ഇന്ത്യ-ചൈന അതിര്‍ത്തി പിരിമുറുക്കം; രാഹുലിന്റെ പ്രതിരോധത്തില്‍ വീണ് ബിജെപി; മോദിയുടെ പ്രസ്താവനകള്‍ തിരിച്ചടിക്കുന്നു

Chicku Irshad

ജൂണ്‍ 19 ന് നടന്ന സര്‍വകക്ഷി യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവന പ്രതിപക്ഷ പാര്‍ട്ടി നേതാക്കളില്‍ നിന്ന് കടുത്ത വിമര്‍ശനത്തിന് ഇടയാക്കിയത് കേന്ദ്രസര്‍ക്കാറിനെയും പ്രത്യേകിച്ച് ബിജെപിയേയും പ്രതിരോധത്തിലാക്കുന്നു. ചൈനീസ് നുഴഞ്ഞുകയറ്റത്തേയും ഇന്ത്യയുടെ തിരിച്ചടിയേയും തുടര്‍ന്നുള്ള സൈനികരെ കുറിച്ചുള്ള ബിഹാറി പ്രസ്താവനക്കും പിന്നാലെ മോദിയെ പ്രതിരോധത്തിലാക്കി പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ ഗാല്‍വാന്‍ താഴ്വരയിലെ ഉപഗ്രഹ ചിത്രങ്ങളും വാര്‍ത്താ റിപ്പോര്‍ട്ടുകളുമായി രംഗത്തെത്തിയിരിക്കുകയാണ്.

പ്രത്യേകിച്ച് കോണ്‍ഗ്രസില്‍ നിന്നും രാഹുല്‍ ഗാന്ധിയടക്കമുള്ള നേതാക്കളില്‍ നിന്നും കടുത്ത വിമര്‍ശനമാണ് മോദിക്കെതിരെ ഉയരുന്നത്. സര്‍വ്വകക്ഷി യോഗത്തില്‍ പ്രധാനമന്ത്രി മോദി ഗാല്‍വാന്‍ വാലി സംഘര്‍ഷത്തെ കുറിച്ച് പറഞ്ഞത്, ”നാ വഹാന്‍ കോയി ഹമാരി സീമാ മേ ഗുസ് ഗയ ഹായ് ഓര്‍ നാ ഹായ് കോയി ഗുസ ഹുവ ഹായ്, നാ ഹായ് ഹമാരി കോയി പോസ്റ്റ് കിസി ഡൂസ്രെ കബ്‌സെ മേ ഹായ്’ എന്നായിരുന്നു.

അതിര്‍ത്തിയില്‍ 20 സൈനികര്‍ വീരമൃത്യൂ വരിച്ചതിന് പിന്നാലെ വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനകള്‍ക്ക് വിരുദ്ധമായി നുഴഞ്ഞുകയറ്റം നിഷേധിക്കുന്ന തരത്തില്‍ പ്രധാനമന്ത്രി നടത്തിയ പരാമര്‍ശം ഇതോടെ വിവാദമാവുകയായിരുന്നു. അതുപോലെ, ഇന്ത്യ ആക്രമണകാരിയാണെന്ന തരത്തിലുള്ള ചൈനീസ് അവകാശവാദത്തോട് വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കര്‍ നടത്തിയ മറുപടിയും രാഹുല്‍ അടക്കുമുള്ള പ്രതിപക്ഷ നേതാക്കള്‍ക്ക് മോദിക്കെതിരെതിരിയാനുള്ള വള്ളിയാവുകയും ചെയ്തു. ഇന്ത്യന്‍ നിയന്ത്രണ രേഖയുടെ (എല്‍എസി) ഇന്ത്യന്‍ ഭാഗത്ത് ഗാല്‍വാന്‍ താഴ്വരയില്‍ പോസ്റ്റ് പണിയാന്‍ ചൈനീസ് സൈന്യം ശ്രമിച്ചുവെന്നായിരുന്നു ജയ്ശങ്കര്‍ പ്രസ്താവന. ഈ പോസ്റ്റ് സൈനിക നേതാക്കള്‍ ജൂണ്‍ ആറിന് പൊളിച്ചുമാറ്റാന്‍ സമ്മതിച്ചതത് സംഘര്‍ഷമുണ്ടാക്കിയെന്നുമായിരുന്നു ജയശങ്കര്‍ വ്യക്തമാക്കിയിരുന്നു. ഇതോടെ തുടര്‍ച്ചയായി ചോദ്യങ്ങള്‍ ഉന്നയിച്ച രാഹുലിനും കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് മുന്നില്‍ മോദിയും ബിജെപിയും പ്രതിരോധത്തിലാവുകയായിരുന്നു.

