രാഹുലിന്റെ സുരക്ഷ വര്‍ധിപ്പിക്കാന്‍ പുതിയ വിമാനം വേണം; വീട് വില്‍ക്കാനായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

ഭോപ്പാല്‍: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് നിലവിലെ സുരക്ഷ മതിയാവില്ലെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. കര്‍ണ്ണാടകയിലെ തെരഞ്ഞെടുപ്പ് സമയത്ത് രാഹുല്‍ സഞ്ചരിച്ച വിമാനം അപകടത്തില്‍പെട്ട സാഹചര്യത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രാഹുല്‍ഗാന്ധിക്ക് പുതിയ വിമാനം വാങ്ങുന്നതിന് മുന്നിട്ടിറങ്ങിയിരിക്കുകയാണ്. ഇതിനായി വീടും സ്ഥലവും വില്‍പ്പനക്ക് വെച്ചിരിക്കുകയാണവര്‍.

മികച്ച സുരക്ഷയൊരുക്കുക എന്നതാണ് പ്രവര്‍ത്തകരുടെ ലക്ഷ്യം. ആധുനിക സൗകര്യങ്ങളോട് കൂടിയ വിമാനം വാങ്ങാന്‍ സ്വന്തം വീടും വസ്തുക്കളും വില്‍പ്പനക്ക് വെച്ചിരിക്കുകയാണ് മധ്യപ്രദേശ് സ്വദേശിയായ അശോക് ജയ്‌സ്വാളും മറ്റ് നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകരും. ഇതിനായി പ്രാദേശിക ദിനപത്രത്തില്‍ പരസ്യം നല്‍കിയിട്ടുമുണ്ട് അവര്‍. വീടും കടകളും വിറ്റ് കിട്ടുന്ന പണം അടുത്ത തെരഞ്ഞെടുപ്പിന് മുമ്പ് വിമാനം വാങ്ങുന്നതിനായി സംഭാവന നല്‍കാനാണ് ഇവരുടെ തീരുമാനം.

രാഹുല്‍ ഗാന്ധിയെപ്പോലെയുള്ള നേതാവിന്റെ സുരക്ഷ പാര്‍ട്ടിയുടെ ഉത്തരവാദിത്വമാണ്. രാജ്യത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒത്തുചേര്‍ന്ന് പ്രവര്‍ത്തിച്ചാല്‍ രാഹുലിന് വിമാനം വാങ്ങാന്‍ കഴിയുമെന്നും ജയ്‌സ്വാള്‍ പറഞ്ഞു. രാഹുലിന് സുരക്ഷ ഉറപ്പാക്കണമെന്ന് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തെഴുതിയതായും അശോക് ജയ്‌സ്വാള്‍ പറഞ്ഞു.

കര്‍ണാടകയിലെ ഹൂബ്ലി വിമാനത്താവളത്തില്‍ ചാര്‍ട്ടേര്‍ഡ് വിമാന അപകടത്തില്‍ നിന്ന് രാഹുല്‍ഗാന്ധി രക്ഷപ്പെട്ടത് 20 സെക്കന്റുകള്‍ മാത്രം ബാക്കിനില്‍ക്കെയെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് ഈയടുത്താണ് പുറത്ത് വനന്ത്. വിമാനം അസ്വാഭാവികമായി തകരാറിലായ സംഭവത്തിലെ അന്വേഷണ റിപ്പോര്‍ട്ടാണ് പുറത്ത് വന്നിരുന്നത്. അപകടത്തില്‍ പെടാന്‍ വെറും 20 സെക്കന്റ് മാത്രം ബാക്കി നില്‍ക്കെയാണ് വിമാനത്തിന്റെ തകരാറ് പരിഹരിച്ചതെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. ഏപ്രില്‍ 26നായിരുന്നു സംഭവം. സംഭവത്തിലെ അന്വേഷണ റിപ്പോര്‍ട്ട് ടൈംസ് നൗ ആണ് പുറത്തുവിട്ടത്.

നേരത്തെ, സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച് കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. എന്നാല്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും യാതൊരു പിന്തുണയും ഉണ്ടായിരുന്നില്ല. സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറലിന് കോണ്‍ഗ്രസ് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ഡയറക്ടര്‍ ജനറല്‍ നിയോഗിച്ച രണ്ട് അംഗ സമിതിയാണ് സംഭവം അന്വേഷിച്ചത്. നേരത്തേ സര്‍ക്കാര്‍ ഇത് പുറത്തുവിടുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ അതുണ്ടായില്ല. വിമാനത്തിന് തകരാറ് പറ്റിയപ്പോള്‍ വിമാനജീവനക്കാര്‍ ഇത് നിയന്ത്രണത്തിലാക്കാന്‍ വൈകിയതായി അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. ബാക്കി 20 സെക്കന്റിനകം വിമാനത്തിന്റെ തകരാറ് പരിഹരിക്കാന്‍ കഴിഞ്ഞിരുന്നില്ലെങ്കില്‍ വിമാനം തകരുമായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

