തിരുവനന്തപുരം: കോവിഡ് മുന്‍കരുതലിന്റെ ഭാഗമായി കനത്ത ജാഗ്രതയില്‍ ശ്രീചിത്ര ആശുപത്രി. വിദേശത്ത് പഠനം കഴിഞ്ഞെത്തിയ ഡോക്ടര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് ജാഗ്രത പുലര്‍ത്താന്‍ ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്. കൂടുതല്‍ ഡോക്ടര്‍മാരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ആറ് വിഭാഗങ്ങളിലെ ഡോക്ടര്‍മാര്‍ വീടുകളില്‍ ആണ് നിരീക്ഷണത്തില്‍ കഴിയുന്നത്. മുപ്പത് ഡോക്ടര്‍മാരാണ് നിരീക്ഷണത്തിലുള്ളത്. അടിയന്തരമല്ലാത്ത എല്ലാ ശസ്ത്രക്രിയകളും മാറ്റി വച്ചു.
മാര്‍ച്ച് ഒന്നിന് സ്പെയിനില്‍ നിന്ന് ഉപരിപഠനം കഴിഞ്ഞ് തിരിച്ചെത്തിയ ഡോക്ടര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത് . ഡോക്ടറുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ എല്ലാം നിരീക്ഷണത്തിലാണ്.
കൊവിഡ് മുന്‍കരുതല്‍ പട്ടികയില്‍ സ്പെയിന് ഇല്ലാത്തതിനാല്‍ വിദേശത്തു നിന്ന് എത്തിയ ഡോക്ടര്‍ ആദ്യഘട്ടത്തില്‍ മുന്‍കരുതലൊന്നും എടുത്തിരുന്നില്ല. മാത്രമല്ല പത്ത് പതിനൊന്ന് തീയതികളില്‍ മാസ്ക് ധരിച്ച് ഡോക്ടര്‍ ഒപിയിലെത്തിയ രോഗികളെ പരിശോധിച്ചിരുന്നു. അതുകൊണ്ടുതന്നെ സാഹചര്യം വലിയ ഗൗരവമുള്ളത് തന്നെയെന്നാണ് ആരോഗ്യ വകുപ്പ് വിലയിരുത്തുന്നത്. വിശദമായ സമ്പര്‍ക്ക പട്ടിക തയ്യാറാക്കാനാണ് തീരുമാനം.
ഒരു പ്രധാന ആശുപത്രിയുടെ അവസ്ഥ ഇതായിരിക്കെ തിരുവനന്തപുരം ജില്ലയില്‍ മാത്രം 1449 പേരാണ് നിലവില്‍ നിരീക്ഷണത്തിലുള്ളത്. ഇറ്റാലിയന്‍ പൗരന് സഞ്ചരിച്ച വര്‍ക്കലയിലും പ്രത്യേക യോഗം ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ നടക്കുന്നുണ്ട്. ഒന്നും രണ്ടും ഘട്ടങ്ങളിലായി സമ്പര്‍ക്ക പട്ടികയും റൂട്ട് മാപ്പും വിശദമായി തയ്യാറാക്കുമെന്നാണ് ജില്ലാ ഭരണകൂടം പറയുന്നത്.