മധ്യപ്രദേശില്‍ നിന്നും ദിഗ്വിജയ് സിംഗ് രാജ്യസഭയിലേക്ക്; ബിജെപിക്ക് രണ്ട് സീറ്റ്

രാജ്യസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങ് രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാനത്ത് നിന്നും മൂന്ന് സീറ്റുകളിലേക്ക് നടന്ന വോട്ടെടുപ്പില്‍ ബിജെപിയുടെ ജ്യോതിരാദിത്യ സിന്ധ്യയും സുമര്‍ സിംഗ് സോളങ്കിയുമാണ് തെരഞ്ഞെടുക്കപ്പെട്ട മറ്റുരണ്ടു പേര്‍.

രാജ്യ സഭയിലേക്ക് ഒഴിവു വന്ന 19 സീറ്റുകളിലേക്കാണ് ഇന്ന് തെരഞ്ഞെടുപ്പ് നടന്നത്. ദിഗ്വിജയ് സിംഗിന് പുറമെ കോണ്‍ഗ്രസ് രാജ്യസഭാ സ്ഥാനാര്‍ത്ഥികളായ കെ സി വേണുഗോപാല്‍, എസ്. നീരജ് ഡാംഗി, എസ്. ശക്തിസിങ് ഗോഹില്‍ എന്നിവരുടെ വിജയം പ്രഖ്യാപിച്ചു. ജാര്‍ഖണ്ഡില്‍ നിന്ന് യുപിഎ സ്ഥാനാര്‍ത്ഥി എസ്. ഷിബു സോറനും വിജയിച്ചിട്ടുണ്ട്.

രാജസ്ഥാനില്‍ നിന്നാണ് കോണ്‍ഗ്രസ് സംഘടന കാര്യ ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലും നീരജ് ഡാംഗിയും രാജ്യസഭയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

എട്ട് സംസ്ഥാനങ്ങളിലായി 19 രാജ്യസഭാ സീറ്റുകളിലേക്കുള്ള തോരഞ്ഞെടുപ്പാണ് വെള്ളിയാഴ്ച നടന്നത്. രാവിലെ 9 ന് ആരംഭിച്ച പോളിംഗ് വൈകി 4 മണിക്ക് സമാപിച്ചു. വൈകുന്നേരം 5 മണിക്കാണ് വോട്ടെണ്ണല്‍ നടന്നത്.

ഗുജറാത്തിലും ആന്ധ്ര പ്രദേശിലും 4 സീറ്റുകളിലും, മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ 3 സീറ്റും, ജാര്‍ഖണ്ഡില്‍ 2ഉം, മേഘാലയ, മിസോറാം, മണിപ്പൂര്‍ എന്നിവിടങ്ങളില്‍ ഒരു സീറ്റിലുമാണ് തെരഞ്ഞെടുപ്പ് നടന്നത്. ആന്ധ്രാപ്രദേശിലെ നാല് രാജ്യസഭാ സീറ്റുകളിലും വൈ എസ് ആർ സി പി വിജയിച്ചു.

ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ നടന്ന മത്സരത്തില്‍ ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ വലിയ പോരാട്ടം നടന്നിരുന്നു. അതേസമയം, കൊറോണ വൈറസ് വ്യാപനം കാരണം 18 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് മാറ്റിവച്ചിരിക്കയാണ്.