രാഹുല്‍ തന്നെ നയിക്കും; കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം

ലോക്‌സഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തോല്‍വിക്ക് പിന്നാലെ ഡല്‍ഹിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ചേര്‍ന്നു. കോണ്‍ഗ്രസിനെ രാഹുല്‍ ഗാന്ധി തന്നെ നയിക്കണമെന്നും രാജ്യത്ത് രാഹുലിന്റെ നേതൃത്വം ഏറ്റവും അനിവാര്യമായ ഘട്ടമാണിതെന്നും യോഗം അഭിപ്രായപ്പെട്ടു.

അധ്യക്ഷ പദവി ഒഴിയാന്‍ രാഹുല്‍ ഗാന്ധി സന്നദ്ധത പ്രകടിപ്പിച്ചതായ ദേശീയ മാധ്യമങ്ങളില്‍ പ്രചാരണമുണ്ടായിരുന്നു. എന്നാല്‍ നേതൃത്വമാറ്റം ആവശ്യമില്ലെന്നും രാഹുല്‍ രാജിവയ്ക്കണ്ടതില്ലെന്നുമാണ് യോഗ തീരുമാനം. അതേസമയം നാലു വര്‍ക്കിങ് പ്രസിഡന്റുമാരെ നിയോഗിച്ച് സംഘടന സംവിധാനം ദേശീയ തലത്തില്‍ ശക്തിപ്പെടുത്തണമെന്ന ആവശ്യംപാര്‍ട്ടിക്കുള്ളില്‍ ഉയരുന്നുണ്ട്. ഇന്ന് ഉച്ചയോടെ ഡല്‍ഹിയില്‍ കോണ്‍ഗ്രസ് ആസ്ഥാനത്താണ് പ്രവര്‍ത്തക സമിതി യോഗം ചേര്‍ന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിലും സംഘടനാ രംഗത്തും സഖ്യങ്ങള്‍ രൂപീകരിക്കുന്നതിലും സംഭവിച്ച കാര്യങ്ങളില്‍ യോഗം അവലോകനം നടത്തി.

കോണ്‍ഗ്രസിന്റെ നാലോളം തെരഞ്ഞെടുപ്പ് സമിതികളാണ് ഓരോ ഘട്ടത്തിലേയും തെരഞ്ഞെടുപ്പ് കാര്യങ്ങള്‍ തീരുമാനിച്ച് നടപ്പിലാക്കിയത്. അതിനാല്‍ പരാജയ കാരണം എല്ലാവർക്കുമാണെന്നും, രാഹുലിന്റെ മാത്രം ഉത്തരവാദിത്തമല്ലെന്നും യോഗം വിലയിരുത്തി. പാർട്ടിയുടെ പ്രവർത്തക സമിതി യോഗം ഡൽഹിയിൽ പുരോഗമിക്കുകയാണ്.

പരാജയത്തില്‍ കോണ്‍ഗ്രസ് തളരില്ലെന്നും രാഹുല്‍ ഗാന്ധിയുടെ നേതൃത്വം അനിവാര്യമായ ഘട്ടമാണിതെന്നും യോഗത്തില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയില്‍ എത്തിയ ഉമ്മന്‍ചാണ്ടി മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. രാഹുലിന്റെ സാന്നിദ്ധ്യം കേരളത്തിലെ പ്രവര്‍ത്തകരില്‍ വന്‍ ആവേശമാണ് ഉണ്ടാക്കിയത്. വന്‍ വിജയത്തിന് പിന്നിലെ ശക്തി രാഹുലാണെന്നം ഉമ്മന്‍ചാണ്ടി പറഞ്ഞു.