ചലഞ്ചില്‍ കുരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി; “ഡിഗ്രി ഫിറ്റ് ഹെ” ചലഞ്ചുമായി സഞ്ജയ് ഝാ

ന്യൂഡല്‍ഹി: വിവിധ പ്രശ്‌നങ്ങളില്‍ രാജ്യം ഉഴറുമ്പോള്‍ ക്രിക്കറ്റ് താരം വിരാട് കോഹ്ലിയുടെ ഫിറ്റ്നസ് ചലഞ്ച് പ്രധാനമന്ത്രി ഏറ്റെടുത്ത സാഹചര്യത്തില്‍ പ്രതിപക്ഷ പാര്‍്ട്ടി നേതാക്കള്‍ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ കുരുങ്ങി നരേന്ദ്രമോദി.

പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഫ്യൂവല്‍ ചലഞ്ചിന് വെല്ലുവിളിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്തെത്തിയതിന് പിന്നാലെ ഡിഗ്രി ഫിറ്റ് ഹെ ചലഞ്ചുമായി കോണ്‍ഗ്രസ് ദേശീയ വക്താവ് സഞ്ജയ് ഝായ രംഗത്തെത്തിയതാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

നരേന്ദ്രമോദിയെ വെല്ലുവിളിച്ച് ട്വിറ്ററില്‍ തന്റെ ബി.എ, എം.എ, എം.ബി.എ സര്‍ട്ടിഫിക്കറ്റുകള്‍ അപ്ലോഡ് ചെയ്താണ് പ്രധാനമന്ത്രിയെ ചലഞ്ചിന് വിളിച്ചത്. നേരത്തെ ഉയര്‍ന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഡല്‍ഹി യൂണിവേഴ്‌സിറ്റി സര്‍ട്ടിഫിക്കറ്റ് വിവാദം നിലനില്‍ക്കെയാണ് ട്വിറ്ററിനെ ചിരിയുണര്‍ത്തിയ സഞ്ജയ് ഝായുടെ പുതിയ ചലഞ്ച്. വിരാട് കോലിയുടെ ഫിറ്റ്നസ് ചാലഞ്ചിനെ പ്രധാനമന്ത്രി ഏറ്റെടുത്തത് പോലെ ഈ ചലഞ്ചും നരേന്ദ്ര മോദി ഏറ്റെടുക്കുമെന്ന വലിയ പ്രതീക്ഷയിലാണ് താനുള്ളതെന്നും സഞ്ജയ് ഝാ ട്വീറ്റ് ചെയ്തു.

രണ്ട് ദിവസം മുന്നെയായിരുന്നു തന്റെ ഫിറ്റ്നസ് വീഡിയോ പുറത്ത് വിട്ട് വിരാട് കോലി നരേന്ദ്ര മോദിയെ ഫിറ്റ്നസ് ചാലഞ്ചിന് ക്ഷണിച്ചിരുന്നത്. തുടര്‍ന്ന് ഇന്ധനവില കുറക്കാന്‍ തയ്യാറാണോ എന്ന വെല്ലുവിളിയുയര്‍ത്തി ഉയര്‍ത്തി ഇന്നലെ രാഹുല്‍ രംഗത്തെത്തിയതും പ്രധാനമന്ത്രിയെ പ്രതിരോധത്തിലാക്കിയിരുന്നു..

‘കോഹ്ലിയുടെ ചലഞ്ച് ഏറ്റെടുത്തത് ശ്രദ്ധയില്‍പെട്ടു. ഇവിടെ ഞാനൊരു ചലഞ്ച് മുന്നോട്ട് വെക്കുകയാണ്. ഇന്ധനവില കുറക്കാന്‍ താങ്കള്‍ക്ക് കഴിയുമോ? ഇല്ലെങ്കില്‍ രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കും. വില കുറക്കാന്‍ നിങ്ങള്‍ നിര്‍ബന്ധിതരാവുകയും ചെയ്യും. ഇത് ഫ്യുവല്‍ ചലഞ്ചാണെന്നും മറുപടിക്കായി കാത്തിരിക്കുമെന്നും’ രാഹുല്‍ പറഞ്ഞു. കോഹ്ലിയുടെ ഫിറ്റ്നസ് ചലഞ്ച് ഏറ്റടുത്തത് പോലെ ഫ്യൂവല്‍ ചലഞ്ച് ഏറ്റടുക്കുമോയെന്നും രാഹുല്‍ഗാന്ധി മോദിയോട് ചോദിച്ചു.

നേരത്തെ, ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവും മോദിയെ വെല്ലുവിളിച്ച് രംഗത്തെത്തിയിരുന്നു. ‘നിങ്ങള്‍ ഫിറ്റ്നസ് ചലഞ്ച് ഏറ്റെടുത്തത് കൊണ്ട് ഞങ്ങള്‍ക്ക് ഒരു നേട്ടവുമില്ല. യുവാക്കള്‍ക്ക് ജോലി കൊടുക്കുമെന്ന ചലഞ്ച് ഏറ്റെടുക്കാന്‍ താങ്കള്‍ തയ്യാറുണ്ടോ? കര്‍ഷകരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാന്‍ കഴിയുമോ? ദളിതര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും എതിരായ അതിക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ കഴിയുമോ?’ തന്റെ ചലഞ്ച് ഏറ്റെടുക്കാന്‍ മോദിയെ വെല്ലുവിളിച്ചുകൊണ്ടാണ് തേജസ്വി യാദവിന്റെ ട്വീറ്റ്.

‘ഹം ഫിറ്റ് തോ ഇന്ത്യാ ഫിറ്റ്’ എന്ന ക്യാമ്പയിന്റെ ഭാഗമായി കേന്ദ്രമന്ത്രി രാജ്യവര്‍ധന്‍ സിങ് റാത്തോര്‍ ആണ് ഫിറ്റ്നസ് ചലഞ്ചിന് തുടക്കമിട്ടത്. താന്‍ വ്യായാമം ചെയ്യുന്ന വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത അദ്ദേഹം ഇത്തരത്തില്‍ വീഡിയോ പോസ്റ്റ് ചെയ്യാന്‍ വിരാട് കോഹ്ലി, സൈന നെഹ്വാള്‍, ഋതിക് റോഷന്‍ എന്നിവരെ ചലഞ്ച് ചെയ്യുകയായിരുന്നു. ഇത് സ്വീകരിച്ച് വീഡിയോ പോസ്റ്റ് ചെയ്ത കോഹ്ലി പ്രധാനമന്ത്രി നരേന്ദ്ര മോദി, ക്രിക്കറ്റ് താരം എം.എസ്. ധോണി, അനുഷ്‌ക ശര്‍മ എന്നിവരെ ചലഞ്ച് ചെയ്തിരുന്നു.

ഇതിന് മറുപടിയായാണ് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തത്. കോഹ്ലിയുടെ ചലഞ്ച് സ്വീകരിക്കുന്നുവെന്നും തന്റെ വീഡിയോ ഉടന്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുമെന്നും മോദി ട്വീറ്റ് ചെയ്തു.