അതേയമയം മോദിയുടെ പരാമര്‍ശം വിമര്‍ശനത്തിന് വിധേയമായ പശ്ചാത്തലത്തില്‍ പ്രസ്താവനയിലെ ആശയക്കുഴപ്പം പരിഹരിക്കുന്നതിനും പ്രധാനമന്ത്രിയുടെ ഓഫീസ് ജൂണ്‍ 20 ന് ഒരു വിശദീകരണ കുറിപ്പ് ഇറക്കി. പ്രധാനമന്ത്രി മോദിയുടെ പ്രസ്താവനയെച്ചൊല്ലിയുള്ള തര്‍ക്കത്തെ പിഎംഒ വിശേഷിപ്പിച്ചത് ”തെറ്റിദ്ധാരണാജനകമാണ്”. വിമര്‍ശന പ്രചാരണം സെനികരുടെ മനോവീര്യം കുറയ്ക്കുന്നതിനുള്ള ശ്രമമായി പിഎംഓ കുറ്റപ്പെടുത്തി.

എന്നാല്‍ പ്രധാനമന്ത്രി മോദിയെയും ബിജെപിയേയും ലക്ഷ്യമിട്ടുള്ള കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള പ്രതിപക്ഷ നേതാക്കള്‍ പിന്തിരിപ്പിച്ചില്ല. പാങ്കോംഗ് ത്സോയ്ക്ക് സമീപം ചൈന ഇന്ത്യന്‍ പ്രദേശങ്ങള്‍ കൈവശപ്പെടുത്തിയിട്ടുണ്ടെന്ന് വ്യക്തമാക്കുന്ന ഉപഗ്രഹ ചിത്രങ്ങളുമായാണ് രാഹുല്‍ ഗാന്ധി പിന്നീട് രംഗത്തെത്തിയത്.
പിന്നാലെ കോണ്‍ഗ്രസ് നേതാവായ കപില്‍ സിബലും മോദിക്കെതിരെ തുറന്നടിച്ചു. ‘ആരും നമ്മുടെ പ്രദേശത്ത് നുഴഞ്ഞുകയറിയിട്ടില്ലെന്ന് പ്രധാനമന്ത്രി സര്‍വ്വകക്ഷി യോഗത്തില്‍ പറഞ്ഞത് എന്തുകൊണ്ടാണ്? 20 സൈനികര്‍ പിന്നെ എങ്ങനെ മരിച്ചു?, കപില്‍ സിബല്‍ ചോദിച്ചു.

ഇതിനിടയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ചൈനയുടെ മുഖപത്രമായ ഗ്ലോബല്‍ ടൈംസ് പ്രധാനമന്ത്രി മോദിയുടെ പ്രസ്താവനയെ സ്വാഗതം ചെയ്തു രംഗത്തെത്തിയതോടെ ആകെ പരുങ്ങളിലായിരിക്കുകയാണ് ബിജെപി പ്രചാരണ വിഭാഗം. അക്രമാസക്തമായ മുഖാമുഖത്തിന് ഇന്ത്യന്‍ സൈനികരാണ് ഉത്തരവാദികളെന്നും ഗാല്‍വാന്‍ വാലി ഒരു ചൈനീസ് പ്രദേശമാണെന്ന ചൈനയുടെ നിലപാടിനെ ഇത് സാധൂകരിക്കുന്ന തരത്തില്‍ മോദിയുടെ പ്രസ്ത്ാവനയെ ഉപയോഗപ്പെടുത്തിയാണ് ചൈനീസ് പത്രം റിപ്പോര്‍ട്ട് ചെയ്തത്.

അതേസമയം, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങും പ്രധാനമന്ത്രി മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി. തന്റെ പിന്‍ഗാമിയായ പ്രധാനമന്ത്രി നരേന്ദ്ര മോദി, ‘തന്റെ വാക്കുകളുടെ പ്രത്യാഘാതങ്ങളെക്കുറിച്ച് എല്ലായ്‌പ്പോഴും ശ്രദ്ധാലുവായിരിക്കണമെന്നാണ്, മൗന്‍ മോഹന്‍ എന്ന് ഒരിക്കല്‍ മോദി വിശേഷിപ്പിച്ച ഡോക്ടര്‍ സിങ് തിരിച്ചിടിച്ചത്. ”രാഷ്ട്രം എന്ന നിലയില്‍ നാം ഒരുമിച്ച് നില്‍ക്കേണ്ടതും ഭീഷണിയോടുള്ള ധീരമായ പ്രതികരണത്തില്‍ ഐക്യപ്പെടുന്നതുമായ ഒരു നിമിഷമാണിത്. തെറ്റായ വിവരങ്ങള്‍ നയതന്ത്രത്തിനോ നിര്‍ണായക നേതൃത്വത്തിനോ പകരമാവില്ലെന്നും, മുന്‍ പ്രധാനമന്ത്രി മോദി സര്‍ക്കാരിനെ ഓര്‍മ്മിപ്പിച്ചു.

