സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ ഇംപീച്ച് ചെയ്യല്‍; സി.പി.എം നീക്കത്തിനൊപ്പം കോണ്‍ഗ്രസ്സും

ന്യൂഡല്‍ഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ ഇംപീച്ച് ചെയ്യാനുള്ള നീക്കത്തെ പിന്തുണച്ച് കോണ്‍ഗ്രസ്സും എത്തുന്നുവെന്ന് സൂചന. സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ചീഫ് ജസ്റ്റിസിനെ ഇംപീച്ച് ചെയ്യാനുള്ള നീക്കത്തെ പിന്തുണക്കണമെന്ന് എല്ലാ പ്രതിപക്ഷ പാര്‍ട്ടികളോടും ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് ഇംപീച്ച്‌മെന്റ് വിഷയത്തില്‍ കോണ്‍ഗ്രസ്സിലും ചര്‍ച്ച സജീവമാവുകയായിരുന്നു.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ വിഷയത്തില്‍ ചര്‍ച്ച നടന്നതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇംപീച്ച്‌മെന്റ് ചെയ്യുന്നതിലെ നിയമസാധ്യതകളെക്കുറിച്ചാണ് പാര്‍ട്ടിയിലെ മുതിര്‍ന്ന നിയമവിദഗ്്ധരുള്‍പ്പെടെ ചര്‍ച്ച നടത്തിയത്. സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരെ നാലു ജഡ്ജിമാര്‍ ഉയര്‍ത്തിയ ആരോപണത്തില്‍ കഴമ്പില്ലായിരുന്നുവെങ്കില്‍ ഞങ്ങള്‍ ഇംപീച്ച്‌മെന്റ് നീക്കത്തിനെ പിന്തുണക്കില്ലായിരുന്നുവെന്ന് മുന്‍ നിയമമന്ത്രി വീരപ്പമൊയ്‌ലി പറഞ്ഞു. ഇതൊരു രാഷ്ട്രീയ പ്രശ്‌നമല്ലെന്നും നിയമപരമായ പ്രശ്‌നമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുന്‍ നിയമമന്ത്രിയായിരുന്ന അശ്വനികുമാറും വീരപ്പമൊയ്‌ലിയുടെ അഭിപ്രായത്തെ പിന്തുണച്ച് രംഗത്തുവന്നു. വിഷയത്തെ ഗൗരവകരമായി കാണുന്നുവെന്നും ചര്‍ച്ച നടത്തിയെന്നും അശ്വനി കുമാര്‍ അറിയിച്ചു. അതേസമയം, മുതിര്‍ന്ന നേതാവ് അഭിഷേക് സിംഗ്‌വി നീക്കത്തെ എതിര്‍ത്തു. കോണ്‍ഗ്രസ്സ് അങ്ങനെയൊരു തീരുമാനമെടുത്തിട്ടില്ലെന്നും താന്‍ അതിനെ പിന്തുണക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇതൊരു ഗൗരവകരമായ പ്രശ്‌നമാണെന്നും വിഷയത്തെക്കുറിച്ച് ആഴത്തില്‍ ചര്‍ച്ച ചെയ്യുമെന്നും മുന്‍ മന്ത്രി കൂടിയായ മനീഷ് തിവാരി പറഞ്ഞു.

ബജറ്റ് സമ്മേളനത്തിലായിരിക്കും ചീഫ് ജസ്റ്റിസിനെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം സി.പി.എം അവതരിപ്പിക്കുക. നേരെത്ത സിപിഎം ഇതിനുള്ള പ്രമേയം കൊണ്ടു വരുമെന്നു അറിയിച്ചിരുന്നുവെങ്കിലും കോണ്‍ഗ്രസ്സിന്റെ ഭാഗത്തുനിന്ന് പിന്തുണക്കുന്നതിനുള്ള യാതൊരു സൂചനയും ഉണ്ടായിരുന്നില്ല.