ജെ.ഡി.യു രാഷ്ട്രീയ മര്യാദ കാട്ടിയില്ല; മുന്നണി മാറ്റം വഞ്ചന : കോണ്‍ഗ്രസ് നേതാക്കള്‍

തിരുവനന്തപുരം: യു.ഡി.എഫ് വിട്ട് ഇടതുമുന്നണിയില്‍ ചേരാനുള്ള ജെ.ഡി.യു വിന്റെ തീരുമാനത്തിനെതിരെ കോണ്‍ഗ്രസ്സ് നേതൃത്വം. യു.ഡി.എഫ് വിട്ടതായുള്ള ജനതാദള്‍ യുവിന്റെ ഔദ്യോഗിക പ്രഖ്യാപനം വന്നതിനു പിന്നാലെയാണ് വിമര്‍ശനവുമായി കോണ്‍ഗ്രസ്സ് നേതാക്കള്‍ രംഗത്തെത്തിയിരിക്കുന്നത്.

എല്‍.ഡി.എഫില്‍ നിന്നും പുറത്താക്കിയ ജനതാദള്‍ യുവിന് അഭയം നല്‍കിയതിനുള്ള ശിക്ഷയാണിത്. രാഷ്ട്രീയ മര്യാദ പോലും കാട്ടിയില്ല. കുറഞ്ഞപക്ഷം മുന്നണിമാറ്റത്തെ പറ്റി ഫോണ്‍ ചെയ്ത് അറിയിക്കാനുള്ള മാന്യതപോലും ജെ.ഡി.യുവില്‍ നിന്നുണ്ടായില്ല. ടെലിവിഷനിലൂടെയാണ് മുന്നണി മാറ്റത്തെപറ്റി അറിയുന്നത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.

അതേസമയം തികഞ്ഞ രാഷ്ട്രീയ വഞ്ചനയാണ് ജെ.ഡി.യു വിന്റെ മുന്നണിമാറ്റമെന്നാണ് കെ.പി.സി.സി പ്രസിഡന്റ് എം.എം. ഹസ്സന്‍ അഭിപ്രായപ്പെട്ടത്. വ്യക്തമായ കാരണങ്ങളില്ലാതെയാണ് ജെ.ഡി.യു മുന്നണി മാറുന്നതെന്നും അദ്ദേഹം ആരോപിച്ചു.

ജെ.ഡി.യു പാര്‍ട്ടി സംസ്ഥാന ഘടകം ചെയര്‍മാന്‍ എം.പി വീരേന്ദ്രകുമാര്‍ വാര്‍ത്താസമ്മേളനം നടത്തിയാണ് ജെ.ഡി.യു ഔദ്യോഗികമായി യു.ഡി.എഫ് വിട്ടതായുള്ള തീരുമാനം അറിയിച്ചത്. പാര്‍ട്ടിയുടെ പൊതുവികാരം മാനിച്ചാണ് ഇപ്പോള്‍ ഈ തീരുമാനമെന്നും ഭാവിയില്‍ എല്‍.ഡി.എഫുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനാണ് തീരുപാര്‍ട്ടിയുടെ ലക്ഷ്യമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളത്തില്‍ പറഞ്ഞു. യു.ഡി.എഫിനോട് നന്ദികേട് കാണിച്ചിട്ടില്ല. ഇത്രയും നാള്‍ രാഷ്ട്രീയ പിന്തുണ നല്‍കിയതിന് നന്ദി. മാത്രമല്ല പാര്‍ട്ടിയുമായി സഹകരിച്ച് പ്രവര്‍ത്തിച്ചതുകൊണ്ട് കോണ്‍ഗ്രസ്സിന് പുരോഗതി മാത്രമേ ഉണ്ടായിട്ടുള്ളൂ. പുതിയ തീരുമാനങ്ങള്‍ പാര്‍ട്ടി അംഗങ്ങള്‍ ഐകകണ്‌ഠ്യേന എടുത്തതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.