വാജ്‌പേയിയുടെ അനന്തരവള്‍ കരുണ ശുക്ല കോണ്‍ഗ്രസ് സീറ്റില്‍; ചത്തീസ്ഗഢ് മുഖ്യമന്ത്രിക്കെതിരെ മത്സരിക്കും

റായ്പൂര്‍: ചത്തീസ്ഗഢ് മുഖ്യമന്ത്രി രമണ്‍സിങ്ങിനെതിരെ വാജ്‌പേയിയുടെ അനന്തരവള്‍ മത്സരിക്കും. മുന്‍ പ്രധാനമന്ത്രിയായ അന്തരിച്ച വാജ്‌പേയിയുടെ അനന്തരവള്‍ കരുണ ശുക്ലയാണ് രമണ്‍സിങ്ങിനെതിരെ കോണ്‍ഗ്രസ് സീറ്റില്‍ മത്സരിക്കാന്‍ തീരുമാനമായത്.

രാജ്‌നന്ദ്ഗാവ് മണ്ഡലത്തിലാണ് കരുണ ശുക്ല കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുക. കോണ്‍ഗ്രസ് പുറത്തിറക്കിയ രണ്ടാമത്തെ സ്ഥാനാര്‍ത്ഥി പട്ടികയിലാണ് കരുണ ശുക്ലയുടെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്. സ്‌ക്രീനിങ് കമ്മറ്റിയാണ് കരുണാ ശുക്ലയുടെ പേര് ശുപാര്‍ശ ചെയ്തത്.

ജാന്‍ഗിരി മണ്ഡലത്തില്‍നിന്നുള്ള ബിജെപി എംപിയായിരുന്നു കരുണ ശുക്ല. വാജ്‌പേയി സജീവ രാഷ്ട്രീയത്തില്‍നിന്ന് പിന്മാറിയതിന് പിന്നാലെ ബിജെപി കരുണ ശുക്ലയെ പതിയെ മാറ്റി നിര്‍ത്തി. തുടര്‍ന്നാണ് ഇവര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

ആറ് സ്ഥാനാര്‍ത്ഥികളെയാണ് രണ്ടാംഘട്ട പട്ടികയില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആദ്യ പട്ടികയില്‍ പന്ത്രണ്ടുപേരുടെ പേരുകള്‍ കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരുന്നു.