ന്യൂഡല്‍ഹി: രാജ്യത്ത് പാചക വാതക സിലിണ്ടറിന് വില കൂട്ടി. സബ്സിഡിയില്ലാത്ത ഗാര്‍ഹിക സിലിണ്ടറിന്റെ വില 11.50 രൂപ വര്‍ധിപ്പിച്ചു. വാണിജ്യ സിലിണ്ടറിന് 110 രൂപ വര്‍ധിപ്പിച്ചു. 1135രൂപയാണ് പുതിയ വില. ഇന്നുമുതല്‍ വിലവര്‍ധന നിലവില്‍വരും.
ഇതുപ്രകാരം സബ്സിഡിയില്ലാത്ത 14.2 കിലോഗ്രാം തൂക്കമുള്ള സിലിണ്ടറിന് ഡല്‍ഹിയില്‍ 593 രൂപ നല്‍കണം. കൊല്‍ക്കത്തയില്‍ 616 രൂപയും മുംബൈയില്‍ 590 രൂപയും ചെന്നൈയില്‍ 606 രൂപയുമാണ് വില.
വില വര്‍ദ്ധനവ് പ്രധാനമന്ത്രി ഉജ്വല (പിഎംയുവൈ) ഗുണഭോക്താക്കളെ ബാധിക്കില്ല. ഇന്ത്യയുടെ കോവിഡ് ദുരിതാശ്വാസ പാക്കേജിന്റെ ഭാഗമായി ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള 83 ദശലക്ഷം കുടുംബങ്ങള്‍ക്ക് ഉജ്വല പദ്ധതി പ്രകാരം മൂന്ന് മാസത്തേക്ക് സൗജന്യ പാചകവാതക സിലിണ്ടറുകള്‍ നല്‍കും. ജൂണ്‍ 30 വരെ സൗജന്യ സിലിണ്ടറിന് അര്‍ഹതയുണ്ട്.
എല്‍പിജിയുടെ അന്താരാഷ്ട്ര വിലയിലുണ്ടായ വര്‍ധനവാണ് രാജ്യത്തെ വില വ്യതിയാനത്തിന് കാരണം. പെട്രോളിയം ഉല്പന്നങ്ങളുടെ ആവശ്യം ഉയര്‍ന്നതിന്റെ പശ്ചാത്തലത്തിലാണ് പുതിയ നിരക്ക് വര്‍ദ്ധനവ്. കഴിഞ്ഞ മാസം ഡല്‍ഹി വിപണിയില്‍ എല്‍പിജിയുടെ റീട്ടെയില്‍ വില്‍പ്പന വില 744 രൂപയില്‍ സിലിണ്ടറിന് 581.50 രൂപയായി കുറച്ചിരുന്നു.