സി.ബി.ഐ വിവാദം; പ്രശാന്ത് ഭൂഷണ് കോടതിയലക്ഷ്യ നോട്ടീസ്

ന്യൂഡല്‍ഹി: മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ് കോടതിയലക്ഷ്യത്തിന് സുപ്രീംകോടതി നോട്ടീസ് അയച്ചു. നാഗേശ്വര്‍ റാവുവിനെ സി.ബി.ഐ ഇടക്കാല ഡയറക്ടറായി നിയമിച്ചതിനെതിരായ കേസിനെ സംബന്ധിച്ച പരാമര്‍ശത്തിനാണ് നോട്ടീസ്. അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാലും കേന്ദ്ര സര്‍ക്കാറും നല്‍കിയ ഹര്‍ജികളിലാണ് പ്രശാന്ത് ഭൂഷണ് നോട്ടീസ് അയച്ചത്. കോടതിയില്‍ തന്നെ ഉണ്ടായിരുന്ന പ്രശാന്ത് ഭൂഷണ്‍ നോട്ടീസ് കൈപ്പറ്റുകയും മറുപടിക്ക് മൂന്ന് ആഴ്ച സമയം ആവശ്യപ്പെടുകയും ചെയ്തു. കേസ് വീണ്ടും മാര്‍ച്ച് ഏഴിന് പരിഗണിക്കും. അലോക് വര്‍മയെ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് മാറ്റിയതിനെ തുടര്‍ന്ന് നാഗേശ്വര റാവുവിനെ വീണ്ടും ഇടക്കാല ഡയറക്ടറായി നിയമിച്ച കേന്ദ്രസര്‍ക്കാര്‍ നടപടി നിയമവിരുദ്ധമാണെന്ന് ആരോപിച്ച് പ്രശാന്ത് ഭൂഷണ്‍ നേരത്തെ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഉന്നതാധികാര സമിതി അറിയാതെയാണ് റാവുവിനെ നിയമിച്ചതെന്നും ഇടക്കാല ഡയറക്ടറെ നിയമിക്കാന്‍ സര്‍ക്കാറിന് അധികാരമില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാദം.