അമിത് ഷാ രാജിവയ്ക്കണം; പാര്‍ലമെന്റിന് മുന്നില്‍ പ്രതിപക്ഷ പ്രതിഷേധം

പ്രതിപക്ഷ പ്രതിഷേധം ഇരുസഭകളും ഉച്ചത്തേക്ക് പിരിഞ്ഞു

ന്യൂഡല്‍ഹി: ഡല്‍ഹി കലാപത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പാര്‍ലമെന്റിന് മുന്നില്‍ കോണ്‍ഗ്രസ് എംപിമാരുടെ പ്രതിഷേധം. ഡല്‍ഹി കലാപത്തെക്കുറിച്ചു സഭ നിര്‍ത്തിവച്ചു ചര്‍ച്ച ചെയ്യണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷം ബഹളം വച്ചതിനെത്തുടര്‍ന്നു ലോക്‌സഭ നിര്‍ത്തിവെച്ചു പിരിഞ്ഞു. ഫെബ്രുവരി 28 ന് അന്തരിച്ച ബീഹാറിലെ വാല്‍മീകി നഗറില്‍ നിന്നുള്ള ജെഡിയു എംപി ബൈദ്യനാഥ് പ്രസാദ് മഹ്‌തോയെ അനുസ്മരിച്ച ശേഷം സഭ ഉച്ചകഴിഞ്ഞ് 2 മണിയിലേക്ക് മാറ്റിവെച്ചു.

എന്നാല്‍, അമിത് ഷാ രാജി വയ്ക്കണം എന്നു ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് എംപിമാരയ അധീര്‍ രഞ്ജന്‍ ചൗധരി, ശശി തരൂര്‍, ഹൈബി ഈഡന്‍ ഉള്‍പ്പെടെയുള്ള എംപിമാര്‍ പാര്‍ലമെന്റിലെ ഗാന്ധി പ്രതിമയ്ക്ക് മുന്‍പില്‍ ധര്‍ണ നടത്തുകയായിരുന്നു. അമിത് ഷാ രാജിവയ്ക്കുക എന്ന ബാനറുമേന്തി മുദ്രാവാക്യം വിളിച്ചാണ് പ്രതിഷേധം നടന്നത്.

കേരള എംപിമാരുടെ സംഘം കലാപ ബാധിത പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തുന്നു. എം. കെ. രാഘവന്‍, ഹൈബി ഈഡന്‍, ടി. എന്‍. പ്രതാപന്‍, വി. കെ. ശ്രീകണ്ഠന്‍, ആന്റോ ആന്റണി, ബെന്നി ബഹനാന്‍, രമ്യ ഹരിദാസ്, ഡീന്‍ കുര്യാക്കോസ് എന്നിവര്‍ സംഘത്തിലുണ്ട്.

അതേസമയം രാജ്യസഭയില്‍ സമാന രീതിയില്‍ പ്രതിഷേധം നടക്കുന്നുണ്ട്. പ്രതിപക്ഷം ബഹളത്തെ തുടര്‍ന്ന് രാജ്യസഭ ഉച്ചവരെ പിരിഞ്ഞു.

ഡല്‍ഹി കലാപത്തില്‍ കോണ്‍ഗ്രസിന് പുറമെ മറ്റു പ്രതിപക്ഷ പാര്‍ട്ടികളും പ്രതിഷേധം നടത്തുന്നുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാര്‍ ഗാന്ധി പ്രതിമക്ക് മുന്നില്‍ കണ്ണുകെട്ടി പ്രതിഷേധിച്ചു.

അതേസമയം, വടക്കു കിഴക്കന്‍ ഡല്‍ഹിയിലുണ്ടായ വര്‍ഗീയ കലാപം മുന്‍ നിര്‍ത്തി പാര്‍ലമെന്റില്‍ കേന്ദ്ര സര്‍ക്കാറിനെതിരെ ഇരുസഭകളിലും പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി.

