ബിജെപി സര്‍ക്കാര്‍ പുറത്തേക്ക്; മണിപ്പൂരില്‍ ഉടന്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് കോണ്‍ഗ്രസ്

Chicku Irshad
ഇംഫാല്‍: എംഎല്‍എമാര്‍ രാജിവെച്ചതോടെ പ്രതിസന്ധിയിലായ മണിപ്പൂരിലെ ബിജെപി സര്‍ക്കാര്‍ ഉടന്‍ വീഴുമെന്ന നിലയില്‍. അതേസമയം സര്‍ക്കാര്‍ രൂപവത്കരിക്കാനുള്ള നീക്കങ്ങളുമായി കോണ്‍ഗ്രസ് രംഗത്തെത്തി. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ മണിപ്പൂരില്‍ ഉടന്‍ പുതിയ സര്‍ക്കാര്‍ അധികാരത്തിലേറുമെന്ന് പാര്‍ട്ടി നേതാവും വാക്താവുമായ നിങ്കോമ്പം ബൂപേന്ദ മൈതേ അറിയിച്ചു.

ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാരില്‍ നിന്ന് മന്ത്രിമാരും മൂന്നു ബി.ജെ.പി എംഎല്‍എമാരുമാണ് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചത്. ബി.ജെ.പി.യുടെ മൂന്ന് എം.എല്‍.എ.മാര്‍ രാജിവെച്ച് കോണ്‍ഗ്രസില്‍ ചേരുകയും മറ്റ് ആറ് എം.എല്‍.എ.മാര്‍ ബിരേന്‍സിങ് സര്‍ക്കാരിന് നല്‍കിയ പിന്തുണ പിന്‍വലിക്കുകയും ചെയ്തതോടെയാണ് ബിജെപി പ്രതിസന്ധിയിലായത്.

Image

എസ് സുഭാഷ് ചന്ദ്ര സിങ്, ടി.ടി ഹവോകിപ്, സാമുവല്‍ ജെന്റായി എന്നീ എം.എല്‍.എമാരാണ് ബി.ജെ.പിയില്‍ നിന്ന് രാജിവച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. മൂന്ന് മന്ത്രിമാരുള്‍പ്പെടെ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിയിലെ (എന്‍.പി.പി.) നാല് എം.എല്‍.എ.മാരും തൃണമൂല്‍ കോണ്‍ഗ്രസിന്റെ ടി റോബിന്‍ന്ദ്രോ സിങും സ്വതന്ത്ര എംഎല്‍എ ഷഹാബുദ്ധീനും ബി.ജെ.പി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചു. ഇതോടെ മണിപ്പൂരില്‍ ബിരേന്‍ സിങ് സര്‍ക്കാരിന്റെ നിലനില്‍പ്പ് പ്രതിസന്ധിയിലായി.

സഖ്യകക്ഷിയായ എന്‍.പി.പിയുടെ മന്ത്രിമാരായ വൈ ജോയ്കുമാര്‍ സിങ്, എന്‍.കയിസ്, എല്‍.ജയന്തകുമാര്‍ സിങ്, ലെറ്റ്പാലോ ഹലോകിപ് എന്നിവരാണ് മന്ത്രിസ്ഥാനങ്ങളില്‍ നിന്ന് രാജിവച്ചത്.

സര്‍ക്കാരിന് പിന്തുണ പിന്‍വലിച്ച എംഎല്‍എമാരെ കോണ്‍ഗ്രസ് അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 60 അംഗ നിയമസഭയില്‍ 30 എം.എല്‍.എ.മാരായി കുറഞ്ഞതോടെ മുഖ്യമന്ത്രി ബിരേന്‍സിങ് നയിക്കുന്ന എന്‍.ഡി.എ സര്‍ക്കാരിന് കേവലഭൂരിപക്ഷം നഷ്ടമായിരിക്കയാണ്.

Manipur Chief Minister N Biren Singh (File Photo)
മണിപ്പൂര്‍ മുഖ്യമന്ത്രി ബിരേന്‍സിങ്

അതിനിടെ മുഖ്യമന്ത്രി ബിരേന്‍സിങിനോട് വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികളും രംഗത്തെത്തിയിട്ടുണ്ട്. ഇക്കാര്യം ആവശ്യപ്പെട്ടുക്കൊണ്ട് കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ന് ഗവര്‍ണറെ കണ്ടേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലാകും മണിപ്പൂരില്‍ പുതിയ സര്‍ക്കാര്‍ വരികയെന്നും വൃത്തങ്ങള്‍ സൂചിപ്പിച്ചു.

2017-ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ കോണ്‍ഗ്രസിനെ മറികടന്നാണ് ബി.ജെ.പി സര്‍ക്കാര്‍ രൂപവത്കരിച്ചത്. കോണ്‍ഗ്രസ് 28 സീറ്റ് നേടിയിരുന്നു. എന്നാല്‍ 21 സീറ്റ് നേടിയ ബി.ജെ.പി. നാഗാ പീപ്പീള്‍സ് പാര്‍ട്ടിയുടെയും എന്‍.പി.പി.യുടെയും എല്‍.ജെ.പി.യുടെയും പിന്തുണയോടെ മറ്റുസംസ്ഥാനങ്ങളിലെന്ന പോലെ അധികാരം പിടിക്കുകയായിരുന്നു.