അന്വേഷണം വേണം; നടന്‍ സുശാന്ത് സിങിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് അമ്മാവന്‍

മുംബൈ: ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത്തിനെ(34) വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദൂരൂഹത ആരോപിച്ച് അമ്മാവന്‍ രംഗത്ത്. അവന്‍ ആത്മഹത്യ ചെയ്തുവെന്ന് ഞങ്ങള്‍ കരുതുന്നില്ല, പോലീസ് ഇക്കാര്യം അന്വേഷിക്കണം. അദ്ദേഹത്തിന്റെ മരണത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് തോന്നുന്നു. അവന്‍ കൊല്ലപ്പെട്ടതാണ്, ബീഹാറിലെ പട്നയിലുള്ള സുശാന്തിന്റെ വസതിക്ക് പുറത്ത് നിന്നും സുശാന്ത് സിംഗ് രാജ്പുട്ടിന്റെ അമ്മാവന്‍ എഎന്‍ഐയോട് പ്രതികരിച്ചു.

ഇന്നലെ മുംബൈയിലെ ബാന്ദ്രയിലെ സ്വവസതിയില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. ഞായറാഴ്ച പുലര്‍ച്ചെയാണ് നടനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. വീട്ടിലെ ജോലിക്കാരനാണ് പോലീസിനെ വിവരം അറിയിച്ചത്.

ടെലിവിഷന്‍ സീരിയലുകളിലൂടെയാണ് സുശന്ത് സിങ് അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. ചേതന്‍ ഭഗതിന്റെ ത്രീ മിസ്റ്റേക്ക്സ് ഓഫ് മൈ ലൈവ് എന്ന നോവലിന്റെ ചലച്ചിത്രാവിഷ്‌കാരമായ കായ് പോ ചേ എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ ശ്രദ്ധ നേടി. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച നവാഗത നടനുള്ള മൂന്നു അവാര്‍ഡുകളും ലഭിച്ചു.

ഇന്ത്യന്‍ ക്രിക്കറ്റ് താരം മഹേന്ദ്ര സിംഗ് ധോണിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ എം.എസ് ധോണി അണ്‍ടോള്‍ഡ് സ്റ്റോറി’യാണ് നടന് താര പദവി നല്‍കിയത്. ലോകാത്താകമാനമായി റിലീസ് ചെയ്ത ഈ ചിത്രത്തിലെ അഭിനയത്തിന് നടന് വലിയ അഭിനന്ദനങ്ങളാണ് ലഭിച്ചത്. മികച്ച നടനുള്ള സ്‌ക്രീന്‍ അവാര്‍ഡും (നീരുപകരുടെ) നേടി.

പി.കെ, കേദാര്‍നാഥ്, വെല്‍കം ടു ന്യൂയോര്‍ക്, ചിച്ചോര്‍ തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. സൈഫലി ഖാനൊപ്പം ചെയ്ത ദില്‍ ബെച്ചാരയാണ് ഏറ്റവും ഒടുവില്‍ അഭിനയിച്ച ചിത്രം. മെയില്‍ ഇറങ്ങേണ്ടിയിരുന്ന ചിത്രത്തിന്റെ റിലീസിങ്ങ് ലോക്ക്ഡൗണ്‍ കാരണം നീളുകയായിരുന്നു.

ബിഹാറിലെ പൂര്‍ണിയയിലാണ് സുശാന്ത് സിങ് രജ്പുത് ജനിച്ചത്. ചെറുപ്പത്തില്‍ കുടുംബത്തോടൊപ്പം പട്നയിലേക്ക് മാറി. തുടര്‍ന്ന് എഞ്ചിനീയറിങ് പഠനത്തിനായി രജ്പുത് ഡല്‍ഹിയിലേക്ക് പോയി.എന്നാല്‍ അഭിനയരംഗത്ത് പ്രവര്‍ത്തിക്കുന്നതിനായി പാതിവഴിയില്‍ പഠനം നിറുത്തി. കിസ് ദേശ് മെന്‍ ഹായ് മെരാ ദില്‍ എന്ന ഷോയില്‍ ടിവിയില്‍ ഏക്താ കപൂറാണ് സുശാന്ത് സിങിന് ആദ്യ അവസരം നല്‍കിയത്, തുടര്‍ന്ന് പവിത്ര റിഷ്തയിലെ പ്രധാന വേഷം ചെയ്തു. നെറ്റ്ഫ്ളിക്സ് ഫിലിംഡ്രൈവിലാണ് സുശാന്ത് സിങ് രജ്പുതിനെ അവസാനമായി കണ്ടത്. ചുരുങ്ങിയകാലത്തിനിടെ യുവാക്കള്‍ക്കിടയില്‍ ശ്രദ്ധേയനാകാന്‍ താരത്തിനായിരുന്നു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)