മഹാരാഷ്ട്രയില്‍ ബദല്‍ സര്‍ക്കാര്‍ രൂപീകരണത്തിനൊരുങ്ങി കോണ്‍ഗ്രസ്-എന്‍സിപി സഖ്യം

മുംബൈ: അധികാരം പങ്കിടുന്നതിനെച്ചൊല്ലി സഖ്യകക്ഷികളായ ബി.ജെ.പിയും ശിവസേനയും തര്‍ക്കം തുടരുന്നതിനിടെ ഹാരാഷ്ട്രയില്‍ ബദല്‍ സര്‍ക്കാര്‍ രൂപീകരണത്തിനൊരുങ്ങി കോണ്‍ഗ്രസ്-എന്‍സിപി സഖ്യം. മഹാരാഷ്ട്രയില്‍ മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനെ ഗവര്‍ണര്‍ ഭഗത് സിങ് കോഷ്യാരി സര്‍ക്കാറുണ്ടാക്കാന്‍ ക്ഷണിച്ചെങ്കിലും എന്‍.ഡി.എയിലെ തര്‍ക്കം കാരണം ഒരു കക്ഷിക്കും കേവല ഭൂരിപക്ഷം അവകാശപ്പെടാനാവാത്ത സാഹചര്യമാണ് നിലവിലുള്ളത്. തിങ്കളാഴ്ച രാത്രി എട്ടു മണിക്കകം നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കണമെന്ന് ഗവര്‍ണര്‍ ഫഡ്‌നാവിസിനോട് ആവശ്യപ്പെട്ടെങ്കിലും ഇതുവരെ ആരും അവകാശം ഉന്നയിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് ബദല്‍ സര്‍ക്കാര്‍ രൂപീകരണത്തിനൊരുങ്ങി കോണ്‍ഗ്രസ്-എന്‍സിപി സഖ്യം മുന്നോട്ടുവരുന്നത്. ശിവസേനയുടെ പുറത്തുനിന്നുള്ള പിന്തുണയിലുള്ള സര്‍ക്കാറിനാണ് ശ്രമംനടക്കുന്നത്.

മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപവത്കരണത്തെക്കുറിച്ച് എന്ത് നിലപാടാണ് സ്വീകരിക്കേണ്ടതെന്ന ചര്‍ച്ചചെയ്യാന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ എംഎല്‍എമാരുമായി കൂടിക്കാഴ്ച നടത്തി. ജയ്പൂരില്‍ വെച്ച് പുതുതായി തെരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ സംസ്ഥാനത്തെ രാഷ്ട്രീയ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്തതായാണ് വിവരം.

അതിനിടെ കോണ്‍ഗ്രസ്-എന്‍സിപി ഒരു ബദല്‍ സര്‍ക്കാര്‍ രൂപീകരണത്തിന് ശ്രമിക്കന്നാതായി എന്‍സിപി നേതാവ് നവാബ് മാലികും വ്യക്തമാക്കി. ‘ബിജെപി-ശിവസേന സര്‍ക്കാര്‍ രൂപീകരിച്ചാല്‍ ഞങ്ങള്‍ പ്രതിപക്ഷത്ത് ഇരിക്കും. ബിജെപി സര്‍ക്കാരിനെ പിന്‍വലിക്കാനുള്ള ശിവസേനയുടെ ശ്രമത്തെ സഭയില്‍ എന്‍സിപി പിന്തുണക്കുമെന്നും അദ്ദേഹം പറഞ്ഞു. അവര്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നില്ലെങ്കില്‍ കോണ്‍ഗ്രസ്-എന്‍സിപി ഒരു ബദല്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശ്രമിക്കും. സഭയില്‍ ബിജെപിക്കെതിരെ ശിവസേനക്ക് അനുകൂലമായി വോട്ടുചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതിനായ നവംബര്‍ 12 ന് സംസ്ഥാനത്തെ രാഷ്ട്രീയ സ്ഥിതി ചര്‍ച്ചചെയ്യാന്‍ എല്ലാ എംഎല്‍എമാരുടെയും യോഗം വിളിച്ചതായും അദ്ദേഹം പറഞ്ഞു.

അതേസമയം, മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശിവസേനയുമായി കോണ്‍ഗ്രസ് സഖ്യമുണ്ടാക്കില്ലെന്ന് സംസ്ഥാന മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍് സഞ്ജയ് നിരുപമും വ്യക്തമാക്കി. ‘നിലവിലെ സീറ്റുകളുടെ ബലത്തില്‍ കോണ്‍ഗ്രസ്-എന്‍സിപിക്ക് മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കല്‍ അസാധ്യമാണ്. ശിവസേനയുടെ സഹായത്താല്‍ അത് സാധ്യക്കും. എന്നാല്‍ ശിവസേനയുമായി ഒരുതരത്തിലും ഭരണം പങ്കിടാന്‍ പാര്‍ട്ടി തയ്യാറാവരുതെന്നും, സഞ്ജയ് നിരുപം പറഞ്ഞു.

രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തും മുമ്പ് സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ വലിയ കക്ഷിയുടെ പ്രതിനിധിയെ ഗവര്‍ണര്‍ സര്‍ക്കാറുണ്ടാക്കാന്‍ ക്ഷണിച്ചത്. ഇതിനിടെ മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണം വൈകുമെന്ന സൂചനയുമായി ശിവസേനാ നേതാവ് സഞ്ജയ് റൗട്ട് രംഗത്തെത്തി. വലിയ കക്ഷിയായതിനാലാണ് ഗവര്‍ണര്‍ ബിജെപിയെ ക്ഷണിച്ചതെന്നും സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആരും തയ്യാറായില്ലെങ്കില്‍ ശിവസേന അതിന് നേതൃത്വം നല്‍കുമെന്നും സഞ്ജയ് റൗട്ട് പറഞ്ഞു. കോണ്‍ഗ്രസ് രാജ്യത്തിന്റെ ശത്രുവല്ലെന്നും. നമ്മുടെ പ്രത്യയശാസ്ത്രങ്ങള്‍ വ്യത്യസ്തമായിരിക്കാം അതിനര്‍ത്ഥം നമ്മള്‍ ശത്രുക്കളാണന്നെല്ലെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരും സംസ്ഥാനത്ത് സുസ്ഥിരമായ ഒരു സര്‍ക്കാരിനാന് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ചില വിഷയങ്ങളില്‍ ഞങ്ങള്‍ പല തവണ ബിജെപിയെയും ആക്രമിച്ചിട്ടുണ്ട്. ബിജെപിയും ഞങ്ങളുടെ ശത്രുക്കളെല്ല. എല്ലാവരും ഭരണകൂടത്തിന് സംഭാവന നല്‍കിയിട്ടുണ്ടെന്നും സഞ്ജയ് റൗട്ട് പറഞ്ഞു.
എല്ലാവരും അയോധ്യ വിഷയത്തില്‍ ചുറ്റിത്തിരിയുന്നതിനാലാണ് സര്‍ക്കാര്‍ രൂപീകരണം വൈകുന്നത്. രാം മന്ദിര്‍ എന്നത് രാജ്യത്തിന്റെ മുഴുവന്‍ പ്രശ്‌നമാണ്, ഒരു പാര്‍ട്ടിയുടെ മാത്രം വിഷയമല്ല. അതിനാല്‍ വിധി രാജ്യത്തിന്റെ വിജയമാണ്, ഒരു കക്ഷിയല്ല. എന്നിരുന്നാലും, അവരുടെ വിജയമായി ആഘോഷിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അത് ചെയ്യാന്‍ കഴിയുമെന്നും സര്‍ജിക്കല്‍ സ്‌െ്രെടക്കിനിടെയും അവര്‍ അങ്ങനെ ചെയ്‌തെന്നും അദ്ദേഹം ബിജെപിയെ പരിഹസിച്ചു.

288 അംഗ സഭയില്‍ ബി.ജെ.പിക്ക് 105 അംഗങ്ങളാണുള്ളത്. കേവല ഭൂരിപക്ഷത്തിന് 40 പേരുടെ കുറവുണ്ട്. ചെറു കക്ഷി അംഗങ്ങളും സ്വതന്ത്രരും ഉള്‍പ്പെടെ 15 പേരുടെ പിന്തുണയുണ്ടെന്നാണ് ബി.ജെ.പി അവകാശപ്പെടുന്നത്. ഈ വാദം അംഗീകരിച്ചാല്‍പോലും 25 പേരുടെ കൂടി പിന്തുണയുണ്ടെങ്കിലേ സര്‍ക്കാര്‍ രൂപീകരണം സാധ്യമാകൂ. രാഷ്ട്രീയ കുതിരക്കച്ചവടം വഴി മറ്റു കക്ഷികളുടെ എം.എല്‍.എമാരെ സ്വാധീനിക്കുക മാത്രമാണ് ബി.ജെ.പിക്കും ഫഡ്‌നാവിസിനും മുന്നിലുള്ള വഴി. ഇത് മുന്നില്‍ കണ്ട് ശിവസേനയും കോണ്‍ഗ്രസും തങ്ങളുടെ എം.എല്‍.എമാരെ റിസോര്‍ട്ടുകളിലേക്ക് മാറ്റിയിട്ടുണ്ട്. സഭയില്‍ വിശ്വാസം തെളിയിക്കാന്‍ 48 മണിക്കൂറിന്റെ മാത്രം സാവകാശം അനുവദിച്ചതും ബി.ജെ.പിയുടെ കുതിരക്കച്ചവട നീക്കങ്ങള്‍ക്ക് തിരിച്ചടിയായേക്കും.

SHARE