ഇറ്റലിയില്‍ നിന്ന് മടങ്ങിയെത്തിയ ഒരാള്‍ക്കുകൂടി കൊറോണ സ്ഥിരീകരിച്ചു

രാജ്യത്ത് ഒരാള്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇറ്റലിയില്‍ നിന്ന് മടങ്ങിയെത്തിയ ഒഡീഷ സ്വദേശിക്കാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ രാജ്യത്ത് രോഗം ബാധിച്ചവരുടെ എണ്ണം 114 ആയി.

മഹാരാഷ്ട്ര, ഉത്തരാഖണ്ഡ്, കേരളം, കര്‍ണാടക , എന്നിവിടങ്ങളിലാണ് ഇന്നലെ വൈറസ് ബാധ സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ളത്. 13 ലക്ഷം ആളുകളെ രാജ്യത്തെ വിമാനത്താവളങ്ങളില്‍ പരിശോധിച്ചു. ഇറാനില്‍ കുടുങ്ങിക്കിടന്ന 53 ഇന്ത്യക്കാരെ ഇന്ന് രാവിലെ എയര്‍ ഇന്ത്യ വിമാനത്തില്‍ രാജ്യത്ത് തിരിച്ചെത്തിച്ചു. നിരീക്ഷണത്തിനായി രാജസ്ഥാനിലെ ജെയ്‌സാല്‍മീറിലെ സൈനിക ക്യാമ്പിലേക്ക് മാറ്റി.

അതിനിടെ കല്‍ബുര്‍ഗിയില്‍ കൊവിഡ് 19 നെ തുടര്‍ന്ന് മരിച്ചയാളുടെ കുടുംബാംഗത്തിനും വൈറസ് ബാധ സ്ഥിരീകരിച്ചതോടെ കര്‍ണാടക അതീവ ജാഗ്രതയിലാണ്. ഡല്‍ഹിയില്‍ മരിച്ച 68 കാരിയുടെ കുടുംബം 811 പേരുമായി ഇടപഴകിയതായി കണ്ടെത്തി. ഇവരെല്ലാം നിരീക്ഷണത്തിലാണ്. ബംഗ്ലാദേശ്, മ്യാന്മാര്‍, ഭൂട്ടാന്‍ അതിര്‍ത്തികള്‍ അടച്ചു. ആളുകള്‍ കൂട്ടം കൂടി നില്‍ക്കുന്നത് ഒഴിവാക്കണമെന്ന കര്‍ശന നിര്‍ദേശവും നല്‍കിയിട്ടുണ്ട്. സംസ്ഥാനങ്ങളില്‍ കടുത്ത നിയന്ത്രണങ്ങള്‍ തുടരുകയാണ്.

SHARE