ഉത്തര്‍പ്രദേശിലും ബി.ജെ.പി അസ്തമിക്കുന്നു; എസ്.പി-ബി.എസ്.പി സഖ്യത്തിലേക്ക് കോണ്‍ഗ്രസും

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ ബി.ജെ.പി പ്രതീക്ഷകള്‍ക്ക് കനത്ത തിരിച്ചടി നല്‍കി എസ്.പി-ബി.എസ്.പി സഖ്യവുമായി യോജിച്ച് പ്രവര്‍ത്തിക്കാന്‍ കോണ്‍ഗ്രസ് തീരുമാനം. ഔദ്യോഗികമായി സഖ്യത്തില്‍ ചേരില്ലെങ്കിലും എസ്.പി-ബി.എസ്.പി സഖ്യത്തിലെ പ്രമുഖര്‍ മത്സരിക്കുന്ന സീറ്റുകളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തില്ലെന്ന് പി.സി.സി അധ്യക്ഷന്‍ രാജ് ബബ്ബാര്‍ വ്യക്തമാക്കി.

മുലായം സിംഗ് മത്സരിക്കുന്ന മെയിന്‍പുരി, അഖിലേഷ് യാദവിന്റെ ഭാര്യ ഡിംപിള്‍ യാദവ് മത്സരിക്കുന്ന കനൗജ്, മായാവതി മത്സരിക്കുന്ന മണ്ഡലം തുടങ്ങിയ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തില്ല. 30 സീറ്റുകളില്‍ ബി.എസ്.പിയും 37 സീറ്റുകളില്‍ സമാജ്‌വാദി പാര്‍ട്ടിയും മത്സരിക്കുമെന്നാണ് എസ്.പി-ബി.എസ്.പി സഖ്യത്തില്‍ ധാരണ. സോണിയാ ഗാന്ധി മത്സരിക്കുന്ന റായ്ബറേലിയും രാഹുല്‍ ഗാന്ധി മത്സരിക്കുന്ന അമേഠിയും ഒഴിച്ചിട്ടാണ് എസ്.പിയും ബി.എസ്.പിയും സീറ്റ് ധാരണയുണ്ടാക്കിയത്.

കോണ്‍ഗ്രസും സഖ്യത്തിന്റെ ഭാഗമാണെന്നും അതുകൊണ്ടാണ് റായ്ബറേലിയിലും അമേഠിയിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്താത്തതെന്നും അഖിലേഷ് യാദവ് പറഞ്ഞിരുന്നു. ഔദ്യോഗികമായി സഖ്യത്തിനില്ലെങ്കിലും നേരിട്ട് ഏറ്റുമുട്ടുന്നത് ഒഴിവാക്കുക എന്ന നയമാണ് കോണ്‍ഗ്രസും എസ്.പി-ബി.എസ്.പി കക്ഷികളും സ്വീകരിക്കുന്ന നയം. ബി.ജെ.പി ഏറ്റവും കൂടുതല്‍ സീറ്റുകള്‍ ലക്ഷ്യം വെക്കുന്ന യു.പിയില്‍ എസ്.പി-ബി.എസ്.പി സഖ്യം വന്നതോടെ തന്നെ അവരുടെ പ്രതീക്ഷകള്‍ മങ്ങിയിരുന്നു. കോണ്‍ഗ്രസുമായി അനൗദ്യോഗിക ധാരണ കൂടി വരുന്നതോടെ ഉത്തര്‍പ്രദേശില്‍ ബി.ജെ.പി പ്രതീക്ഷകള്‍ പൂര്‍ണമായും അസ്തമിക്കുകയാണ്.

SHARE