രാജ്യസഭാ സീറ്റ്: പി.ജെ കുര്യന്‍ രാഹുല്‍ ഗാന്ധിക്ക് കത്തു നല്‍കി

ന്യൂഡല്‍ഹി: സംസ്ഥാന കോണ്‍ഗ്രസില്‍ രാജ്യസഭാ സീറ്റിനെച്ചൊല്ലി കലാപം ശക്തമാകുന്നതിനിടെ രാജ്യസഭാ സ്ഥാനാര്‍ഥി തന്നെയാക്കണമെന്ന് നിര്‍ബന്ധമില്ലെന്ന് വ്യക്തമാക്കി കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് മുതിര്‍ന്ന നേതാവ് പി.ജെ കുര്യന്റെ കത്ത്. രാജ്യസഭാ സ്ഥാനാര്‍ഥിയായി തന്നെ പരിഗണിക്കണമെന്നില്ലെന്നു വ്യക്തമാക്കുന്ന കത്തില്‍ സീറ്റ് നല്‍കാവുന്ന ആറു നേതാക്കളുടെ പേര് കുര്യന്‍ നിര്‍ദേശിച്ചിട്ടുണ്ട്. കുര്യനെ വീണ്ടും രാജ്യസഭയിലേക്ക് അയക്കുന്നതിനെതിരെ യുവനേതാക്കള്‍ പരസ്യമായി രംഗത്തെത്തിയിരുന്നു.

എം.എം ഹസന്‍, വി.എം സുധീരന്‍, രാജ്മോഹന്‍ ഉണ്ണിത്താന്‍, ഷാനിമോള്‍ ഉസ്മാന്‍, പി.സി ചാക്കോ, പി.സി വിഷ്ണുനാഥ് എന്നിവരുടെ പേരുകളാണ് കുര്യന്‍ തനിക്ക് പകരമായി രാജ്യസഭാ സ്ഥാനാര്‍ഥിയായി നിര്‍ദേശിച്ചിട്ടുള്ളത്. കേരള കോണ്‍ഗ്രസ് എമ്മിന് സീറ്റ് നല്‍കാന്‍ ചിലര്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. ഇത് അനുവദിക്കരുതെന്നും കത്തില്‍ കുര്യന്‍ ആവശ്യപ്പെടുന്നു.