മിണ്ടാതിരിക്ക്; മോദി സര്‍ക്കാറിന് മുന്നില്‍ ചരിത്രം തുറന്നുവെച്ച് കത്തിക്കയറി വിപ്ലവ് താക്കൂര്‍

ന്യൂഡല്‍ഹി: രാജ്യസഭയില്‍ രാഷ്ട്രപതിയുടെ നന്ദിപ്രമേയ ചര്‍ച്ചയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സര്‍ക്കാറിനെതിരെ തുറന്നടിച്ച് കോണ്‍ഗ്രസ് എം.പി വിപ്ലവ് താക്കൂര്‍. തീക്ഷ്ണവും ധീരവുമായ പ്രസംഗങ്ങളാല്‍ അറിയപ്പെട്ട ഹിമാചല്‍ പ്രദേശില്‍ നിന്നുള്ള കോണ്‍ഗ്രസ് രാജ്യസഭാംഗമാണ് 76 കാരിയായ വിപ്ലവ് താക്കൂര്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി സര്‍ക്കാറിനെ മുന്‍ നിര്‍ത്തിയാണ്, നിങ്ങള്‍ ഈ രാജ്യത്തെ നശിപ്പിച്ചിരിക്കുന്നുവെന്ന് ഹിമാചല്‍ പ്രദേശ് മുന്‍ കോണ്‍ഗ്രസ് പ്രസിഡന്റും സ്വതന്ത്ര സമര സേനാനിയുടെ മകളും കൂടിയായ താക്കൂര്‍ തുറന്നടിച്ചത്.

രാജ്യസഭയില്‍ ബിജെപി അംഗങ്ങളും കോണ്‍ഗ്രസ് എംപിമാരും തമ്മില്‍ വാക്കുതര്‍ക്കത്തിന് സാക്ഷ്യംവഹിച്ച വ്യാഴാഴ്ചയായിരുന്നു മോദി സര്‍ക്കാരിന്റെ പരാജയവും പ്രധാനമന്ത്രിയുടെ നുണപ്രചാരങ്ങളേയും തുറന്നുകാട്ടിയുള്ള താക്കൂറിന്റെ വിപ്ലവ പ്രസംഗം.

രാജ്യസഭയിലെ സംസാരിക്കാന്‍ തുടങ്ങിയ 76 കാരിയെ തടസ്സപ്പെടുത്തിയ ബിജെപി അംഗങ്ങളോട് ഷഹീന്‍ ബാഗില്‍ പ്രതിഷേധ സമരം നടത്തുന്ന പ്രായമായ കരുത്ത സ്ത്രീകളെ ഓര്‍മ്മിപ്പിക്കുന്നതരത്തില്‍ മിണ്ടാതിരിക്കാനും പറയുന്നത് കേള്‍ക്കാനും ധൈര്യപൂര്‍വ്വം ആവശ്യപ്പെട്ടായിരുന്നു വിപ്ലവിന്റെ പ്രസംഗം. നിങ്ങള്‍ ഈ രാജ്യത്തെ നശിപ്പിച്ചിരിക്കുന്നു, ലോക രാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യയെ നാണം കെടുത്തിയിരിക്കുന്നു ലാഹോറില്‍ പോയി ബിരിയാണി തിന്നവരാണ് പാകിസ്ഥാന്‍ വിരോധം പറഞ്ഞ് നടക്കുന്നത്, മോദി സര്‍ക്കാറിനെ മുന്‍ നിര്‍ത്തി വിപ്ലവ് പറഞ്ഞു.

നിങ്ങള്‍ ഇന്ന് വിമാനത്തില്‍ യാത്ര ചെയ്യുക, ആരാണ് ഇതെല്ലാം നല്‍കിയതെന്നറിയോ? ആരാണ് ഇതെല്ലാം ഉണ്ടാക്കിയത്? ഇന്നത്തെ സ്‌കൂളുകളും കോളേജുകളും സര്‍വ്വകലാശാലകളും ആരാണതെല്ലാം നിര്‍മ്മിച്ചത്? ആരാണ് ഐഐടികള്‍ നിര്‍മ്മിച്ചത്? ആരാണ് ഐഐഎമ്മുകള്‍ നിര്‍മ്മിച്ചത്?, വിപ്ലവ് താക്കൂര്‍ ചോദിച്ചു.

നിങ്ങള്‍ ഇന്ന് ഇവിടെ ഇരുന്നു ഇതെല്ലാം കാണുകയാണ് ആസ്വദിക്കുകയാണ്. എന്നാല്‍ കഴിഞ്ഞ ആറ് വര്‍ഷത്തിനുള്ളില്‍ നിങ്ങള്‍ എന്താണ് ചെയ്തത്. നിങ്ങള്‍ ഒന്നും ചെയ്തിട്ടില്ല. നിങ്ങള്‍ ഇന്ത്യയെ തകര്‍ക്കാന്‍ മാത്രമാണ് ശ്രമിച്ചത്. ഇന്ത്യയെ ഭിന്നിപ്പിക്കാണ് ശ്രമിച്ചത്, താക്കൂര്‍ തുറന്നടിച്ചു.

