കോവിഡിലും അഴിമതി; വെന്റിലേറ്ററുകളുടെ ലഭ്യതക്കുറവ് കാരണമാണ് കര്‍ണാടകയില്‍ ആളുകള്‍ മരിക്കുന്നതെന്ന് ഡി.കെ ശിവകുമാര്‍

ബംഗളൂരു: കർണാടകയിലെ കൊറോണ വൈറസ് സ്ഥിതിഗതികൾ വഷളായിക്കൊണ്ടിരിക്കെ, വെന്റിലേറ്ററുകള്‍ വാങ്ങുന്നതില്‍ കര്‍ണാടക സര്‍ക്കാര്‍ അഴിമതി നടത്തിയെന്ന ആരോപണവുമായി കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ ശിവകുമാര്‍. ”4.78 ലക്ഷം രൂപയുടെ വെന്റിലേറ്റര്‍ കര്‍ണാടക സര്‍ക്കാര്‍ വാങ്ങിയത് 18.20 ലക്ഷം രൂപയ്ക്കാണെന്നും മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ, അഴിമതിയെക്കുറിച്ച് മറുപടി പറയണമെന്നും ഡികെ ശിവകുമാര്‍ ആവശ്യപ്പെട്ടു.

വെന്റിലേറ്ററുകള്‍ ലഭ്യമല്ലാത്തതിനാല്‍ കര്‍ണാടകയിലെ ജനങ്ങള്‍ മരിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് ആരോപിച്ചു.

ബിഎസ് യെദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാര്‍ മറ്റെവിടെയെങ്കിലുമുള്ള വിപണി വിലയേക്കാള്‍ വളരെ ഉയര്‍ന്ന നിരക്കിലാണ് മെഡിക്കല്‍ ഉപകരണങ്ങള്‍ വാങ്ങുന്നതെന്ന് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ഡി കെ ശിവകുമാര്‍ ആരോപിച്ചു. കൊറോണ വൈറസ് പകര്‍ച്ചവ്യാധിക്കെതിരായ പോരാട്ടത്തിന്റെ മറവില്‍ കര്‍ണാടകയിലെ ബിജെപി സര്‍ക്കാര്‍ അഴിമതി നടത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു.

തമിഴ്നാട് സര്‍ക്കാര്‍ 4.78 ലക്ഷം രൂപയ്ക്ക് ഒരു വെന്റിലേറ്റര്‍ വാങ്ങുമ്പോള്‍ കര്‍ണാടക സര്‍ക്കാര്‍ 18.20 ലക്ഷം രൂപ നല്‍കിയാണ് അത് വാങ്ങുന്നുവെന്ന് ശിവകുമാര്‍ ട്വിറ്ററില്‍ കുറിച്ചു. കര്‍ണാടക സര്‍ക്കാരിനെതിരെ ഉന്നയിച്ച ഗുരുതര ആരോപണങ്ങളെക്കുറിച്ച് മാധ്യമങ്ങള്‍ ചോദിച്ചപ്പോള്‍ കഴിഞ്ഞ 60 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ അഴിമതിയാണിതെന്ന് ഡി കെ ശിവകുമാര്‍ പ്രതികരിച്ചു. തനിക്ക് തമിഴ്നാട്ടിലെ ഡോക്ടര്‍മാരുമായും പ്രാദേശിക സര്‍ക്കാരുമായും നല്ല ബന്ധമുണ്ടെന്നും വെന്റിലേറ്ററുകളുടെ വില സംബന്ധിച്ച് തന്നോട് വിവിധ ഉദ്യോഗസ്ഥര്‍ സംസാരിച്ചതായും ഡികെ പറഞ്ഞു. ഞാന്‍ വിവരങ്ങള്‍ പരിശോധിച്ചു, അഴിമതി നടന്നിട്ടുണ്ട്. വെന്റിലേറ്റര്‍ അഴിമതി സംബന്ധിച്ച ഞങ്ങളുടെ ചോദ്യങ്ങള്‍ക്ക് യെഡിയൂരപ്പ ഉത്തരം നല്‍കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വെള്ളിയാഴ്ച മാത്രം കര്‍ണാടകയില്‍ 3,693 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 115 പേര്‍ മരിച്ചു. കര്‍ണാടകയില്‍ 55,000 ത്തിലേറെ പേര്‍ക്കാണ് ഇതുവരെ കൊവിഡ് ബാധയുണ്ടായത്. 1,147 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു.
ബംഗളൂരുവില്‍ കൊവിഡ് വ്യാപനം വര്‍ധിക്കുകയാണ്. ജൂലൈ 14 വൈകീട്ട് 8 മണി മുതല്‍ ജൂലൈ 22 പുലര്‍ച്ചെ 5 മണി വരെയാണ് ബംഗളൂരുവില്‍ വീണ്ടും ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സ്ഥിതിയാണ്. കൊവിഡ് വ്യാപനത്തെ ചെറുക്കാന്‍ ലോക്ക് ഡൗണ്‍ ഒരാഴ്ച കൂടി നീട്ടാന്‍ ആവശ്യം ഉയരുന്നുണ്ട്. ഇതുസംബന്ധിച്ചുള്ള ശുപാര്‍ശ സര്‍ക്കാരിലേക്ക് അയച്ചിട്ടുമുണ്ട്.