ഗോള്‍ മഴയില്‍ ഇന്ത്യയെ മുക്കി ഉത്തരകൊറിയ

ഇന്റര്‍കോണ്ടിനെന്റല്‍ കപ്പ് ഫുട്‌ബോളിലെ രണ്ടാം മത്സരത്തില്‍ ഉത്തര കൊറിയക്കെതിരെ ഇന്ത്യയ്ക്ക് തോല്‍വി. രണ്ടിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് ഉത്തര കൊറിയ ഇന്ത്യയെ പരാജയപ്പെടുത്തിയത്.
ഉത്തര കൊറിയ്ക്കായി ക്യാപ്റ്റന്‍ ജോങ് ഗ്വാന്‍ രണ്ട് ഗോളുകളും സിം ജിന്‍, റീ ചോല്‍, റീ ജിന്‍ എന്നിവര്‍ ഒരോ ഗോള്‍ വീതവും സ്വന്തമാക്കി. ഇന്ത്യക്കായി ലാലിയന്‍സുവാല ചാങ്‌തെയും ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയും ഓരോ ഗോള്‍ വീതം നേടി. കൊറിയന്‍ ക്യാപ്റ്റന്‍ ജോങ് ഗ്വാനാണ് മത്സരത്തിലെ മികച്ച താരം.

എട്ടാം മിനുട്ടില്‍ ഗോള്‍ വേട്ടക്ക് ഉത്തര കൊറിയ തുടക്കം കുറിച്ചത്. ക്യാപ്റ്റനും ഉത്തര കൊറിയയുടെ 11ാം നമ്പര്‍ താരവുമായ ജോങ് ഗ്വാനാണ് ആദ്യഗോള്‍ സ്വന്തമാക്കിയത്. മനോഹരമായി ഒരു ഫ്രീകിക്ക് വലയിലെത്തിച്ചായിരുന്നു തുടക്കം. പിന്നാലെ 16ാം മിനുട്ടില്‍ മനോഹരമായൊരു മുന്നേറ്റത്തിലൂടെ 13ാം നമ്പര്‍ താരം സിം ജിന്‍ രണ്ടാം ഗോള്‍ നേടി. 29ാം മിനുട്ടിലായിരുന്നു ക്യാപ്റ്റന്റെ വക മൂന്നാം ഗോള്‍. ആദ്യപകുതി അവസാനിക്കുമ്പോള്‍ ഉത്തര കൊറിയ 3-0 ഇന്ത്യ.

രണ്ടാം പകുതി ആരംഭിച്ച് അഞ്ച് മിനുട്ട് കഴിഞ്ഞപ്പോള്‍ തന്നെ ഇന്ത്യ തിരിച്ചടിച്ചു. പകരക്കാരന്‍ ലാലിയന്‍സുവാല ചാങ്‌തെയുടെ വകയായിരുന്നു ഗോള്‍ സുനില്‍ ഛേത്രി നല്‍കിയ ഒന്നാം തരം പാസ് ചാങ്‌തെ കൃത്യമായി വലയിലെത്തിച്ചു. എന്നാല്‍ പിന്നാലെ ഉത്തര കൊറിയ വീണ്ടും ഇന്ത്യന്‍ വല ചലിപ്പിച്ചു. റീചോളായിരുന്നു ഗോള്‍ സ്‌കോറര്‍. പകരത്തിന് പകരമെന്നോണം 71ാം മിനുട്ടില്‍ ഇന്ത്യന്‍ നായകന്‍ സുനില്‍ ഛേത്രി ഒരു ഗോള്‍ കൊറിയന്‍ വലയിലെത്തിച്ചു. കളിയുടെ അധികസമയത്ത് ഒരു ഗോള്‍ കൂടി നേടി ഉത്തര കൊറിയ ഇന്ത്യന്‍ പതനം പൂര്‍ണമാക്കുകയായിരുന്നു. 16ാം തീയതി നടക്കുന്ന മൂന്നാം മത്സരത്തില്‍ സിറിയയാണ് ഇന്ത്യയുടെ എതിരാളികള്‍.