രാജ്യാതിര്‍ത്തികള്‍ കടന്ന് കൊറോണ പടരുമ്പോള്‍

ദിബിന്‍ രമ ഗോപന്‍

2019 ഡിസംബര്‍ 31 നായിരുന്നു ആദ്യമായി കൊറോണ വൈറസ്ബാധ ചൈനയിലെ വുഹാനില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ചൈനയില്‍ മാത്രം ബാധിച്ചു എന്ന് കരുതിയിരുന്ന കൊവിഡ് 19 അല്ലെങ്കില്‍ കൊറോണ വൈറസ് നിലവില്‍ ബാധിച്ചിരിക്കുന്നത് 77 രാജ്യങ്ങളെയാണ്.

3198 പേരുടെ ജീവനെടുത്ത കൊറോണ ലോകരാജ്യങ്ങളെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്. നിലവില്‍ 92,305 പേര്‍ക്കാണ് കൊറോണ ബാധിച്ചതായി ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ ഇതില്‍ 80,380 പേരും ഉത്ഭവസ്ഥലമായ ചൈനയില്‍ നിന്നുള്ളവരാണ്.

ദിവസങ്ങള്‍ കഴിയുന്തോറും പുതിയ കൊറോണ ബാധിതര്‍ ഉണ്ടാവുന്നുണ്ടെന്നത് തീര്‍ത്തും ഭയപ്പെടുത്തുന്ന കാര്യമാണ്. ഏഷ്യന്‍ രാജ്യങ്ങളെ മാത്രം ഭീതിപ്പെടുത്തി കൊറോണ വിടവാങ്ങുമെന്ന് കരുതിയിരുന്നെങ്കില്‍ എല്ലാ അതിര്‍ത്തികളും കടന്ന് ലോകത്തെ ഭീതിയിലാഴ്ത്തുകയാണ് കൊറോണ. ഇറ്റലിയില്‍ കൊറോണ ബാധയേറ്റ് മരിച്ചവരുടെ എണ്ണം വര്‍ധിക്കുന്നതാണ് യൂറോപ്പിനെ കൂടുതല്‍ ഭീതിയിലാഴ്ത്തുന്നത്.

ഫെബ്രുവരി 22 നാണ് ഇറ്റലിയില്‍ ആദ്യ കൊറോണ മരണം റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ 10 ദിവസത്തിനുള്ളില്‍ രാജ്യത്ത് കൊറോണ ബാധയേറ്റ് മരിച്ചവരുടെ എണ്ണം 52 ആണ്. ഏഷ്യന്‍ രാജ്യമായ ഇറാനിലെയും കൊറോണ ബാധിച്ച് മരിക്കുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ച് വരികയാണ്. ഫെബ്രുവരി 20ന് ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്ത ഇറാനില്‍ നിലവില്‍ 77 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഇന്ത്യയില്‍ ഇതുവരെ 22 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇറ്റലിയില്‍ നിന്നുള്ള 15 വിനോദസഞ്ചാരികള്‍ക്കാണ് ഏറ്റവും അവസാനമായി ഇന്ത്യയില്‍ കൊറോണ റിപ്പോര്‍ട്ട് ചെയ്്തത്. ഇന്ത്യയില്‍ കേരളത്തിലായിരുന്നു ആദ്യമായി കൊറോണ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. എന്നാല്‍ അസുഖ ബാധിതരെല്ലാം സുഖം പ്രാപിച്ചതിനെ തുടര്‍ന്ന വീടുകളിലേക്ക് തിരിച്ചയക്കുകയായിരുന്നു.

ചൈനയില്‍ നിന്നെത്തിയവരെ നിരീക്ഷിക്കാന്‍ നിര്‍ദേശവും നല്‍കിയിരുന്നു. ഭീതിയല്ല മറിച്ച് കരുതലാണ് കൊറോണയെ നേരിടാനുള്ള മാര്‍ഗം.സ്വന്തം താല്‍പര്യത്തിനനുസരിച്ച് കൊറോണയെ അവഗണിക്കുമ്പോള്‍ മറ്റൊരാളിലേക്ക് വൈറസിനെ കടത്തിവിടുകയാണ് നമ്മള്‍ ചെയ്യുന്നത്. ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച് ഒരുമിച്ച് കൊറോണയെ നേരിടാം.

SHARE