കൊല്ലം: കണ്ടെയ്ന്മെന്റ് സോണില്‍ നിന്ന് പുറത്തുകടക്കാന്‍ കഴിയാതിരുന്നതോടെ സാഹസിക ശ്രമത്തിന് മുതിര്‍ന്ന് യുവാക്കള്‍. റോഡു വഴി യാത്ര പറ്റില്ലെന്നറിഞ്ഞതോടെ പിന്നെ ഒന്നും നോക്കിയില്ല, റെയില്‍വേ ട്രാക്കിലൂടെ ബൈക്ക് ഓടിച്ചു. എന്നാല്‍ യുവാക്കളുടെ കണ്ടെയ്ന്മെന്റ് സോണ്‍ മറികടക്കാനുള്ള ശ്രമം റെയില്‍വേ അധികൃതര്‍ അറിഞ്ഞു. അതോടെ കരുനാഗപ്പള്ളിക്കും ഓച്ചിറക്കും ഇടയില്‍ വെച്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ തടയുകയായിരുന്നു. ഉദ്യോഗസ്ഥര്‍ എത്തിയതോടെ യുവാക്കള്‍ ബൈക്ക് ഉപേക്ഷിച്ചു മുങ്ങി
സംഭവത്തില്‍ കണ്ടാലറിയുന്ന രണ്ട് പേര്‍ക്കെതിരെ റെയില്‍വേ സുരക്ഷാ സേന കേസെടുത്തു. ബൈക്ക് ആര്.പി.എഫ് കസ്റ്റഡിയിലെടുത്തു. അതിക്രമിച്ചു കടക്കല്‍, മാര്‍ഗ തടസമുണ്ടാക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് രണ്ടു പേര്‍ക്കെതിരെ കേസെടുത്തത്.
ചവറ സ്വദേശിയായ യുവാവിന്റെ പേരിലുള്ളതാണ് ബൈക്ക്. എന്നാല്‍ ഓടിച്ചത് ഇയാളല്ലെന്നാണ് മൊഴി. ഇതേസമയം യുവാക്കളുടെ ബൈക്ക് യാത്രയുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.