വിളിക്കാത്ത കല്യാണത്തിന് പാക്കിസ്ഥാനില്‍ പോയ മോദിയാണ് ഇപ്പൊ ഞങ്ങളെ പഴിചാരുന്നത്; കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ പാക്കിസ്ഥാന്‍ ഇടപെടുന്നുവെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരോപണങ്ങള്‍ക്ക് രൂക്ഷപ്രതികരണവുമായി കോണ്‍ഗ്രസ് രംഗത്ത്. ഇന്ത്യ നേരിട്ട രണ്ട് ഭീകരാക്രമണങ്ങള്‍ക്ക് ശേഷവും നവാസ് ഷെരീഫിന്റെ കൊച്ചുമകളുടെ വിവാഹത്തിനു ആരും വിളിക്കാതെ പാക്കിസ്ഥാനില്‍ പോയത് കോണ്‍ഗ്രസുകാരല്ല മോഡി തന്നെയാണെന്ന് കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സിങ് സുര്‍ജേവാല പറഞ്ഞു.

‘പാകിസ്ഥാന്‍ ഹൈക്കമ്മീഷണര്‍, മുന്‍വിദേശകാര്യ മന്ത്രി, മുന്‍ ഇന്ത്യന്‍ വൈസ് പ്രസിഡന്റ്, ഇന്ത്യയുടെ മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് എന്നിവരെല്ലാം അയ്യരുടെ വീട്ടില്‍ കൂടിക്കാഴ്ച നടത്തി. മൂന്നുമണിക്കൂറോളം യോഗം നീണ്ടുനിന്നു. പിറ്റേദിവസം മണിശങ്കര്‍ മോദിയെ ‘നീച്’ എന്നുവിളിച്ചു. പാക് ഹൈക്കമ്മീഷണറുമായി യോഗം നടത്തുകയെന്നത് ഗുരുതരവും പ്രകോപനപരവുമായ പ്രശ്‌നമാണ്. ഗുജറാത്ത് തെരഞ്ഞെടുപ്പിനിടെ ഇത്തരമൊരു രഹസ്യയോഗം നടത്തേണ്ടതിന്റെ കാരണമെന്താണ്?’ എന്നായിരുന്നു മോദി പറഞ്ഞത്.

പാക്കിസ്ഥാനില്‍ നിന്ന് ഗുജറാത്ത് തിരഞ്ഞെടുപ്പ് നേരിടാനാണെങ്കില്‍ പാക് ഇന്റലിജന്‍സ് ഉദ്യോഗസ്ഥരെ പഠാന്‍കോട്ടിലേക്ക് കയറ്റിയതാരെന്നും ചോദിക്കേണ്ടിവരും,അതിനാല്‍ ഇവിടെ ആര്‍ക്കാണ് പാക്കിസ്ഥാനോട് സ്‌നേഹമെന്ന് എല്ലാവര്‍ക്കും അറിയാമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഇത്തരം ചിന്തകള്‍ പ്രധാനമന്ത്രിക്ക് ചേര്‍ന്നതല്ലെന്നാണ് കോണ്‍ഗ്രസിന്റെ നിലപാട്. പ്രധാനമന്ത്രിയുടെ ആരോപണം അദ്ദേഹത്തിന്റെ വയസിനും അനുഭവത്തിനും ചേര്‍ന്നതല്ലെന്നും സുര്‍ജേവാല പ്രതികരിച്ചു. ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ അടിപതറുമോ എന്ന ആശങ്കയാണ് മോഡിയെ ഇത്തരം തലയും വാലുമില്ലാത്ത ആരോപണങ്ങള്‍ പറയാന്‍ പ്രേരിപ്പിക്കുന്നത് എന്നാണ് കോണ്‍ഗ്രസ് നിലപാട് അദ്ദേഹം പറഞ്ഞു.

അതേ സമയം തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിലേക്ക് പാകിസ്താനെ വലിച്ചിഴക്കുന്നത് നിര്‍ത്തണമെന്ന് പാക് വിദേശകാര്യമന്ത്രാലയ വക്താവ് മൊഹമദ് ഫൈസല്‍ ആവശ്യപ്പെട്ടു. സ്വന്തം നിലക്കാണ് തിരഞ്ഞെടുപ്പില്‍ വിജയിക്കേണ്ടതെന്നും തിരഞ്ഞെടുപ്പില്‍ വോട്ട് നേടാനായി പാകിസ്താനെ ഉപയോഗിക്കുന്നത് നിര്‍ത്തണമെന്നും ഫൈസല്‍ ട്വീറ്റ് ചെയ്തു.