ലഖ്‌നൗ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം ചെയ്ത യു.പിയിലെ മുസഫര്‍നഗറില്‍ പൊലീസ് അതിക്രമത്തിനിരയായവരെ സന്ദര്‍ശിച്ച് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. പൊലീസ് അതിക്രൂരമായി മര്‍ദിച്ച മൗലാനാ ആബിദ് ഹുസൈനിയെയും മദ്രസ വിദ്യാര്‍ഥികളെയും കൊള്ളയടിക്കപ്പെട്ട വീടുകളുമാണ് പ്രിയങ്ക സന്ദര്‍ശിച്ചത്. പൊലീസ് ക്രൂരമായ നരനായാട്ടാണ് നടത്തിയതെന്ന് പ്രിയങ്ക പറഞ്ഞു.
പൊലീസ് അക്രമത്തില്‍ പരിക്കേറ്റ റുഖിയ പര്‍വീണിന്റെ വീടും പ്രിയങ്ക ഗാന്ധി സന്ദര്‍ശിച്ചു. റുഖിയ ഇന്ന് വിവാഹതിയാവുകയാണ്. റുഖിയയുടെ വിവാഹത്തിന് കരുതി വെച്ച സ്വര്‍ണവും പണവും വീടാക്രമിച്ച പോലീസ് കവര്‍ച്ച ചെയ്തുവെന്ന് റുഖിയയുടെ മുത്തച്ഛന്‍ ഹസന്‍ പരാതിപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം മീഡിയവണാണ് റുഖിയ പര്‍വീണിന്റെ വീട് സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. യു.പിയില്‍ മദ്രസ വിദ്യാര്‍ഥികള്‍ക്കെതിരായ പൊലീസ് അതിക്രമത്തെയും പ്രിയങ്ക അപലപിച്ചു.
ഡിസംബര്‍ 20നാണ് മുസഫര്‍നഗര്‍ സിറ്റി പോലീസ് ഷിയാ മുസ്ലിങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനമായ സദത് മദ്രസയില്‍ (അന്ജുമന്‍ തറക്കി എ താലീം എ സദത് ബഹറ എന്ന പേരിലാണ് സ്ഥാപനം അറിയപ്പെടുന്നത്) പോലീസ് അതിക്രമിച്ചു കയറി വിദ്യാര്‍ഥികളെയും അധ്യാപകനായ മൌലാന സയ്യദ് റാസയെയും ക്രൂരമായി മര്‍ദിച്ചത്.
മൗലാനാ ആബിദ് ഹുസൈന്‍റെ മദ്രസക്കകത്തുണ്ടായിരുന്ന വിദ്യാർഥികളെ പൊലീസ് പിടിച്ചുകൊണ്ടു പോകുകയും ഇവരെ ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്തെന്ന വാർത്തയും പുറത്തുവന്നിരുന്നു.