ചൈനക്കു പുറത്ത് കൊറോണ ബാധിച്ച് ആദ്യത്തെ മരണം; ഫിലിപ്പീന്‍സില്‍


മനില: കൊറോണ വൈറസ് ബാധമൂലം ഫിലിപ്പീന്‍സില്‍ ഒരാള്‍ മരണപ്പെട്ടു. ചൈനയ്ക്ക് പുറത്ത് കൊറോണ വൈറസ് ബാധയില്‍ ആദ്യത്തെ മരണമാണ് ഫിലിപ്പീന്‍സില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ചൈനയിലെ വുഹാനില്‍ നിന്നും വന്ന 44കാരനാണ് മരണപ്പെട്ടത്. ഇയാള്‍ ചികില്‍സയിലായിരുന്നു. ഫിലിപ്പീന്‍സില്‍ കൊറോണ ബാധയുണ്ടെന്ന് സ്ഥിരീകരിക്കപ്പെട്ട രണ്ടാമത്തെ വ്യക്തിയായിരുന്നു ഇദ്ദേഹം.

വുഹാനില്‍ നിന്നും കഴിഞ്ഞമാസം അവസാനം തിരിച്ചെത്തിയ ഇദ്ദേഹം കടുത്ത പനിയും ചുമയും മൂലം മനിലയിലെ സാന്‍ ലാസാരോ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ഫെബ്രുവരി ഒന്നിന് പുലര്‍ച്ചെയാണ് ഇയാള്‍ മരിച്ചത് എന്നാണ് ആശുപത്രി വൃത്തങ്ങള്‍ അറിയിക്കുന്നത്. ചൈനയ്ക്ക് പുറത്ത് കൊറോണ മൂലം റിപ്പോര്‍ട്ട് ചെയ്യുന്ന ആദ്യമരണമാണ് ഇത്. മരണപ്പെട്ട വ്യക്തി വുഹാനില്‍ നിന്ന് വന്നതാണെന്ന് എല്ലാവരും മനസിലാക്കണം-ഫിലിപ്പെന്‍ ലോകാരോഗ്യ സംഘടന വിഭാഗം പ്രതിനിധി ഡോ.റാബി അബെസിംഗ പറയുന്നു.

അതേ സമയം ചൈനയില്‍ കൊറോണ വൈറസ് ബാധയില്‍ മരണപ്പെട്ടവരുടെ എണ്ണം വീണ്ടും വര്‍ദ്ധിച്ചു. ഇതുവരെ 304 മരണങ്ങള്‍ സംഭവിച്ചു എന്നാണ് ചൈനീസ് അധികൃതര്‍ വ്യക്തമാക്കുന്നത്. ഇതുവരെ 14,499 പേര്‍ക്ക് കൊറോണ ബാധയുണ്ടായി. വുഹാനില്‍ നിന്നും പുറപ്പെട്ട കൊറോണവൈറസിന്റെ ബാധ ഇതുവരെ 24 രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇന്ത്യയിലെ രണ്ടാമത്തെ കൊറോണ വൈറസ് ബാധ കേരളത്തില്‍ ഞായറാഴ്ച സ്ഥിരീകരിച്ചു.