ഭോപ്പാല്‍: അയോധ്യയില്‍ രാമക്ഷേത്രം നിര്‍മാണം ആരംഭിക്കുന്നതോടെ കോവിഡിന്റെ നാശത്തിന് തുടങ്ങുമെന്ന് മധ്യപ്രദേശ് ബിജെപി നേതാവ്. മധ്യപ്രദേശ് മന്ത്രിസഭയിലെ പ്രോടേം സ്പീക്കറും ബിജെപി നേതാവുമായ രാമേശ്വര്‍ ശര്‍മ്മയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി രാമക്ഷേത്രത്തിന്റെ തറക്കല്ലിടുന്നതോടെ കൊറോണ വൈറസിന്റെ പതനം ആരംഭിക്കുമെന്ന് പറഞ്ഞത്.
”രാമന് അവതരിച്ചത് ജനങ്ങളുടെ ക്ഷേമത്തിനും രാക്ഷസന്മാരുടെ കഥ കഴിക്കാനുമാണ്. രാമക്ഷേത്ര നിര്‍മ്മാണം എന്നു തുടങ്ങുന്നോ, അന്ന് കോവിഡ് മഹാമാരിയുടെ അന്ത്യവും ആരംഭിക്കും. ഇന്ത്യ മാത്രമല്ല, ലോകമൊട്ടാകെ കോവിഡ് മഹാമാരി കാരണം ബുദ്ധിമുട്ടുകയാണ്. രാമക്ഷേത്ര നിര്‍മ്മാണത്തിലൂടെ കോവിഡ് ലോകത്ത് നിന്ന് തന്നെ പോകും, പ്രത്യേകിച്ച് ഇന്ത്യയില്‍ നിന്ന്.” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആഗസ്റ്റ് അഞ്ചിനാണ് നരേന്ദ്രമോദി രാമക്ഷേത്രത്തിന്റെ തറക്കല്ലിടല്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് കര്‍മം നിര്‍വഹിക്കുക. കോവിഡ് മഹാമാരി രാജ്യത്തെ വലിയ പ്രതിസന്ധികളിലേക്ക് നയിക്കുമ്പോള്‍ ക്ഷേത്രനിര്‍മ്മാണത്തിനും ആഘോഷങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്നതിനെ പ്രതിപക്ഷ പാര്‍ട്ടികള്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.