കര്‍ണാടകയില്‍ വികസനത്തില്‍ ഊന്നി കോണ്‍ഗ്രസ് പ്രകടനപത്രിക

മംഗളൂരു: വികസനത്തിന് മുഖ്യപരിഗണന നല്‍കി കര്‍ണാടകയില്‍ കോണ്‍ഗ്രസ് പ്രകടനപത്രിക പുറത്തിറക്കി. മംഗളൂരുവില്‍ നടന്ന ചടങ്ങില്‍ പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണ് പത്രിക പുറത്തിറക്കിയത്. ആദ്യ കോപ്പി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജനാര്‍ദ്ദന പൂക്കാരിക്ക് രാഹുല്‍ കൈമാറി. കാര്‍ഷികം, വിദ്യാഭ്യാസം, വ്യവസായ വികസനം തുടങ്ങിയവക്കെല്ലാം നിരവധി പദ്ധതികള്‍ പ്രകടനപത്രികയിലുണ്ട്. ഐ.ടി അധിഷ്ടിത വ്യവസായങ്ങള്‍ പ്രോത്സാനിപ്പിക്കും. പെ ണ്‍കുട്ടികള്‍ക്ക് പൂര്‍ണമായും സൗജന്യ പി.ജി പഠനം, നഗര വികസനത്തിനും നഗരചേരികളിലെ താമസക്കാരുടെ ക്ഷേമപ്രവര്‍ത്തനത്തിനുമായി പ്രത്യേക സമിതി, ഗതാഗത പരിഷ്‌കരണത്തിന് പ്രത്യേക ഊന്നല്‍, ന്യൂനപക്ഷങ്ങളുടെ സാമൂഹ്യ – സാമ്പത്തിക രംഗത്തെ വികസനം, എല്ലാവര്‍ക്കും കുടിവെള്ളം, കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുന്നതിനുള്ള പദ്ധതി, കാവേരി ജലത്തിന്റെ കാര്യക്ഷമമായ ഉപയോഗം തുടങ്ങിയവയാണ് പ്രധാന വാഗ്ദാനങ്ങള്‍.

കര്‍ണാടകയിലെ മുഴുവന്‍ ജനതയെയും പ്രതിനിധീകരിക്കുന്നതാണ് പ്രകടന പത്രികയെന്ന് രാഹുല്‍ പറഞ്ഞു. ജനങ്ങളില്‍നിന്ന് സമാഹരിച്ച നിര്‍ദേശങ്ങളാണ് പത്രികയിലുള്ളതെന്നും കഴിഞ്ഞ പ്രകടന പത്രികയിലെ 95 ശതമാനം വാഗ്ദാനങ്ങളും സര്‍ക്കാര്‍ പൂര്‍ത്തിയാക്കിയതായും രാഹുല്‍ ചൂണ്ടിക്കാട്ടി. ജനങ്ങളുടെ മാന്‍കിബാത്താണ് കോണ്‍ഗ്രസിന്റെ പ്രകടനപത്രിക. ബി.ജെ.പി പ്രകടന പത്രിക ഖനി രാജാക്കന്‍മാരുടെയും അഴിമതിക്കാരുടെതുമാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി. മുഖ്യമന്ത്രി സിദ്ധരാമയ്യ, പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ഡോ. ജെ. പരമേശ്വര, നേതാക്കളായ എം വീരപ്പമൊയ്‌ലി, മല്ലികാര്‍ജുന്‍ ഖാര്‍കെ, സംസ്ഥാനത്തിന്റെ ചുമതലയുള്ള ഐ.ഐ. സി.സി സെക്രട്ടറി കെ.സി വേണുഗോപാല്‍, പി.സി വിഷ്ണുനാഥ് തുടങ്ങിയ നേതാക്കള്‍ പങ്കെടുത്തു.