കൊറോണ: മരണം 6000 കടന്നു

ന്യൂഡല്‍ഹി: കോവിഡ് 19 വ്യാപനം ശക്തമായതിനു പിന്നാലെ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി കൂടുതല്‍ ലോകരാഷ്ട്രങ്ങള്‍. കസാക്കിസ്താനും ഓസ്ട്രിയയും ഫിലിപ്പീന്‍സും ഉള്‍പ്പെടെയുള്ള രാജ്യങ്ങളാണ് കടുത്ത നടപടികള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കസാക്കിസ്താനില്‍ ഭരണകൂടം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
ഓസ്ട്രിയയില്‍ അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തുകയും അഞ്ചില്‍ കൂടുതല്‍ ആളുകള്‍ കൂട്ടം ചേരുന്നത് നിയമം മൂലം വിലക്കുകയും ചെയ്തിട്ടുണ്ട്. ഫിലിപ്പീന്‍സ് തലസ്ഥാനമായ മനില വുഹാന്‍ മാതൃകയില്‍ കൊട്ടിയടച്ചു. യൂറോപ്പ് ആണ് കോവിഡ് 19ന്റെ പുതിയ പ്രഭവ കേന്ദ്രമെന്ന ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പിനു പിന്നാലെ യൂറോപ്യന്‍ രാജ്യങ്ങളുമായുള്ള വ്യോമബന്ധം ഏതാണ്ടെല്ലാ ലോക രാജ്യങ്ങളും വിഛേദിച്ചു വരികയാണ്. ബ്രിട്ടന്‍ ഒഴികെയുള്ള യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ യു.എസ് കഴിഞ്ഞ ദിവസം തന്നെ നിര്‍ത്തിവെച്ചിരുന്നു. അതേസമയം നിയന്ത്രണങ്ങള്‍ തുടരുമ്പോഴും കോവിഡ് 19 വ്യാപനവും ഇതേതുടര്‍ന്നുള്ള മരണവും ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്.
ലോകത്തൊട്ടാകെ ഇതുവരെ 6069 പേരാണ് മരിച്ചത്. 155 രാജ്യങ്ങളില്‍ ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ട്. 1,62,0000ത്തില്‍ അധികംപേര്‍ക്ക് രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. രോഗഭീതി ആഗോള സമ്പത്ത് വ്യവസ്ഥയിലും വന്‍ ആഘാതമാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്.

SHARE