വിമാനം ഒരുഭാഗം ചരിഞ്ഞാണ് പറന്നിരുന്നത്. ഇത് വലിയ അപകടത്തിന് കാരണമാവുമായിരുന്നു. 20 സെക്കന്റിനുളളില്‍ ഇത് പരിഹരിക്കാന്‍ സാധിച്ചില്ലെങ്കില്‍ വിമാനം തകരുമായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, റിപ്പോര്‍ട്ട് പുറത്തുവിടാത്ത സര്‍ക്കാര്‍ നടപടിയിലും കോണ്‍ഗ്രസ് ദുരൂഹത ആരോപിച്ചിരുന്നു.

കര്‍ണ്ണാടക തെരഞ്ഞെടുപ്പ് വേളയിലാണ് സംഭവം. രാഹുല്‍ ഗാന്ധിയും നാല് സഹയാത്രികരുമായി ഡല്‍ഹിയില്‍ നിന്നും കര്‍ണാടകയിലേക്ക് പുറപ്പെട്ട വിമാനം യാത്രാമധ്യേ തകരാറുകള്‍ നേരിടുകയായിരുന്നു. മനപ്പൂര്‍വ്വമായ അട്ടിമറിശ്രമം നടന്നതായി സംശയിക്കുന്നുവെന്ന് കോണ്‍ഗ്രസ് പരാതിപ്പെടുകയും ചെയ്തു. രാവിലെ 9.20നാണ് വിമാനം പുറപ്പെട്ടത്. ഏതാണ്ട് 10.45 ആയപ്പോള്‍ വിമാനം പെട്ടെന്ന് ഇടത്തോട്ട് ശക്തമായി ചെരിഞ്ഞു. തുടര്‍ന്ന് ആഴത്തിലേക്ക് അതിവേഗതയില്‍ താഴ്ന്നു. പുറത്തെ കാലാവസ്ഥക്ക് കുഴപ്പമൊന്നുമുണ്ടായിരുന്നില്ല. വിമാനം താഴ്ന്നു കൊണ്ടിരിക്കുമ്പോള്‍ വലിയ ശബ്ദങ്ങള്‍ കേള്‍ക്കാമായിരുന്നു. മൂന്നാമത്തെ ശ്രമത്തിലാണ് ഹുബ്ലി വിമാനത്താവളത്തില്‍ വിമാനത്തിന് ലാന്‍ഡ് ചെയ്യാനായത്. 11.25നായിരുന്നു ലാന്‍ഡിങ്. അസാധാരണമായ ശബ്ദങ്ങളോടെ വിമാനം തുടര്‍ച്ചയായി വിറച്ചു കൊണ്ടിരുന്നു. വിമാന ജീവനക്കാരടക്കം എല്ലാവരെയും ഈ സംഭവങ്ങള്‍ ഭീതിയിലാഴ്ത്തി.

സാങ്കേതികപ്പിഴവുകള്‍ മൂലമാണ് വിമാനം പെട്ടെന്ന് ആഴത്തിലേക്ക് താഴുന്നതു പോലുള്ള സംഭവങ്ങളുണ്ടാവുക എന്ന് രാഹുലിന്റെ ഓഫീസ് ചൂണ്ടിക്കാട്ടിയിരുന്നു. മനപ്പൂര്‍വ്വമായി സാങ്കേതികത്തകരാര്‍ വരുത്തിയിരിക്കാനുള്ള സാധ്യത ഏറെയാണ്. ഒറ്റ തകരാറല്ല വിമാനത്തിനുണ്ടായിരുന്നതെന്ന കാര്യവും രാഹുലിന്റെ ഓഫീസ് ചൂണ്ടിക്കാട്ടി. വിമാനത്തിന്റെ സാങ്കേതികവും ഘടനാപരവുമായ പ്രശ്‌നങ്ങളെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്നും വിമാനത്തിന്റെ മെയിന്റനന്‍സ് നടത്തുന്ന സാങ്കേതികജ്ഞരെയും അന്വേഷണവിധേയമാക്കണമെന്നും രാഹുലിന്റെ ഓഫീസ് ആവശ്യപ്പെട്ടു. റെലിഗേയര്‍ ഏവിയേഷന്‍ കമ്പനിയുടേതാണ് അപകടത്തിലായ വിമാനം. 2011ല്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട വിമാനമാണിത്.

SHARE