ഉപതെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതികരിച്ച് രാഹുല്‍ ഗാന്ധി

ഉപതെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ചവര്‍ക്ക് അഭിനന്ദനങ്ങള്‍. തെരഞ്ഞെടുപ്പ് ഫലങ്ങള്‍ ബി.ജെ.പിക്കെതിരായ രോഷമാണ് കാണിക്കുന്നത്. ആരാണോ ബി.ജെ.പിക്കെതിരെ അവര്‍ക്കാണ് വോട്ട് എന്നതിന് തെളിവാണിത്. ഉത്തര്‍പ്രദേശിലെ പുതുചരിത്രത്തിന്റെ ഭാഗമാകാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്. മാറ്റം ഒരു രാത്രിക്കൊണ്ട് സാധ്യമാകില്ല. രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.

നേരത്തെ യു.പിയില്‍ എസ്.പി ബി.എസ്.പി സഖ്യത്തിന്റെ വിജയത്തില്‍ പ്രതികരണവുമായി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഉമര്‍ അബ്ദുള്ളയും രംഗത്തെത്തിയിരുന്നു.ബി.ജെ.പിയുടെ അന്ത്യത്തിന്റെ ആരംഭം കുറിച്ചുകഴിഞ്ഞെന്നും മികച്ച വിജയമാണ് എസ്.പിയും ബി.എസ്.പിയും നേടിയിരിക്കുന്നതെന്നും അഖിലേഷിനേയും മായാവതിയേയും അഭിനന്ദിക്കുന്നതായും മമത ബാനര്‍ജി ട്വീറ്ററില്‍ കുറിച്ചു.

 

‘കഴിഞ്ഞദിവസത്തെ അത്താഴം കഴിഞ്ഞ് മടങ്ങവെ ബി.എസ്.പിയുടെ സതീഷ് മിശ്ര ജീ ഇന്നത്തെ വോട്ടെണ്ണലില്‍ ഒരു സര്‍്രൈപസ് ഉണ്ടാവുമെന്ന് പറഞ്ഞിരുന്നെന്നും ട്രെന്റുകള്‍ കാണുമ്പോള്‍ അദ്ദേഹം പറഞ്ഞത് ശരിയാണെന്നു തോന്നുന്നു’ വെന്നുമാണ് ഉമര്‍ അബ്ദുള്ള ട്വിറ്ററിലൂടെ പ്രതികരിച്ചത്.

കഴിഞ്ഞ അഞ്ച് തവണ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വിജയിച്ച ഖൊരക്പൂര്‍ മണ്ഡലത്തില്‍ സമാജ്പാര്‍ട്ടിയുടെ പ്രവീണ്‍ കുമാര്‍ നിഷാദ് 23000 വോട്ടുകളുടെ ഭൂരിപക്ഷവുമായി മുന്നേറുന്നു. ഫുല്‍പുരില്‍ സമാജ്‌വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥി നാഗേന്ദ്ര പട്ടേല്‍ 47000 വോട്ടുകള്‍ക്ക് ലീഡ് ചെയ്യുകയാണ്. യു.പി ഉപമുഖ്യമന്ത്രി കേശവ് മൗര്യയുടെ മണ്ഡലമാണ് ഫുല്‍പൂര്‍.