പ്രിയങ്ക ഗാന്ധി രാജ്യസഭയിലേക്ക്

ന്യൂഡല്‍ഹി: പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായ പ്രിയങ്ക ഗാന്ധിയെ രാജ്യസഭയിലേക്ക് അയയ്ക്കാനുള്ള ചര്‍ച്ചകള്‍ കോണ്‍ഗ്രസ് സജീവമാക്കിയതായി റിപ്പോര്‍ട്ട്. നിലവില്‍ കിഴക്കന്‍ യു.പിയുടെ ചുമതലയുള്ള പ്രിയങ്ക പാര്‍ലമെന്ററി രംഗത്തേക്ക്കൂടി കടന്നു വരണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഏറെ നാളായുള്ള ആവശ്യമാണ്.

പ്രിയങ്കയുടെ സാന്നിധ്യം എന്‍.ഡി.എയ്ക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷമില്ലാത്ത രാജ്യസഭയില്‍ പാര്‍ട്ടിക്ക് കൂടുതല്‍ കരുത്തുപകരുമെന്നാണ് കണക്കുകൂട്ടല്‍. ജനാധിപത്യത്തെ തന്നെ ചോദ്യംചെയ്യുന്ന തരത്തിലുള്ള ബില്ലുകള്‍ രാജ്യസഭയില്‍ തുടര്‍ച്ചയായി വരുന്ന മോദി ഭരണകാലത്ത് രാജ്യസഭയില്‍ പ്രതിക്ഷകക്ഷികളുടെ ശക്തമായ ചെറുത്തുനില്‍പ്പ് വരുത്താന്‍ പ്രിയങ്കക്ക് സാധിക്കുമെന്നാണ് രാഷ്ട്രീയ വിലയിരുത്തല്‍.

ഛത്തിസ്ഗഡില്‍ നിന്നോ മധ്യപ്രദേശില്‍ നിന്നോ പ്രിയങ്കയെ രാജ്യസഭയിലേക്ക് അയക്കാനാണ് കോണ്‍ഗ്രസ് നീക്കം. കോണ്‍ഗ്രസിന് മൂന്നില്‍ രണ്ടു ഭൂരിപക്ഷമുള്ള ഛത്തിസ്ഗഡില്‍ ഏപ്രിലില്‍ രണ്ടു സീറ്റുകള്‍ ഒഴിയും. മധ്യപ്രദേശില്‍ മൂന്നും. ഇരു സംസ്ഥാനങ്ങളില്‍ നിന്നും രണ്ടുവീതം പേരെ രാജ്യസഭയില്‍ എത്തിക്കാന്‍ കോണ്‍ഗ്രസിന് സാധിക്കുമെ്ന്നിരിക്കെയാണ് പ്രിയങ്കക്കുവേണ്ടിയുള്ള ആവശ്യം ശക്തമാകുന്നത്.

നേരത്തെ 2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മോദിക്കെതിരെ വരാണസിയില്‍ പ്രിയങ്ക മത്സരിക്കുമെന്ന അഭ്യൂഹമുണ്ടായിരുന്നു. അജയ് റായല്‍ സ്ഥാനാര്‍ഥി ആയതോടെയാണ് ആഭ്യൂഹത്തിനു വിരാമമായത്. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ പ്രിയങ്കയെ രാജ്യസഭയിലേക്ക് അയക്കാനുള്ള ചര്‍ച്ചകള്‍ സജീവമായെന്ന റിപ്പോര്‍ട്ട് പുറത്തുവരുന്നത്. രാജ്യസഭാ പ്രവേശനം തെരെഞ്ഞടുപ്പ് രാഷ്ട്രീയത്തിലേക്കുള്ള ചവിട്ടുപടിയാണെന്നും നേതൃത്വം വിലയിരുത്തുന്നു.

ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനമായ ഉത്തര്‍ പ്രദേശിലെ ബിജെപി മുഖ്യമന്ത്രി യോഗി അദിത്യനാഥ് സര്‍ക്കാറിനെതിരെ ശക്തമായ ചെറുത്തുനില്‍പ്പ് നടത്തി രാജ്യശ്രദ്ധ നേടിയതാണ് പ്രിയങ്ക. പൗരത്വനിയമ ഭേദഗതിക്ക് പിന്നാലെ ക്രൂരമായി ആക്രമിക്കപ്പെട്ട പ്രതിഷേധക്കാര്‍ക്കു ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും അവരുടെ വീടുകള്‍ സന്ദര്‍ശിച്ചും പ്രിയങ്ക ജനങ്ങളുടെ പ്രീതി നേടിയിരുന്നു.

സംസ്ഥാനത്തെ വിവിധ വിഷയങ്ങളില്‍ ഇടപെടുന്ന പ്രിയങ്ക ഗാന്ധി സജീവമായി പ്രവര്‍ത്തിക്കുകയും പാര്‍ട്ടിയെ ശക്തമാക്കി സജ്ജമാക്കാനുള്ള ശ്രമത്തിലാണ്. ജനങ്ങളുടെ ആവശ്യങ്ങളറിഞ്ഞ് യുപിയില്‍ മുന്‍ മുഖ്യമന്ത്രിയും എസ്പി മേധാവിയുമായി അഖിലേഷ് യാദവിനേക്കാള്‍ എറെ മുന്നിലാണിപ്പോള്‍ പ്രിയങ്ക ഗാന്ധി.