കുടിയേറ്റ തൊഴിലാളികളുടെ യാത്രാചെലവ് കോണ്‍ഗ്രസ് വഹിക്കും; കേന്ദ്രത്തെ കൊട്ടി സോണിയ ഗാന്ധി

ന്യൂഡല്‍ഹി: നാട്ടിലേക്ക് തിരിച്ചുപോവുന്ന പാവപ്പെട്ട കുടിയേറ്റ തൊഴിലാളികളുടെ യാത്രാക്കൂലി കോണ്‍ഗ്രസ് വഹിക്കുമെന്ന് പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധി. നിര്‍ധനരായ കുടിയേറ്റ തൊഴിലാളികള്‍ സ്വന്തം നാട്ടിലേക്ക് മടങ്ങുന്നതിന് വേണ്ട ട്രെയിന്‍ യാത്രിയുടെ ചെലവ് പാര്‍ട്ടി വഹിക്കുമെന്നം അതത് കോണ്‍ഗ്രസ് പ്രദേശ് കമ്മിറ്റികളാണ് ഇതിനായുള്ള സംവിധാനം ഒരുക്കേണ്ടതെന്നുംസോണിയ ഗാന്ധി കീഴ്ഘടകങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.

പാവപ്പെട്ട കുടിയേറ്റ തൊഴിലാളികളില്‍ നിന്നും യാത്രാനിരക്ക് ഈടാക്കാനുള്ള തീരുമാനത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ നേരത്തെ സോണിയ ഗാന്ധി രൂക്ഷവിമര്‍ശനമുന്നയിച്ചിരുന്നു. തൊഴിലാളികള്‍ക്ക് സൗജന്യയാത്രയെന്ന കോണ്‍ഗ്രസ് മുന്നോട്ടുവെച്ച ആവശ്യം കേന്ദ്രസര്‍ക്കാരും റെയില്‍വേ മന്ത്രാലയവും അവഗണിച്ചു. കോവിഡ് പ്രതിസന്ധി ഘട്ടത്തിലും തൊഴിലാളികളില്‍ നിന്നും കേന്ദ്രം നിരക്ക് ഈടാക്കുന്നത് ആശങ്കപ്പെടുത്തുന്ന കാര്യമാണെന്ന് സോണിയ പറഞ്ഞു.

തോളോട് തോള്‍ ചേര്‍ന്നുനിന്നുകൊണ്ട് തൊഴിലാളികളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കേണ്ട അവസരമാണിതെന്നും ഇത് കോണ്‍ഗ്രസിന്റെ എളിയ സേവനമാണെന്നും കോണ്‍ഗ്രസ് ഔദ്യോഗിക ട്വിറ്ററിലൂടെ അറിയിച്ചു.

തൊഴിലാളികളില്‍ നിന്നും യാത്രാ നിരക്ക് ഈടാക്കുന്ന റെയില്‍വെ 151 കോടി രൂപയാണ് പി.എം കെയേഴ്സ് ഫണ്ടിലേക്ക് നല്‍കിയത്. ട്രംപിന്റെ സന്ദര്‍ശന വേളയില്‍ ഗുജറാത്തില്‍ സംഘടിപ്പിച്ച ഒരു പരിപാടിക്ക് മാത്രം കേന്ദ്രം ചെലവഴിച്ചത് 100 കോടി രൂപയാണ്. ആ സര്‍ക്കാരാണ് ലോക്ക്ഡൗണില്‍ കുടുങ്ങിപ്പോയ കുടിയേറ്റ തൊഴിലാളികളില്‍ നിന്ന് ട്രെയിന്‍ യാത്രാക്കൂലി ഈടാക്കുന്നത്. നമ്മുടെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലാണ് കുടിയേറ്റ തൊഴിലാളികള്‍. രാജ്യപുരോഗതിയുടെ അംബാസിഡര്‍മാരാണ് അവര്‍-സോണിയ പ്രസ്താവനയില്‍ പറഞ്ഞു.

ലോക്ക്ഡൗണിനെക്കുറിച്ച് കേന്ദ്രം നാലുമണിക്കൂര്‍ മുമ്പ് പോലും നോട്ടീസ് നല്‍കിയിട്ടില്ല, ഇത് തൊഴിലാളികള്‍ക്കും കുടിയേറ്റ തൊഴിലാളികള്‍ക്കും അവരുടെ വീടുകളിലേക്ക് മടങ്ങാനുള്ള അവസരമാണ് നിഷേധിച്ചത്.

1947 ല്‍ വിഭജനത്തിന് ശേഷം ഇന്ത്യ ഇതുപോലൊരു ദുരന്തം നേരിടുന്നത് ഇതാദ്യമാണ്. ആയിരക്കണക്കിന് കുടിയേറ്റ തൊഴിലാളികളും ജോലിക്കാരും ഭക്ഷണമോ മരുന്നോ ഗതാഗത സൗകര്യമോ ഇല്ലാതെ നാടെത്താന്‍ നൂറുകണക്കിന് കിലോമീറ്റര്‍ നടക്കാന്‍ നിര്‍ബന്ധിതരായി, സോണിയ പ്രസ്താവനയില്‍ കുറിച്ചു