ലോകത്ത് കൊറോണ വൈറസിന്റെ ബാധയേറ്റ് മരിച്ചവരുടെ എണ്ണം മൂന്ന് ലക്ഷത്തിലേക്ക് അടുത്ത് കൊണ്ടിരിക്കുകയാണ്. എന്നാല്‍ എങ്ങിനെയാണ് കൊറോണ മരണത്തിലേക്ക് നയിക്കുന്നത?. കൊറോണ രോഗാണുക്കള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന ശരീരത്തിലെ പ്രതിരോധ വ്യവസ്ഥയില്‍ അമിതപ്രതികരണം ഉളവാക്കിയാണ് കൊറോണ വൈറസ് ഗുരുതരാവസ്ഥ സൃഷ്ടിക്കുന്നതെന്നാണ് ശാസ്ത്രജ്ഞരുടെ കണ്ടെത്തല്‍. കോവിഡിന് കാരണമാകുന്ന SARS-CoV2 ന്റെ ഡീകോഡിങ്ങിനിടെയാണ് ഇക്കാര്യം വ്യക്തമായതെന്ന് ഫ്രോണ്ടിയേഴ്സ് ഇന്‍ പബ്ലിക് ഹെല്‍ത്ത് ജേണലില്‍ പ്രസിദ്ധീകരിച്ച് ലേഖനത്തില്‍ വിശദമാക്കിയിട്ടുണ്ട്.
ശരീരത്തിനുള്ളില്‍ പ്രവേശിക്കുന്ന വൈറസ് ശ്വാസനാളത്തിലൂടെ ശ്വാസകോശത്തിനുള്ളില്‍ കടന്നു കൂടി പെരുകുന്നത് സൈറ്റോക്കിന്‍ സ്റ്റോമിന് കാരണമാകും. ശരീരത്തിലെ പ്രതിരോധവ്യവസ്ഥ അമിതമായി പ്രതികരിക്കുന്ന അവസ്ഥയാണിത്. ശരീരകോശങ്ങള്‍ സൈറ്റോക്കിന്‍ എന്ന സൂക്ഷ്മ പ്രോട്ടീനുകള്‍ അമിതമായി ഉത്പാദിക്കുന്നതാണ് സൈറ്റോക്കിന്‍ സ്റ്റോം. ഇതുണ്ടാകുന്നതോടെ രോഗാണുക്കള്‍ക്കെതിരെ ശരീരത്തില്‍ അമിത പ്രതികരണം ആരംഭിക്കും.
അമിത പ്രതികരണം ഉണ്ടാകുന്നതോടെ ശരീരത്തിലെ വിവിധഭാഗങ്ങളില്‍നിന്ന് പ്രതിരോധ കോശങ്ങളായ ലിംഫോസൈറ്റുകളും ന്യൂറോഫിലുകളും ശ്വാസകോശത്തില്‍ വൈറസ് സാന്നിധ്യമുള്ള ഭാഗത്തേക്ക് നീങ്ങും. ചില ആളുകളില്‍ പ്രതിരോധകോശങ്ങള്‍ അനിയന്ത്രിതമായി വര്‍ധിക്കുന്നതോടെ ഇവ ശ്വാസകോശത്തിലെ കലകളിലേക്ക് പ്രവേശിക്കുകയും ശ്വാസകോശത്തിന് ക്ഷതം സംഭവിക്കാനിടയാക്കുകയും ചെയ്യും. ഇത് രോഗിയുടെ മരണത്തിന് വരെ കാരണമായേക്കാം.
കൊറോണ വൈറസിന്റെ പ്രവര്‍ത്തനം മൂലം ശരീരത്തിലെ ശ്വേതരക്താണുക്കള്‍ തെറ്റിദ്ധരിപ്പിക്കപ്പെടുകയും അങ്ങനെ അവ ആരോഗ്യമുള്ള കലകളെ ആക്രമിച്ച് നശിപ്പിക്കുകയും ചെയ്യും. ഇത് ശ്വാസകോശം, ഹൃദയം, ആമാശയം, വൃക്ക, ജനനേന്ദ്രിയം എന്നീ അവയവങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിക്കുകയും ചെയ്യും.
വിവിധ അവയവങ്ങളുടെ പ്രവര്‍ത്തനം തകരാറിലാകുന്നതോടെ ശ്വാസകോശപ്രവര്‍ത്തനം പൂര്‍ണമായും ബാധിക്കപ്പെടും. അക്യൂട്ട് റെസ്പിറേറ്ററി ഡിസ്ട്രെസ് സിന്‍ഡ്രോം എന്ന അവസ്ഥയിലെത്തുന്നതോടെ ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം പൂര്‍ണമായും നിലയ്ക്കുകയും രോഗിയുടെ മരണം സംഭവിക്കുകയും ചെയ്യും.