അതേസമയം, ബിജെപിയുടെ ദേശീയതയെ പൊളിക്കുന്ന നാഷണല്‍ പ്ലാനാണ് രാഹുലിന്റെ നേത്വത്വത്തില്‍ കോണ്‍ഗ്രസ് ആരംഭിച്ചിരിക്കുന്നത്. പാകിസ്താന്റെ ആക്രമണ സമയത്ത് മോദിയും ബിജെപിയും ദേശീയത ഉയര്‍ത്തിപ്പിടിച്ച് നടത്തിയ പ്രസ്താവനകളാണ് 2019 ല്‍ വീണ്ടും ബിജെപിയെ അധികാരത്തിലെത്തിച്ചത്. എന്നാല്‍ ഇത്തവണ അതേ ശൈലി തുടര്‍ന്ന മോദിയും ബിജെപി തങ്ങളുടെ പ്രസ്താവയില്‍ തന്നെ വീണനിലയാണ്. ചൈനയെ നേരിടുന്ന കാര്യത്തില്‍ ബിജെപി നേരത്തെ ഗൃഹപാഠം ചെയ്തിരുന്നില്ല. ചൈന സുഹൃത്താണെന്ന മോദിയുടെ വാദമാണ് ഈയൊരു വീഴ്ച്ചയിലേക്ക് ബിജെപിയെ നയിച്ചത്. കോണ്‍ഗ്രസിനെ കൗണ്ടര്‍ ചെയ്യാനാവാത്ത വിധം തകര്‍ന്ന ബിജെപിക്കുള്ളില്‍ തന്നെ ചൈനക്കെതിരെ വാദം ശക്തമാണ്. ചൈനയെ ആക്രമിക്കണമെന്നാണ് ഭൂരിപക്ഷം നേതാക്കളുടെയും അഭിപ്രായം. എന്നാല്‍ പ്രസ്താവനയില്‍ പോലും മോദി ഇതേവരെ ചൈന എന്നുപോലും പ്രതികരിച്ചിട്ടില്ല.

കോണ്‍ഗ്രസ് ദേശീയ പ്ലാന്‍ നടപ്പാക്കുമെന്ന സൂചനകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് സാമൂഹ്യമാധ്യമങ്ങളിലും മറ്റും ചൈനക്കെതിരെ ബിജെപിയെ കടന്നുള്ള കോണ്‍ഗ്രസിന്റെ മുന്നേറ്റം വ്യക്തമാവുന്നത്. സോഷ്യല്‍ മീഡിയ, ദേശീയതല പ്രസ്ഥാവനകള്‍, സംസ്ഥാന തലത്തിലെ പ്രചാരണം തുടങ്ങി കോണ്‍ഗ്രസിന്റെ ത്രിമാന ആക്രമണത്തില്‍ ബിജെപി വിറളി പിടിപ്പിച്ചിരിക്കുകയാണ്. ഇതിനിടെ ചൈനീസ് അംബാസിഡര്‍ മോദി പറഞ്ഞ കാര്യങ്ങള്‍ ട്വീറ്റ് കൂടി ചെയ്തതോടെ ദേശവിരുദ്ധ നയമാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചതെന്ന് വ്യക്തമായിരിക്കുകയാണ്.

തുടര്‍ ചോദ്യങ്ങളുമായി രാഹുല്‍ ഗാന്ധി തന്നെയാണ് ദേശീയ തലത്തില്‍ ചര്‍ച്ചയാവുന്നത്. മോദിയെ ചോദ്യംചെയ്തുള്ള രാഹുലിന്റെ വീഡിയോകളും ട്വീറ്റുകളും പലയിടത്തും വൈറലായി കഴിഞ്ഞു. ചൈനയുടെ കടന്നു കയറ്റത്തെ സംബന്ധിച്ച് മെയ് മാസത്തില്‍ തന്നെ മുന്നറിയിപ്പു തന്ന നേതാവാണ് രാഹുല്‍ ഗാന്ധി. തുടര്‍ച്ചയായ ചോദ്യങ്ങളും വിശദീകരണങ്ങളും വന്നതോടെ മോദി ഇപ്പോള്‍ സൈലന്റ് മോഡിലായിരിക്കുകയാണ്. പല സംഭവങ്ങളും പ്രധാനമന്ത്രി ഇതുവരെ പ്രതികരിച്ചിട്ടില്ല.