എനിക്ക് നിങ്ങളുടെ ചരിത്രത്തെബോധത്തെ കുറിച്ചറിയാന്‍ ആഗ്രഹമുണ്ട് താക്കൂര്‍ തുടര്‍ന്നു.

രാജ്യദ്രോഹിയുടെ നിര്‍വചനം എന്താണെന്ന് ചോദിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. രാജ്യദ്രോഹിയുടെ നിര്‍വചനം എന്താണ്? ആരെയാണ് രാജ്യദ്രോഹി എന്ന് വിളിക്കുന്നത്? കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഇന്ത്യയുടെ സ്വാതന്ത്ര്യം അംഗീകരിച്ചിട്ടില്ല. അവരെ നാല് വര്‍ഷത്തേക്ക് നിരോധിച്ചിരുന്നു. പക്ഷേ നെഹ്‌റു അവരെ രാജ്യദ്രോഹികള്‍ എന്ന് വിളിച്ചിട്ടില്ല, നെഹ്‌റുവിന്റെ സര്‍ക്കാറോ ഭരണകൂടമോ അവരെ രാജ്യദ്രോഹികള്‍ എന്ന് വിളിച്ചില്ല. ലോക്‌സഭയില്‍ പണ്ഡിറ്റ് നെഹ്രുവിനെതിരെ വാജ്‌പേയി സംസാരിക്കാറുണ്ടായിരുന്നു, എന്നാല്‍ അദ്ദേഹത്തെ രാജ്യദ്രോഹി എന്ന് വാജ്‌പേയ് വിളിച്ചിരുന്നില്ല.

എന്നാല്‍ ഇന്ന് നിങ്ങളുടെ പ്രധാനമന്ത്രിയെയോ നിങ്ങളുടെ ആഭ്യന്തരമന്ത്രിയേയോ അവരുടെ നയങ്ങളേയോ എതിര്‍ത്ത് ആരെങ്കിലും സംസാസാരിച്ചാല്‍ അവര്‍ ആരായാലും നിങ്ങളവരെ രാജ്യദ്രോഹികളായിത്തീരുന്നു. അവരെ പിടിക്കൂടുന്നു, ജയിലില്‍ അടയ്ക്കുന്നു. ഇതില്‍ 6 വയസ്സുള്ള കുട്ടികളെ പോലും നിങ്ങള്‍ വെറുതെവിടുന്നില്ല. നിങ്ങള്‍ എന്തു ചെയ്യും എന്ന നിലയാണ്, താക്കൂര്‍ തുറന്നുകാട്ടി.

രാജ്യ ചരിത്രത്തെക്കുറിച്ചും എനിക്ക് ചോദിക്കാന്‍ ആഗ്രഹമുണ്ട്. ആരാണ് മുഹമ്മദ് ഘോറിയെ ക്ഷണിച്ചത്. ആരാണ് ഡല്‍ഹി ആക്രമിക്കാന്‍ ആവഅദ്ദേഹത്തോട് ആശ്യപ്പെട്ടതെന്നും നിങ്ങള്‍ ഞങ്ങളോട് പറയണം.

ജയ്ചന്ദ് ആരായിരുന്നു. മഹാറാണ പ്രതാപ് ഹല്‍ദിഘട്ടിയില്‍ യുദ്ധം ചെയ്യുമ്പോള്‍ അക്ബറിനെതിരെ യുദ്ധം ചെയ്യാന്‍ സഹായിച്ച രാജാവ് ആരായിരുന്നു. അന്ന് ഭില്‍സ് മാത്രമാണ് അന്ന് മഹാറാണ പ്രതാപ്‌ക്കൊപ്പം കൂടിയത്, താക്കൂര്‍ ചൂണ്ടിക്കാട്ടി.

എന്തിനും എല്ലാത്തിനും നിങ്ങളില്‍ പാകിസ്ഥാന്‍ വാദം വരുന്നത് എന്തുകൊണ്ടാണെന്നും താക്കൂര്‍ ചോദിച്ചു.
ആറ് വര്‍ഷത്തിനിടയില്‍ നിങ്ങള്‍ പരാമര്‍ശിച്ചത്ര തവണ പാക്കിസ്ഥാന്റെ പേര് കഴിഞ്ഞ 70 വര്‍ഷത്തിനിടയില്‍ ഞങ്ങള്‍ പറഞ്ഞിട്ടില്ല.
നമ്മുടെ മഹാനായിക (ഇന്ദിരാഗാന്ധി) പാകിസ്ഥാനെ രണ്ട് ഭാഗങ്ങളായി വിഭജിച്ചിട്ടുണ്ട്.

