ട്രംപിന്റെ അത്താഴ വിരുന്ന്; കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുക്കില്ല

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനുവേണ്ടി രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒരുക്കുന്ന അത്താഴ വിരുന്നില്‍ പങ്കെടുക്കില്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് ഗുലാംനബി ആസാദ്, ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി എന്നിവര്‍ ക്ഷണം നിരസിച്ചു.

കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് സോണിയാഗാന്ധിയെ അത്താഴ വിരുന്നിന് ക്ഷണിക്കാത്ത സാഹചര്യത്തിലാണ് ഗുലാം നബി ആസാദ് ക്ഷണം നിരസിച്ചത്. ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് അധീര്‍ രഞ്ജന്‍ ചൗധരിയും സോണിയയെ ക്ഷണിക്കാത്തകാര്യം ചൂണ്ടിക്കാട്ടി രാഷ്ട്രപതിയുടെ ക്ഷണം നിരസിച്ചിരുന്നു.അത്താഴവിരുന്നില്‍ പങ്കെടുക്കുമെന്ന് നേരത്തെ അധികൃതരെ അറിയിച്ച മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് പിന്നീട് നിലപാട് മാറ്റി. വിരുന്നിന് എത്താന്‍ കഴിയില്ലെന്ന് അദ്ദേഹം രാഷ്ട്രപതി ഭവന്‍ വൃത്തങ്ങളെ അറിയിച്ചു. എന്നാല്‍ സോണിയ ഗാന്ധിയെ ക്ഷണിക്കാതിരുന്നത് കോണ്‍ഗ്രസ് പാര്‍ട്ടിയെ അപമാനിക്കുന്നതിന് തുല്യമാണെന്നാണ് ഉയരുന്ന വിമര്‍ശനം.