ചിലിയെ വീഴ്ത്തി പെറു; കോപ്പയില്‍ ബ്രസീല്‍-പെറു കലാശം

പോര്‍ട്ടോഅലഗ്രേ: ബ്രസീലില്‍ നടക്കുന്ന കോപ്പ അമേരിക്കയിലെ രണ്ടാം സെമിഫൈനലില്‍ ചിലിയെ അട്ടിമറിച്ച് പെറു. എതിരില്ലാത്ത മൂന്നു ഗോളുകള്‍ നേടിയാണ് പെറു ചിലിയെ പുറത്തിരുത്തിയത്. ഇതോടെ കോപ്പ അമേരിക്കയുടെ ഫൈനല്‍ മത്സരം ബ്രസീലും പെറുവും തമ്മില്‍ നടക്കും. മരക്കാന സ്‌റ്റേഡിയത്തില്‍ ഞായറാഴ്ച രാത്രിയാണ് കലാശപ്പോര്.

ആദ്യ പകുതിയില്‍ തന്നെ എഡിസന്‍ ഫ്‌ളോറസും യോഷിമര്‍ യോട്ടനും പെറുവിനായി ലീഡ് നേടി. ഇഞ്ചുറി ടൈമില്‍ പാബ്ലോ ഗ്വറേറോ കൂടി സ്‌കോര്‍ ചെയ്തതോടെ ചിലിയുടെ പതനം പൂര്‍ണമായി. കരുത്തരായ ആലക്‌സിസ് സാഞ്ചസും അര്‍തുറോ വിദാലും എഡ്വാര്‍ഡോ വാര്‍ഗസും ചിലി നിരയില്‍ അണിനിരന്നിട്ടും കളി പിടിക്കാനായില്ല. എന്നാല്‍ മത്സരത്തിലുടനീളം നല്ല പ്രകടനമാണ് ചിലി കാഴ്ച വെച്ചത്. നിരവധി അവസരങ്ങള്‍ മുതലെടുക്കുന്നതില്‍ അവര്‍ പരാജയപ്പെട്ടു. 1975നു ശേഷം ഇതാദ്യമായാണ് പെറു കോപ്പ അമേരിക്കയുടെ ഫൈനലിലെത്തുന്നത്.