കോണ്‍ഗ്രസിനായി ലോകസഭയില്‍ എംപി അധീര്‍ ര്ഞ്ജന്‍ ചൗധരി കൊടിക്കുന്നില്‍ സുരേഷ് എന്നിവരാണ് നോട്ടീസ് നല്‍കിയത്.
കോണ്‍ഗ്രസിനെ കൂടാതെ മുസ്‌ലിം ലീഗ്, തൃണമൂല്‍ കോണ്‍ഗ്രസ്, സിപിഎം, സിപിഐഎം, തുടങ്ങിയവരും അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കിയിട്ടുണ്ട്.

യുഎസ് പ്രസിഡന്റെ സന്ദര്‍ശനവേളയില്‍ അന്താരാഷ്ട്രതലത്തില്‍ രാജ്യത്തെ നാണക്കേടിലാക്കിയ ഡല്‍ഹി കലാപം പാര്‍ലമെന്റില്‍ ഉന്നയിക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം. കേന്ദ്ര സര്‍ക്കാറിന്റെ നിയന്ത്രണത്തിലുള്ള ഡല്‍ഹി പൊലീസിന്റെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചകളാണ് കലാപം തടയുന്നതില്‍ ഉണ്ടായത്. കലാപകാരികള്‍ക്ക് ഒത്താശ ചെയ്യുന്ന സമീപനാണ് ആദ്യ ദിവസങ്ങളില്‍ പൊലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്. ഈസാഹചര്യത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ രാജി ആവശ്യപ്പെടുമെന്നും കോണ്‍ഗ്രസ് ലോക്‌സഭാ കക്ഷി നേതാവ് അദിര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു.

കലാപം തടയുന്നതില്‍ സര്‍ക്കാര്‍ ദയനീയമായി പരാജയപ്പെടുകയായിരുന്നു. പൊലീസും കലാപകാരികളും തമ്മില്‍ അവിശുദ്ധ സഖ്യമുണ്ടായിരുന്നുവെന്നാണ് സംശയിക്കുന്നത്. അക്രമികള്‍ അഴിച്ചുവിട്ട വംശഹത്യക്ക് ചില പൊലീസ് ഉദ്യോഗസ്ഥര്‍ തണലൊരുക്കി. ലോകം മുഴുവന്‍ അത് ഇന്ത്യയെ നാണം കെടുത്തി. അതീവ ഗുരുതരമാണ് ഈ സാഹചര്യം. ഇക്കാര്യം അടിയന്തര പ്രമേയത്തില്‍ ഉന്നയിക്കും. കലാപം തടയുന്നതില്‍ വന്ന വീഴ്ചയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് അമിത് ഷാ രാജിവെക്കണമെന്ന് കോണ്‍ഗ്രസ് നേരത്തെതന്നെ ആവശ്യപ്പെട്ടിരുന്നു. പാര്‍ലമന്റിലും ഈ ആവശ്യം ആവര്‍ത്തിക്കുമെന്നും അദിര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു. സഭക്കകക്കും പുറത്തും കേന്ദ്ര സര്‍ക്കാറിനെതിരെ യോജിച്ച പ്രക്ഷോഭത്തിനുള്ള നീക്കങ്ങളും പ്രതിപക്ഷ കക്ഷികള്‍ നടത്തുന്നുണ്ട്.

നേരത്തെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ കണ്ട് ആഭ്യന്തരമന്ത്രി അമിത് ഷായെ നീക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. കലാപ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് വസ്തുതാന്വേഷണ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ അഞ്ചംഗ കോണ്‍ഗ്രസ് സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. ഈ സമിതിയുടെ റിപ്പോര്‍ട്ട് കൂടി മുന്‍ നിര്‍ത്തിയാകും കോണ്‍ഗ്രസ് കേന്ദ്രത്തിനെതിരെ ആഞ്ഞടിക്കുക. എന്‍.സി.പി, ആര്‍.ജെ.ഡി, എല്‍.ജെ.ഡി, ഡി.എം.കെ, എ.എ.പി തുടങ്ങിയ കക്ഷികളും ആഭ്യന്തര മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു.