പിണറായി വിജയന് മീശമാധവന്‍ സിനിമയില്‍ പിള്ളേച്ചനു കാണിച്ച കണി കാണിക്കാന്‍ സമയമായി : ഉണ്ണിത്താന്‍

പയ്യന്നൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ രംഗത്ത്. കേരളത്തിലെ ജനങ്ങളെ ദുരിതത്തിലേക്ക് തള്ളിവിടുന്ന പിണറായി വിജയന് ‘മീശമാധവന്‍’ സിനിമയില്‍ പിള്ളേച്ചനു കാണിച്ച ‘കണി’ കാണിക്കാന്‍ സമയമായെന്നാണ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പരിഹസിച്ചത്.

കേരളത്തിലെ ജനങ്ങളെ എല്ലാ തലത്തിലും ദുരിതത്തിലേക്ക് തള്ളിവിടുന്ന പിണറായി വിജയന് ‘മീശമാധവന്‍’ സിനിമയില്‍ ജഗതി ശ്രീകുമാറിന്റെ കഥാപാത്രമായ പിള്ളേച്ചന് കാണിക്കുന്ന ‘കണി’ കാണിക്കാന്‍ സമയമായി.’ കേരളം കണ്ട കോര്‍പ്പറേറ്റ് കമ്മ്യൂണിസ്റ്റ് കാരനാണ് പിണറായി വിജയന്‍.മുതലാളിമാര്‍ക്ക് വേണ്ടിയാണ് വിജയന്റെ ഭരണം. പാവപ്പെട്ടവന്റെ ദുരിതം മനസ്സിലാക്കാന്‍ കഴിയാത്ത സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്. വിശപ്പടക്കാന്‍ ഒരുപിടി അരിമോഷ്ടിച്ചവനെ കള്ളനെന്നു പറഞ്ഞ് അടിച്ചു കൊല്ലുന്നു. എന്നാല്‍ അറബിയുടെ പതിമൂന്നു കോടി രൂപ തട്ടിച്ചുവന്ന കോടിയേരിയുടെ മകന്‍ കള്ളനല്ല. ഇതാണ് ഇന്ന് കേരളത്തില്‍ നടക്കുന്നത്, ഉണ്ണിത്താന്‍ പറഞ്ഞു.

മോദിയുടെ ഫാസിസ്റ്റ് ഭരണം അവസാനിപ്പിക്കാന്‍ എല്ലാ ജനാധിപത്യ മതേതര പാര്‍ട്ടികളെയും ഒരു കുടക്കീഴില്‍ കൊണ്ടുവരാനാണ് കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും ശ്രമിക്കുന്നതെന്നു പറഞ്ഞ ഉണ്ണിത്താന്‍ സിപി.ഐ.എം കരുതുന്നത് മോദിയെ തങ്ങള്‍ക്ക് ഒറ്റയ്ക്ക് പരാജയപ്പെടുത്താമെന്നാണെന്നും വിമര്‍ശിച്ചു.

കണ്ണൂര്‍ പയ്യന്നൂരില്‍ കെ.പി.സി.സി അധ്യക്ഷന്‍ എം.എം ഹസന്‍ നയിക്കുന്ന ജനമോചന യാത്രയ്ക്ക് നല്‍കിയ സ്വീകരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു ഉണ്ണിത്താന്‍.