ഉപതെരഞ്ഞെടുപ്പില്‍ ജയം; കോണ്‍ഗ്രസ് വലിയ ഒറ്റകക്ഷി, മേഘാലയയിലും ബി.ജെ.പിക്ക് അധികാരം നഷ്ടമാവും

ഷില്ലോങ്: മേഘാലയയിലെ അമ്പാട്ടി മണ്ഡലത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ മിയാനി ഡി ഷിറ വിജയിച്ചു. ഉപതെരഞ്ഞെടുപ്പ് ജയത്തോടെ 60 അംഗ നിയമസഭയില്‍ 21 സീറ്റുമായി കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായി. ഇതോടെ മേഘാലയയില്‍ സര്‍ക്കാറുണ്ടാക്കാന്‍ കോണ്‍ഗ്രസ് വരും ദിവസങ്ങളില്‍ ഗവര്‍ണറെ കണ്ട് അവകാശവാദം ഉന്നയിക്കും. കര്‍ണാടകയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായ ബി.ജെ.പിയെ ഗവര്‍ണര്‍ സര്‍ക്കാറുണ്ടാക്കാന്‍ ക്ഷണിച്ച സാഹചര്യത്തില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിന്
മുമ്പേ കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നു ജയിച്ചാല്‍ സര്‍ക്കാര്‍ രൂപികരിക്കാനുള്ള അവകാശവാദം ഉന്നയിച്ച് ഗവര്‍ണറെ കാണുമെന്ന്.

നിയമസഭാ തെരഞ്ഞെടുപ്പില്‍ രണ്ടു സീറ്റുമാത്രം ലഭിച്ച ബി.ജെ.പി മറ്റു പ്രതിപക്ഷ പാര്‍ട്ടികളെ ഒപ്പം നിര്‍ത്തി മേഘാലയയില്‍ സര്‍ക്കാര്‍ രൂപികരിക്കുകയായിരുന്നു. 20 സീറ്റുള്ള നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിക്ക് മുഖ്യമന്ത്രി സ്ഥാനം നല്‍കിയ ബി.ജെ.പി, യു.ഡി.പി (ആറ് സീറ്റ്) പി.ഡി.എഫ് (നാല്) എന്നിവരെ ഒപ്പം നിര്‍ത്തിയാണ് മന്ത്രിസഭ രൂപികരിച്ചത്. നിലവില്‍ കോണ്‍ഗ്രസ് സഖ്യത്തിന് 23 എം.എല്‍.എമാരുണ്ട്. എതിര്‍പാളയത്തില്‍ നിന്ന് എട്ട് അംഗങ്ങളെ അടര്‍ത്തിയെടുക്കാനായാല്‍ കോണ്‍ഗ്രസിന് കേവല ഭൂരിപക്ഷത്തിനുള്ള സംഖ്യയാവും.

അതേസമയം കര്‍ണാടകയിലേതുപോലെ ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ മുഖ്യമന്ത്രിപദം സഖ്യകക്ഷികള്‍ക്ക് നല്‍കാന്‍ കോണ്‍ഗ്രസ് തയ്യാറാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നുണ്ട്. മേഘാലയയില്‍ സര്‍ക്കാര്‍ താഴെ വീണാല്‍ അത് ബി.ജെ.പിക്ക് വലിയ തിരിച്ചടിയാവും.

നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ മുകുള്‍ സാഗ്മയാണ് അമ്പാട്ടിയില്‍ വിജയിച്ചത്. ഇതുകൂടാതെ അദ്ദേഹം സോങ്‌സാക്ക് മണ്ഡലത്തിലും വിജയിച്ചിരുന്നു. പിന്നീട് അമ്പാട്ടിയിലെ എംഎല്‍എ പദവി രാജിവച്ചു. തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. മുകുള്‍ സാഗ്മയുടെ മകളായ മിയാനി ഡി ഷിറയാണ് ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി നിര്‍ത്തിയത്.

ശക്തമായ പോരാട്ടത്തിനൊടുവില്‍ നാഷണല്‍ പീപിള്‍സ് പാര്‍ട്ടിയിലെ ക്ലെമന്റ് ജി മോമിനെ പരാജയപ്പെടുത്തുകയായിരുന്നു മിയാനി. മൂന്ന് സ്ഥാനാര്‍ഥികളായിരുന്നു പ്രധാനമായും മല്‍സര രംഗത്തുണ്ടായിരുന്നത്. എന്‍.പി.പിയുടെ ക്ലെമന്റ് ജി മോമിന്‍, സ്വതന്ത്രന്‍ സുബന്‍കര്‍ കോക് എന്നിവരാണ് നേരിട്ട് മത്സരിച്ചത്. വോട്ട് എണ്ണല്‍ ആരംഭിച്ചത് മുതല്‍ എന്‍.പി.പിയുടെ മോമിനി മുന്നിട്ടു നിന്നെങ്കിലും അവസാന റൗണ്ടില്‍ കോണ്‍ഗ്രസ് മുന്നേറുകയായിരുന്നു.