില്‍ രോഗം സ്ഥിരീകരിച്ചത്. അടുത്തിടെയാണ് ഇറാനില്‍നിന്ന് ഇയാള്‍ മടങ്ങിയെത്തിയത്. നിലവില്‍ ഡല്‍ഹി സഫ്ദര്‍ജങ് ആശുപത്രിയില്‍ ചികിത്സയിലാണ്. വൈറസ് ബാധിച്ച് ചികിത്സയിലുള്ളവരുടെ നില തൃപ്തികരമാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷവര്‍ധന്‍ ഡല്‍ഹി വിമാനത്താവളത്തിലെ സജ്ജീകരണങ്ങള്‍ വിലയിരുത്തി.
ഇറാനില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരികെ എത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. വൈറസ് ബാധയില്ലെന്ന് കണ്ടെത്തിയാല്‍ മാത്രമെ ഇവരെ മടങ്ങാന്‍ അനുവദിക്കൂ. ഇന്ത്യയില്‍ കുടുങ്ങിക്കിടക്കുന്ന പൗരന്മാരെ തിരികെ കൊണ്ടുപോകാന്‍ ഇറാന്‍ ഇന്ന് പ്രത്യേകവിമാനം അയക്കും. കൂടുതല്‍ പേര്‍ക്ക് വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഡല്‍ഹിയിലെ പ്രൈമറി സ്‌കൂളുകള്‍ക്ക് ഈ മാസം 31 വരെ അവധി പ്രഖ്യാപിച്ചു.