അതേസമയം, നിങ്ങള്‍ ഇന്ന് പാകിസ്ഥാന്റെ പേരില്‍ ഭയപ്പെടുകയാണ്, അല്ലെങ്കില്‍ ‘ഞങ്ങള്‍ വളരെ ശക്തരാണ്’ എന്നു പറയുക മാത്രമാണ്.
എന്നാല്‍ എന്തിനും എല്ലാത്തിനും പാകിസ്ഥാന്‍, പാകിസ്ഥാന്‍ എന്നു പറയുന്നു. എന്തിനാണിങ്ങനെ തുടരെ ജപിക്കുന്നത്. നിങ്ങളുമായി ബന്ധപ്പെട്ടതാണോ അവര്‍? അതെ, നിങ്ങള്‍ ബിരിയാണി കഴിക്കാന്‍ ലാഹോറില്‍ പോയത് അറിയാം (നവാസ് ഷെരീഫിന്റെ ജന്മദിനത്തില്‍ മോദിയുടെ അത്ഭുതകരമായ ലാഹോര്‍ യാത്രയെ പരാമര്‍ശിക്കുന്നു). നിങ്ങള്‍ ക്ഷണംപോലും ഇല്ലാതെയാണ് പോയത്. എന്നാല്‍ കോണ്‍ഗ്രസ് ഇത്തരം കാര്യങ്ങള്‍ പോഷിപ്പിക്കുന്നില്ല, താക്കൂര്‍ കുറ്റപ്പെടുത്തി.

തന്റെ പ്രസംഗത്തില്‍ കശ്മീര്‍ വിഷയം പരാമര്‍ശിക്കാനും താക്കൂര്‍ മറന്നില്ല.
കശ്മീര്‍ വിഷയത്തില്‍ യൂറോപ്യന്‍ യൂണിയന് സംസാരിക്കാനും ഒരു പ്രമേയം കൊണ്ടുവരാനും അവകാശമില്ലെന്ന് നിങ്ങള്‍ പറയുന്നു. പിന്നെ എന്തിനാണ് നിങ്ങള്‍ അവരുടെ എംപിമാരെ ഇവിടെ കൊണ്ടുവന്നത്. എന്തിനാണ് അവരെ കശ്മീരിലേക്ക് കൊണ്ടുപോയത്. നിങ്ങള്‍ തന്നെ അവരെ ക്ഷണിച്ചു. നിങ്ങള്‍ തന്നെ ഇത് അന്താരാഷ്ട്രവല്‍ക്കരിച്ചു. കാശ്മീര്‍ വിഷയത്തില്‍ ഇടപെടാന്‍ രാജ്യത്തെ പ്രതിപക്ഷത്തെ ഒഴിച്ച് മറ്റുള്ളവരെയെല്ലാം നിങ്ങള്‍ വിളിച്ചു. നമ്മുടെ ഗവണ്‍മെന്റുകള്‍ ഉണ്ടായിരുന്നിടത്തോളം കാലം, നമ്മുടെ രാജ്യത്തിന് ഒരും ദോഷം പോലും വരുത്താന്‍ ആരും ധൈര്യപ്പെട്ടിരുന്നില്ല. എന്നാല്‍ നിങ്ങളുടെ തെറ്റുകള്‍ മറയ്ക്കാന്‍, നിങ്ങളിതെല്ലാം ചെയ്തു കൂട്ടുകയാണ്. വിപ്ലവ് താക്കൂര്‍ വിസ്തരിച്ചു.

നേരത്തെ കശ്മീര്‍ വിഷയത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കെതിരെയും ബിജെപി സര്‍ക്കാറിന്റെ ഗൂഡലക്ഷ്യത്തിനെതിരേയും വിപ്ലവ് താക്കൂര്‍ തുറന്നടിച്ചിരുന്നു. രാജ്യസഭയില്‍ ജമ്മുകാശ്മീര്‍ പ്രമേയ ചര്‍ച്ചയില്‍ സംസാരിക്കുമ്പോയായിരുന്നു ഹിമാചല്‍ പ്രദേശില്‍ നിന്നുള്ള മുതിര്‍ന്ന എംപിയുടെ കടുത്ത ആരോപണം.

കശ്മീരില്‍ കോണ്‍ഗ്രസും നാഷണല്‍ കോണ്‍ഫറന്‍സും സര്‍ക്കാര്‍ രൂപീകരിക്കാതിരിക്കാന്‍ ഗവര്‍ണറുടെ ഫാക്‌സ് ബിജെപി കേടാക്കിയെന്ന് താക്കൂര്‍ ആരോപിച്ചിരുന്നു. ബി.ജെ.പി അവരുടെ അജണ്ടയാണ് കശ്മീരില്‍ നടപ്പാക്കിയതെന്ന ശക്​തമായ ആരോപണങ്ങളുമായി ബി.ജെ.പി അധ്യക്ഷൻകൂടിയായ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്​ ഷാക്കു മുന്നിൽ വിപ്ലവ് കത്തിക്കയറി.

നിയമസഭാ തെരഞ്ഞടുപ്പ് നടത്താതെ ലോക്‌സഭ തെരഞ്ഞെടുപ്പ് മാത്രം നടത്തിയത് ഇതിനു വേണ്ടിയാണ്. സര്‍ക്കാര്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ഒഴിവുകഴിവുകള്‍ നിരത്തുകയുമാണെന്നും അവര്‍ ആരോപിച്ചു.