അഭ്യൂഹങ്ങള്‍ക്ക് വിരാമം; യുപിയില്‍ മുഴുവന്‍ സീറ്റിലും മത്സരിക്കാന്‍ തീരുമാനിച്ച് കോണ്‍ഗ്രസ്

ലക്‌നൗ: അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് കൊണ്ട് വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ 80 ലോകസഭാ മണ്ഡലങ്ങളിലും ഒറ്റയ്ക്ക് മത്സരിക്കുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. ബി.ജെ.പി ഭരണത്തിന് തടയിടാന്‍ യുപിയില്‍ ഒന്നിച്ചു മത്സരിക്കുമെന്ന് എസ്.പിയും ബിഎസ്പിയും പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കോണ്‍ഗ്രസിന്റെ തീരുമാനിച്ചത്. തെരഞ്ഞെടുപ്പിനെ നേരിടാന്‍ മണ്ഡലങ്ങളിലെ മറ്റു പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കാന്‍ ശ്രമിക്കുമെന്ന് രാഹുല്‍ ഗാന്ധി നേരത്തെ വ്യക്തമാക്കിയിരുന്നു.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദും യുപിസിസി അധ്യക്ഷന്‍ രാജ് ബബ്ബറും മറ്റു മുതിര്‍ന്ന നേതാക്കളും ചേര്‍ന്ന് ലക്‌നൗവില്‍ നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് മുഴുവന്‍ സീറ്റിലും ഒറ്റയ്ക്ക് മത്സരിക്കാനുള്ള കോണ്‍ഗ്രസ് തീരുമാനം പ്രഖ്യാപിച്ചത്. കോണ്‍ഗ്രസ് മറ്റു കക്ഷികളുമായി സഖ്യം ചേരാനുള്ള സാധ്യതകള്‍ തള്ളിക്കളയുന്നില്ലെന്നും ഏത് മതേതരകക്ഷിയുമായും ഒന്നിച്ചു നില്‍ക്കാന്‍ കോണ്‍ഗ്രസ് തയ്യാറാണെന്നും ഗുലാം നബി ആസാദ് അറിയിച്ചു.

2009- ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യുപിയില്‍ ഒറ്റയ്ക്ക് മത്സരിച്ച കോണ്‍ഗ്രസ് 21 സീറ്റുകളില്‍ വിജയിച്ചിരുന്നു. എന്നാല്‍ 2014-ല്‍ കോണ്‍ഗ്രസ് ജയം രണ്ട് സീറ്റുകളിലേക്കൊതുങ്ങി. എന്നാല്‍ 2009-ല് നേടിയതിലും ഇരട്ടി സീറ്റുകള്‍ 2019-ല്‍ നേടുമെന്ന ആത്മവിശ്വാസമാണ് ഗുലാം നബി ആസാദ് പ്രകടിപ്പിച്ചത്.