പകരം അദ്ദേഹത്തെ സംരക്ഷിക്കാന്‍ സോഷ്യല്‍ മീഡിയയില്‍ രാഹുലിനെ കൂട്ടത്തോടെ ആക്രമിക്കുകയാണ് ബിജെപി. അതിനിടെ രാഹുല്‍ നടത്തിയ സുരേന്ദര്‍ മോദി പ്രയോഗം പിടിച്ചു തൂങ്ങിയ ബിജെപി സൈബര്‍വിങ് ഒടുക്കം വെട്ടിലാവുകയും വിഷയത്തില്‍ ദേശീയ അധ്യക്ഷന്‍ ജെപി നദ്ദക്കു വരെ വിശദീകരണം നല്‍കേണ്ടി വരുകയും ചെയ്തു.

56 ഇഞ്ചിന്റെ വീര്യം പറയുന്ന ബിജെപിയെ എടുത്തുകാട്ടി പരിഹാസമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. ചൈനയെ ആരാണ് ഇത്രയും കാലം സഹായിച്ചതെന്നുള്ള കണക്കുകള്‍ പുറത്തുവിട്ടാണ് കോണ്‍ഗ്രസ് തിരിച്ചടി. ഇതില്‍ മോദിയുടെ തന്നെ പഴയ പോസ്റ്റുകളും മറ്റും ബിജെപി പ്രതിക്കൂട്ടിലാക്കുതാണ്. ബിജെപിയുടെ മധ്യപ്രദേശ് ശിവരാജ് സിംഗ് ചൗഹാനും ഇതില്‍ വീണിരിക്കുകയാണ്. ബിജെപിയും ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും തമ്മില്‍ എല്ലാ അര്‍ത്ഥത്തിലും സമാനതകള്‍ ഉണ്ടെന്നായിരുന്നു ചൗഹാന്‍ 2016ല്‍ ട്വീറ്റ് ചെയ്തത്. രണ്ട് പാര്‍ട്ടികളും തമ്മില്‍ കൂടുതല്‍ കാര്യങ്ങളില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും ചൗഹാന്‍ പറഞ്ഞിരുന്നു. മധ്യപ്രദേശിലേക്ക് ചൈന കൂടുതല്‍ നിക്ഷേപം നടത്തണമെന്നും ചൗഹാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതാണോ ബിജെപിയുടെ പ്രതിരോധ മേഖലയുടെ കരുത്തെന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്.

2008ല്‍ ഗാന്ധി കുടുംബം ചൈനീസ് നേതാക്കള്‍ കണ്ട് സംസാരിച്ചെന്നായിരുന്നു ബിജെപി ഉന്നയിച്ചിരുന്നത്. ഇതിന് ബിജെപി സംഘം ചൈനയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ക്ഷണം സ്വീകരിച്ച് എത്തിയത് ശരവേഗത്തില്‍ പുറത്തുവിട്ടായിരുന്നു കോണ്‍ഗ്രസിന്റെ മറുപടി. ദേശീയത വിറ്റ് ജീവിക്കുന്നവരാണ് ബിജെപി എന്ന കോണ്‍ഗ്രസിന്റെ വാദം സോഷ്യല്‍ മീഡിയ ഏറ്റുപിടിച്ചിക്കയാണ്.

അതേസമയം, കൃത്യമായുള്ള ഗൃഹപാഠം ചെയ്ത് ഇറങ്ങിയതാണ് കോണ്‍ഗ്രസിന് ഗുണം ചെയ്തിരിക്കുന്നത്. വീരമൃത്യുവരിച്ച ജവാന്മാരോട് ആദരവ് കാണിച്ച് അവരുടെ ചിത്രങ്ങള്‍ പങ്കുവെച്ചും രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരുക്കുകയാണ്.

എന്നാല്‍ ഇതിനിടെ രാഹുലിന്റെ അധ്യക്ഷ സ്ഥാനത്തേക്കുള്ള മടങ്ങിവരവ് പാര്‍ട്ടിയില്‍ പരസ്യമായിരിക്കുകയാണ്. രാഹുല്‍ ഗാന്ധി പിന്‍സീറ്റിരുന്ന് പാര്‍ട്ടിയെ നയിക്കുന്നത് ഇനി വേണ്ടെന്ന ആവശ്യം കോണ്‍ഗ്രസിനുള്ളില്‍ ശക്തമാവുന്നുണ്ട്. പാര്‍ട്ടിയുടെ പുതിയ അധ്യക്ഷനായി രാഹുല്‍ ഗാന്ധി തന്നെ വരണമെന്ന ആവശ്യമാണുയരുന്നത്. ബീഹാര്‍ തെരഞ്ഞെടുപ്പിന് മുമ്പ് രാഹുല്‍ ഗാന്ധി പൂര്‍ണമായും അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചന. ബീഹാറില്‍ രാഹുല്‍ തന്നെ പാര്‍ട്ടിയുടെ പ്രചാരണം ഏറ്റെടുക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.