നാഗ്പുര്‍: സവര്‍ക്കര്‍ക്ക് ഭാരത രത്നം നല്‍കുമെന്നുള്ള മഹാരാഷ്ട്രയിലെ എന്‍ഡിഎ പ്രകടനപത്രികയിലെ വാഗ്ദാനത്തെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി. രാജ്യത്തിന്റെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരത രത്നം സവര്‍ക്കര്‍ക്കല്ല നല്‍കേണ്ടത്, മറിച്ച് നാഥുറാം ഗോഡ്സെക്ക് നല്‍കാന്‍ ബിജെപി തയ്യാറാകണമെന്നും തിവാരി പറഞ്ഞു. മഹാത്മാ ഗാന്ധിയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ കുറ്റം മാത്രമേ സവര്‍ക്കറുടെ പേരിലുള്ളൂ. ഗോഡ്സെ ഗാന്ധിജിയെ കൊലപ്പെടുത്തി. അത് കൊണ്ട് ഗാന്ധിജിയുടെ 150-ാം ജന്മദിനമാഘോഷിക്കുന്ന ഈ അവസരത്തില്‍ ഗോഡ്സെക്കാണ് ഭാരത രത്നം നല്‍കേണ്ടതെന്നും തിവാരി നാഗ്പൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ പറഞ്ഞു. സവര്‍ക്കര്‍ക്ക് ഭാരത രത്നം നല്‍കുമെന്ന് വാഗ്ദാനം ചെയ്തുള്ള ബിജെപിയുടെ പ്രകടന പത്രികക്കെതിരെ കോണ്‍ഗ്രസിന്റേതടക്കം നിരവധി നേതാക്കള്‍ രംഗത്തെത്തിയിരുന്നു. ബിജെപി വര്‍ക്കിങ് പ്രസിഡന്റ് ജെ.പി നഡ്ഡ, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് എന്നിവര്‍ ചേര്‍ന്ന് കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രകടനപത്രികയിലാണ് ഇക്കാര്യമുള്ളത്. സവര്‍ക്കറെ കൂടാതെ ജ്യോതിറാവു ഫുലെ, സാവിത്രിബായ് ഫുലെ എന്നിവരുടെ പേരുകളും ഭാരത രത്നക്കായി നിര്‍ദേശിക്കുമെന്ന് ബിജെപിയുടെ പ്രകടനപത്രികയിലുണ്ട്.