ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്ടന് വിരാട് കോലിയുടെയും ബോളിവുഡ് താരം അനുഷ്ക ശര്‍മയുടെ വിവാഹത്തെച്ചൊല്ലി വിവാദ പരാമര്‍ശം നടത്തിയ ബി.ജെ.പി എം.എല്‍.എക്കെതിരെ കോണ്‍ഗ്രസ് രംഗത്ത്. ഇറ്റലിയില്‍ വെച്ച് വിവാഹിതരായതിനാല്‍ ഇരുവര്‍ക്കും രാജ്യസ്നേഹമില്ലെന്ന് മധ്യപ്രദേശിലെ ബി.ജെ.പി എം.എല്‍.എ പന്നാ ലാല്‍ ശാക്യ പ്രസംഗിച്ചിരുന്നു. രാജ്യത്തെ യുവതീ യുവാക്കള്‍ ഇനി മുതല്‍ ബി.ജെ.പിയുടെ അംഗീകാരം നേടിയ ശേഷം വിവാഹിതരായാല്‍ മതിയെന്ന് കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സുര്‍ജേവാല പരിഹസിച്ചു.
‘ഇന്ത്യയിലെ എല്ലാ യുവതീയുവാക്കളും ഒരു കാര്യം ശ്രദ്ധിക്കണം. വിവാഹം ചെയ്യാന്‍ ഉദ്ദേശിക്കുമ്പോള്‍ ആരെ, എവിടെ വെച്ച്, ആഘോഷങ്ങള്‍ എങ്ങനെ, എന്തൊക്കെ ഭക്ഷണങ്ങളാണ് വിളമ്പുന്നത് എന്നീ കാര്യങ്ങള്‍ ബി.ജെ.പിയെ അറിയിച്ച് മുന്‍കൂറായി അനുമതി വാങ്ങണം.’- സുര്‍ജേവാല ട്വിറ്ററില്‍ കുറിച്ചു.
Attention-
To all ‘Young Men/Women’ in India.Pl take prior approval from BJP for-:
1. Deciding whom to marry;
2. Deciding the venue of marriage;
3. Deciding the nature of festivities;
4. Deciding the food menu.Thank You.
PS- Issued in Public Interesthttps://t.co/1ePjsuCCJV— Randeep S Surjewala (@rssurjewala) December 20, 2017
സ്വന്തം മണ്ഡലമായ ഗുണയിലെ സ്കില്‍ ഇന്ത്യ സെന്റര്‍ ഉദ്ഘാടന ചടങ്ങിലാണ് പന്നാലാല്‍ ശാക്യ കോലിക്കെതിരെ വിവാദ പ്രസ്താവന നടത്തിയത്: ‘ശ്രീരാമനും ശ്രീകൃഷ്ണനും വിക്രമാദിത്യനും യുധിഷ്ഠിരനും ഈ മണ്ണില്‍ വെച്ചാണ് വിവാഹിതരായത്. നിങ്ങളെല്ലാം ഇവിടെ വെച്ചു തന്നെ വിവാഹം കഴിക്കണം. വിവാഹം ചെയ്യാന്‍ വേണ്ടി നമ്മള് ആരും വിദേശ രാജ്യത്തേക്ക് പോകുന്നില്ല. കോലി ഇവിടെ നിന്ന് പണമുണ്ടാക്കുകയും ഇറ്റലിയില്‍ പോയി ചെലവഴിക്കുകയുമാണ് ചെയ്തത്. അയാള്‍ക്ക് ഈ രാജ്യത്തോട് ഒരു ബഹുമാനവും ഇല്ല. അയാള്‍ ദേശസ്നേഹിയല്ലെന്നാണ് ഇത് തെളിയിക്കുന്നത്.’ ശാക്യ പറയുന്നു.
താന്‍ ഉദ്ഘാടനം ചെയ്ത സ്കില്‍ സെന്ററില്‍ നിന്ന് പരിശീലനം നേടുന്നവര്‍ ഇന്ത്യയില്‍ തന്നെ ജോലി ചെയ്യണമെന്നും പന്നാലാല്‍ ശാക്യ ആവശ്യപ്പെട്ടു. ‘പരിശീലനം നേടിയ ശേഷം നിങ്ങള്‍ ഈ രാജ്യത്തു തന്നെ ജോലി ചെയ്യണം. അതായിരിക്കും ഏറ്റവും വലിയ ദേശ സേവനം. അല്ലെങ്കില്‍ പണമുണ്ടാക്കി ഇറ്റലിയില്‍ പോയി കല്യാണം കഴിച്ച് അടിച്ചുപൊളിച്ച് തിരിച്ചുവരൂ… സൂക്ഷ്മമായി ചിന്തിച്ചാല്‍ ഇറ്റലിയില്‍ നിന്നുള്ള ഡാന്‍സര്‍മാര്‍ ഇന്ത്യയില്‍ വരികയും കോടിപതികള്‍ ആവുകയും ചെയ്യുന്നു. ഈ രാജ്യത്തിന്റെ പണം അവിടേക്ക് കൊണ്ടുപോകുന്നു. നിങ്ങള്‍ എത്ര വലിയ ആളാണെങ്കിലും മാതൃകയാവുന്നില്ല. ഈ രാജ്യത്ത് കഠിനാധ്വാനം ചെയ്ത് പണം സമ്പാദിക്കുന്നവരാണ് യഥാര്‍ത്ഥ മാതൃകകള്‍’ പന്നാ ലാല്‍ പറഞ്ഞു.