ഇന്ധന വില; തിങ്കളാഴ്ച രാജ്യവ്യാപക പ്രതിഷേധത്തിനൊരുങ്ങി കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: ആഴ്ചകളായി തുടര്‍ച്ചയായ ദിവസങ്ങളില്‍ രാജ്യത്ത് കുതിച്ചുയരുന്ന പെട്രോള്‍-ഡീസല്‍ വിലയില്‍ മോദി സര്‍ക്കാറിനെതിരെ രാജ്യവ്യാപക പ്രതിഷേധത്തിനൊരുങ്ങി കോണ്‍ഗ്രസ് പാര്‍ട്ടി.

എണ്ണ വില വര്‍ധനവ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് എം.പിമാരും എം.എല്‍.എമാരും തിങ്കളാഴ്ച രാഷ്ട്രപതി രാംനാഥ് കോവിന്ദിന് മെമോറാണ്ടം സമര്‍പ്പിക്കും. രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കുന്ന അതേ ദിവസം തന്നെ ‘ഇന്ധന വില വര്‍ധനവിനെതിരെ സംസാരിക്കൂ’ എന്ന പേരില്‍ മീഡിയ ക്യാംപെയിനും കോണ്‍ഗ്രസ് സംഘടിപ്പിക്കുന്നുണ്ട്.

കൊവിഡിനിടയില്‍ ജനങ്ങളെ കൊള്ളയടിക്കുന്ന നടപടിയാണ് കേന്ദ്രം തുടരുന്നതെന്നും യാതൊരു ചിന്തയും കൂടാതെ ഇന്ധന വില വര്‍ധിപ്പിക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധമുയരുമെന്നും രാജ്യസഭാംഗവും എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയുമായ കെ. സി വേണുഗോപാല്‍ പറഞ്ഞു. കഴിഞ്ഞ 21 ദിവസമായി കേന്ദ്രസര്‍ക്കാര്‍ ഇന്ധന വില വര്‍ധിപ്പിക്കുകയാണെന്നും ഇത് സാധാരണ ജനങ്ങളുടെ മുതുകില്‍ ഇരട്ടിഭാരം കയറ്റുന്ന നടപടിയാണെന്നം വേണുഗോപാല്‍ കുറ്റപ്പെടുത്തി.

രാജ്യവ്യാപക പ്രതിഷേധത്തിലൂടെ ജനങ്ങള്‍ക്കുമേല്‍ സര്‍ക്കാര്‍ അടിച്ചേല്‍പ്പിക്കുന്ന അമിത ഭാരത്തെ ഉയര്‍ത്തിക്കാട്ടുമെന്നും കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിക്കുമെന്നും കെ. സി വേണുഗോപാല്‍ പറഞ്ഞു.

താലൂക്ക്, ബ്ലോക്ക് അടിസ്ഥാനത്തില്‍ വലിയ പ്രക്ഷോഭങ്ങള്‍ വരുംദിവസങ്ങളില്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.