രാഹുല്‍ഗാന്ധിയുമായി വിവാഹം: ഗോസിപ്പുകാര്‍ക്ക് അദിതി സിങിന്റെ മറുപടി

റായ്ബറേലി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെ വിവാഹം കഴിക്കാന്‍ പോകുന്നുവെന്ന വാര്‍ത്തയോട് പ്രതികരിച്ച് റായ്ബറേലിയിലെ കോണ്‍ഗ്രസ് എംഎല്‍എ അതിദി സിങ്. ഇരുവരുടെയും വിവാഹം മെയില്‍ നടക്കുമെന്നതടക്കം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിനോട് പ്രതികരിച്ചാണ് എംഎല്‍എ രംഗത്തുവന്നത്.
രാഹുല്‍ ഗാന്ധി തനിക്ക് സഹോദരനെ പോലെയാണെന്ന് അതിദി പ്രതികരിച്ചു.

അദ്ദേഹം തനിക്ക് രാഖി കെട്ടിയ സഹോദരനാണ്. ഇത്തരം പ്രചാരണങ്ങളില്‍ താന്‍ അസ്വസ്ഥപ്പെടുന്നുണ്ടെന്നും സോഷ്യല്‍മീഡിയയില്‍ വരുന്ന വാര്‍ത്തകള്‍ ഏറെ ദുഃഖിപ്പിക്കുന്നതാണെന്നും അദിതി സിങ് പറഞ്ഞു. കര്‍ണാടക നിയസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്ര ശേഷിക്കെ ഇത്തരം അഭ്യൂഹങ്ങള്‍ വാര്‍ത്തകളില്‍ ഇടം നേടിയതില്‍ പരസ്യമായി തന്നെ അതൃപ്തി അറിയിച്ചിരിക്കുകയാണ് അദിതി.

റായ്ബറേലിയിലെ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലാണ് ആദ്യം വിവാഹ വാര്‍ത്ത പ്രചരിച്ചിരുന്നത്. രാഹുല്‍ഗാന്ധിയും അദിതി സിങും നില്‍ക്കുന്നതും അദിതി സിങ് സോണിയാഗാന്ധിക്കൊപ്പം നില്‍ക്കുന്നതടക്കമുള്ള ചിത്രങ്ങളാണ് ഇവയിലുണ്ടായിരുന്നത്. പച്ചസാരിയുടുത്ത് സോണിയഗാന്ധിക്കൊപ്പം അദിതി സിങ് ഇരിക്കുന്ന ചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ ഏറ്റവും കൂടുതല്‍ പ്രചരിപ്പിക്കപ്പെട്ടത്.

പ്രിയങ്കാ ഗാന്ധിയുടെ അടുത്ത സുഹൃത്തുക്കളിലൊരാളായ അദിതി സിങ് 90,000 പരം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് റായ്ബറേലിയില്‍ നിന്നും വിജയിച്ചത്. അമേരിക്കയിലെ ഡ്യൂക്ക് സര്‍വകലാശാലയില്‍ നിന്നും മാനേജ്‌മെന്റ് സ്റ്റഡീസില്‍ ബിരുദമുള്ള അദിതി നേരത്തെ റായ്ബറേലി എം.എല്‍.എയായിരുന്ന അഖിലേഷ് സിങ്ങിന്റെ മകളാണ്.