കൊറോണ: ചൈനയില്‍ മരണം 361 ആയി; പുതുതായി രോഗം ബാധിച്ചത് രണ്ടായിരത്തിലധികം പേര്‍ക്ക്

ബെയ്ജിങ്: പടര്‍ന്നുപിടിക്കുന്ന കൊറോണക്ക് മുന്നില്‍ വിറങ്ങലിച്ച് ചൈന. കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 361 ആയി ഉയര്‍ന്നു. 2829 പേര്‍ക്കാണ് പുതുതായി കൊറോണ ബാധിച്ചതായി സ്ഥിരീകരിച്ചത്. ഇതോടെ കൊറോണ ബാധിച്ചവരുടെ എണ്ണം 17,205 ആയി.

നിലവില്‍ 25 രാജ്യങ്ങളിലുള്ളവര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്. ഫിലിപ്പീന്‍സില്‍ രോഗം മൂലം ഒരാള്‍ മരിച്ചിരുന്നു. മരണസംഖ്യ ഉയര്‍ന്നതോടെ കൊറോണ വൈറസിന്റെ പ്രഭവകേന്ദ്രമായ വുഹാനില്‍ നിന്ന് അകലെയുള്ള വെന്‍ഷൂ നഗരം കൂടി ചൈനീസ് സര്‍ക്കാര്‍ അടച്ചു.

അതിനിടെ കൊറോണ വൈറസ് പടര്‍ന്നു പിടിക്കുമ്പോഴും ആവശ്യമായ മാസ്‌കുകളും പ്രതിരോധ സാമഗ്രികളും വിതരണം ചെയ്യുന്നതില്‍ വന്‍ വീഴ്ചയുണ്ടെന്ന് ആരോപണമുണ്ട്. ടണ്‍ കണക്കിന് പ്രതിരോധ സാമഗ്രികള്‍ വിതരണം ചെയ്യാനാവാതെ കെട്ടിക്കിടക്കുകയാണ്. റെഡ്‌ക്രോസിന്റെ ഏകോപനമില്ലായ്മയാണ് ഇതിന് കാരണമെന്നാണ് റിപ്പോര്‍ട്ട്.

SHARE