ജസ്റ്റിസ് കമാല്‍ പാഷയുടെ വിമര്‍ശനം അതീവ ഗൗരവതരം: വി.എം.സുധീരന്‍

തിരുവനന്തപുരം: രാഷ്ട്രീയനീതിന്യായ രംഗങ്ങളിലെ ദുഷ്പ്രവണതകള്‍ക്കെതിരെയുള്ള ജസ്റ്റിസ് കമാല്‍ പാഷയുടെ തുറന്ന വിമര്‍ശനങ്ങള്‍ അതീവഗൗരവത്തോടെ കാണണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍ പറഞ്ഞു. ജുഡീഷ്യറിയുടെ വിശ്വാസ്യതക്ക് മങ്ങലേല്‍പ്പിക്കുന്ന അനഭലഷണീയമായ പ്രവണതകള്‍ സുപ്രീം കോടതിയില്‍ മാത്രമല്ല കേരള ഹൈക്കോടതിയിലും നിലനില്‍ക്കുന്നു എന്നുള്ളത് ആശങ്കാജനകമാണ്.

സംസ്ഥാന സര്‍ക്കാര്‍ തോറ്റുകൊടുത്ത ഹാരിസണ്‍ കേസിലും ഹൈക്കോടതിവിധി ഒരുപാട് ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. ജനങ്ങളുടെ അവസാനത്തെ അഭയകേന്ദ്രം എന്ന് വിശേഷിക്കപ്പെടുന്ന ജുഡീഷ്യറിയിലും പാകപ്പിഴകളുണ്ടായാല്‍ ജനാധിപത്യ സംവിധാനത്തില്‍ തന്നെ ജനങ്ങള്‍ക്കുള്ള വിശ്വാസത്തിനാണ് ക്ഷതമേല്‍ക്കുന്നത്. ജുഡീഷ്യറിയെ തിരുത്താന്‍ ജുഡീഷ്യറിയില്‍ നിന്നു തന്നെ ശക്തവും ഫലപ്രദവുമായ ശ്രമങ്ങള്‍ ഉയര്‍ന്നുവരട്ടെ എന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.