ലോക്ഡൗണുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിന്റെ വീഴ്ചകള്‍ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ രാജ്യവ്യാപക പതിഷേധവുമായി കോണ്‍ഗ്രസ് പാര്‍ട്ടി. ദരിദ്രരും കുടിയേറ്റക്കാരും ചെറുകിട വ്യവസായങ്ങളും മധ്യവര്‍ഗവും രാജ്യത്തനുഭവിക്കുന്ന ദുരിതത്തിന്റെ ശബ്ദം കേന്ദ്രസര്‍ക്കാരിലേക്ക് എത്തിക്കുന്നതിനായാണ് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ രാജ്യവ്യാപകമായി ഇന്ന് ‘സ്പീക്ക്അപ്പ്’ കാമ്പയിന്‍ നടക്കുന്നത്. വ്യാഴാഴ്ച രാവിലെ 11 മുതല്‍ ആരംഭിച്ച ഓണ്‍ലൈന്‍ കാമ്പയിനില്‍ കോണ്‍ഗ്രസ് പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും അനുഭാവികളും കോവിഡ് മഹാമാരിക്കിടെ കേന്ദ്രം ശ്രദ്ധകൊടുക്കാത്ത രാജ്യത്തെ പ്രശ്‌നങ്ങളുയര്‍ത്തി #SpeakUpIndia ഹാഷ്ടാഗുമായി രംഗത്തെത്തി.
ലോക്ഡൗണില്‍ ജനങ്ങള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയിലെത്തിക്കാന്‍ ഉച്ചക്ക് രണ്ട് വരെ നടത്തുന്ന പ്രചാരണത്തില്‍ 50 ലക്ഷം പേര്‍ രാജ്യത്തൊട്ടാകെ പങ്കെടുക്കുമെന്നാണ് വിവരം. എ.ഐ.സി.സി അധ്യക്ഷ സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ എംപിമാര്‍ എംഎല്‍എമാര്‍ തുടങ്ങി എല്ലാവരും ട്വിറ്ററിലും മറ്റുമായി രാജ്യം അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ അവതരിപ്പിച്ചു തുടങ്ങി.